പോര്‍ട്ട് മൊറെസ്ബി: പാപുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സഹായഹസ്തവുമായി ഭാരതം. ഒരു മില്യണ്‍ ഡോളറിന്റെ അടിയന്തര സഹായമാണ് ഭാരതം പ്രഖ്യാപിച്ചത്. തലസ്ഥാനമായ പോര്‍ട്ട് മൊറെസ്ബിയില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെ എന്‍ഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തില്‍ വെള്ളിയാഴ്ച വെളുപ്പിന് പര്‍വതത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ഉറക്കത്തിലായതിനാല്‍ ഭൂരിഭാഗം പേര്‍ക്കും രക്ഷപ്പെടാന്‍ ആയില്ല. രണ്ടായിരത്തോളം പേരെങ്കിലും മരിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഖം രേഖപ്പെടുത്തുകയും പസഫിക് ദ്വീപ് രാജ്യത്തിന് സാധ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു.
2018ലെ ഭൂകമ്പത്തിലും 2019ലും 2023ലും അഗ്നിപര്‍വത സ്ഫോടനങ്ങളുണ്ടായ സമയങ്ങളിലും ഭാരതം പാപുവ ന്യൂ ഗിനിയയ്ക്കൊപ്പം ഉറച്ചുനിന്നു. മാനുഷിക സഹായത്തിനും ദുരന്ത നിവാരണത്തിനും ഭാരതം പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: