കിന്നൗര്‍(ഹിമാചല്‍): മതാടിസ്ഥാനത്തില്‍ സംവരണത്തിന് വാദിക്കുന്നവരെ മതേതരരെന്ന് വിളിക്കുന്ന വിഡ്ഢിത്തമാണ് ചിലര്‍ പുലര്‍ത്തുന്നതെന്ന് ബിജെപി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ. ബിജെപി അധികാരത്തില്‍ തുടരുന്ന കാലത്തോളം മതസംവരണം അനുവദിക്കില്ലെന്ന് ഹിമാചലിലെ കിന്നൗറില്‍ ബിജെപി റാലിയില്‍ നദ്ദ പറഞ്ഞു.
ഏറ്റവും കടുത്ത വര്‍ഗീയ പ്രചാരണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്. അവരാണ് മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കുമെന്ന് ആവര്‍ത്തിച്ചു പറയുന്നത്. എന്നാല്‍ ഇത്തരക്കാരെ മതേതരരായി വ്യാഖ്യാനിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. മതേരതരരാവണമെങ്കില് സനാതനധര്‍മ്മത്തെ നശിപ്പിക്കണം എന്ന് പ്രസംഗിക്കണം. മതേതരരാവണമെങ്കില്‍ രാമക്ഷേത്രനിര്‍മ്മാണത്തെ അപഹസിക്കണം. മതേതരരാവണമെങ്കില്‍ ദ്വാരകയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യണം. ഭാരതമാതാവ് എന്ന പവിത്രമായ ഭാവന പോലും മതേതരവിരുദ്ധമാണെന്ന് വ്യാഖ്യാനിച്ചവരാണ് കോണ്‍ഗ്രസും അവരുടെ പ്രചാരകരുമെന്ന് നദ്ദ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന് പാവപ്പെട്ടവന്റെ ജീവിതത്തെക്കുറിച്ച് ചിന്തയില്ല. അടുക്കളയിലെ അമ്മമാരുടെ പ്രയാസത്തെക്കുറിച്ച് അറിയില്ല. പെണ്‍കുട്ടികളുടെ സുരക്ഷിതജീവിതത്തെക്കുറിച്ച്, ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച്, വിദ്യാഭ്യാസത്തെക്കുറിച്ച് ആലോചനയില്ല. പ്രചാരണത്തിലുടനീളം അവര്‍ ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും മാത്രമാണ് സംസാരിച്ചത്. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും കാര്യത്തില്‍ മാത്രമല്ല രാജ്യത്തിനാകെ അഭിമാനമായ സൈന്യത്തില്‍ പോലും അവര്‍ മതം നോക്കി അഭിപ്രായങ്ങള്‍ പറയുന്നു. മതപ്രീണനത്തിലൂടെ ലഭിക്കുന്ന വോട്ടുകള്‍ മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: