ലണ്ടൻ: ഇംഗ്ലണ്ടിലെ വെസ്റ്റ്മിൻസ്റ്ററിൽ നടന്ന പലസ്തീൻ അനുകൂല പ്രകടനത്തിനിടെ അതിക്രമം. അക്രമത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും 40 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് എറിഞ്ഞ കുപ്പികൊണ്ട് ഒരു ഉദ്യോഗസ്ഥന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാൽ പോലീസ് അന്വേഷണം നടത്തിവരികയാണെന്നും മെറ്റ് അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട നിരവധി അറസ്റ്റുകൾ നടത്തി. ഹൈവേ തടസ്സപ്പെടുത്തൽ, പബ്ലിക് ഓർഡർ ആക്റ്റ് ലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇവയെല്ലാമെന്ന് പോലീസ് പറഞ്ഞു.
പലസ്തീൻ സോളിഡാരിറ്റി കാമ്പെയ്‌നും മറ്റ് ഗ്രൂപ്പുകളും സംഘടിപ്പിച്ച പ്രതിഷേധം വൈറ്റ്ഹാളിൽ കഴിഞ്ഞ ദിവസം വൈകീട്ട് ആറിനാണ് ആരംഭിച്ചത്. 8,000 നും 10,000 നും ഇടയിൽ പ്രതിഷേധക്കാർ ഇവിടെ സംഘടിച്ചിരുന്നു. പ്രകടനത്തിന് ശേഷം ഇവരിൽ ഭൂരിഭാഗം പേരും ഒരു സംഭവവും കൂടാതെ വിട്ടുപോയി.
എന്നാൽ 500 ഓളം വരുന്ന സംഘം അവിടെ നിലയുറപ്പിക്കുകയും പ്രതിഷേധം തുടരുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. തുടർന്ന്അറസ്റ്റിനെ ചിലർ എതിർത്തത് സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് പ്രതിഷേധക്കാർ പോലീസിന് നേർക്ക് കുപ്പികളും കല്ലുകളും വലിച്ചെറിയുകയും പിന്നീട് അത് ഉന്തും തള്ളുമായി മാറുകയായിരുന്നു.
ഇസ്രായേൽ വ്യോമാക്രമണത്തിനും തീപിടിത്തത്തിനും ശേഷം 45 പലസ്തീനികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ ആവർത്തിക്കുന്നതിനാണ് അടിയന്തര മാർച്ച് സംഘടിപ്പിച്ചതെന്ന് പലസ്തീൻ സോളിഡാരിറ്റി കാമ്പയിൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: