ഹൈദരാബാദ്: ബിജെപി നേതാവ് ബി.എല്‍. സന്തോഷിനെ അറസ്റ്റ് ചെയ്യാന്‍ തെലങ്കാന മുഖ്യമന്ത്രിയായിരിക്കേ കെ. ചന്ദ്രശേഖര റാവു (കെസിആര്‍) പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. മകള്‍ കെ. കവിതയ്ക്കെതിരായ ഇഡി കേസ് ഒത്തുതീര്‍പ്പാക്കാനായി വിലപേശാന്‍ വേണ്ടിയായിരുന്നു ഈ നീക്കമെന്ന് തെലങ്കാന മുന്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ പി. രാധാകൃഷ്ണ റാവു വെളിപ്പെടുത്തി. രാധാകൃഷ്ണ റാവുവിന്റെ ആറുപേജുള്ള കുറ്റസമതത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കെസിആറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഭരണകക്ഷിക്കും വേണ്ടി പലരേയും താന്‍ ‘കൈകാര്യം’ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കുറ്റസമ്മതത്തില്‍ പറയുന്നു.
തെലങ്കാന ഫോണ്‍ ടാപ്പിങ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ രാധാകൃഷ്ണ റാവു അറസ്റ്റിലായിരുന്നു. ഹൈദരാബാദിലെ ബന്ജാര ഹില്‍സിലെ വീട്ടില്‍ നിന്നാണ് അന്വേഷണസംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്പെഷല്‍ ഇന്റലിജന്‍സ് ബ്രാഞ്ചിന്റെ മേധാവിയായിരുന്ന ടി. പ്രഭാകര റാവുവാണ് കേസിലെ ഒന്നാം പ്രതി.
സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന പല കാര്യങ്ങളും റാവു വെളിപ്പെടുത്തലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിആര്‍എസ് വിട്ട് ബിജെപിയില്‍ ചേരണമെന്നാവശ്യപ്പെട്ട് ചിലര്‍ സമീപിച്ചുവെന്ന് ഒരു എംഎല്‍എ പറഞ്ഞതായി പ്രഭാകര റാവു തന്നോട് പറഞ്ഞുവെന്ന് രാധാകൃഷ്ണ റാവു വെളിപ്പെടുത്തി. തുടര്‍ന്നാണ് നിയമവിരുദ്ധമായി ഇവരുടെ ഫോണ്‍ ടാപ്പ് ചെയ്യാന്‍ മുഖ്യമന്ത്രിയായിരുന്ന കെസിആര്‍ നിര്‍ദേശിച്ചത്.
എംഎല്‍എമാരെ റാഞ്ചാന്‍ ശ്രമിച്ചെന്ന കേസുണ്ടാക്കിയാണ് ബി.എല്‍. സന്തോഷിനെ അറസ്റ്റ് ചെയ്യാന്‍ കേസന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘം പദ്ധതിയിട്ടത്. സന്തോഷിന്റെ പേര് പ്രതിപ്പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ തെലങ്കാന ഹൈക്കോടതിയില്‍ നിന്നുള്ള സ്റ്റേ ഉത്തരവിനെ തുടര്‍ന്ന് സന്തോഷിനെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കി.
മുന്‍ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ അനുചരവൃന്ദത്തിന്റേയും ഉത്തരവ് പ്രകാരം താന്‍ പലരേയും അടിച്ചമര്ത്തിയിട്ടുണ്ടെന്നും രാധാകൃഷ്ണ റാവുവിന്റെ കുറ്റസമ്മതത്തില്‍ പറയുന്നു. ചെറിയ എതിര്‍സ്വരങ്ങളോ വിമര്‍ശനങ്ങളോ പോലും കെസിആറിനെ അസ്വസ്ഥനാക്കിയിരുന്നുവെന്നും രാധാകൃഷ്ണ റാവു പറഞ്ഞു. കോണ്‍ഗ്രസിനെ സഹായിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗൊലുവിന്റെ സ്ഥാപനത്തില്‍ റെയ്ഡ് ചെയ്തത് സംബന്ധിച്ചും രാധാകൃഷ്ണ റാവു വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: