തിരുവനന്തപുരം: സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പോലും പരിഹാരം കാണാതെ സംസ്ഥാന സര്‍ക്കാര്‍. പാലും മുട്ടയും പദ്ധതിക്ക് പ്രത്യേക ഫണ്ടില്ല. കെ ഫോണില്‍ ഇന്റര്‍നെറ്റില്ല. സ്കൂളുകളിലെ അറ്റകുറ്റപ്പണികള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ പണം പോലും നല്‍കിയിട്ടില്ല. എന്നിട്ടും സര്‍ക്കാര്‍ നല്‍കുന്നത് പ്രവേശനോത്സവത്തിന് നടപ്പാക്കേണ്ട ഒരുകൂട്ടം നിര്‍ദേശങ്ങളും.
പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെ ആഴ്ചയില്‍ രണ്ടുദിവസം 150 മില്ലീലിറ്റര്‍ വീതം പാലും ഒരുദിവസം മുട്ടയും നല്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചാണ് നടപ്പാക്കിയത്. ആഴ്ചയില്‍ ഒരുകുട്ടിക്ക് 23 രൂപ ചെലവുവരും. പദ്ധതി സംസ്ഥാനത്തിന്റേതാണെങ്കിലും ബജറ്റില്‍പോലും ഇതിന് പ്രത്യേകം ഫണ്ടില്ല. പണം ഉച്ചഭക്ഷണഫണ്ടില് നിന്നും ചെലവാക്കണം. 500 കുട്ടികളുള്ള സ്കൂളില്‍ ഒരു കുട്ടിക്ക് 8 രൂപയാണ് ഉച്ചഭക്ഷണത്തിന് നല്‍കുന്നത്. ആഴ്ചയില്‍ 40 രൂപ. അതില്‍ 60 ശതമാനം കേന്ദ്രവിഹിതമാണ്, 40 ശതമാനം സംസ്ഥാനവിഹിതവും.
ഉച്ചഭക്ഷണത്തിനുള്ള അരി നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. പാലും മുട്ടയും നല്‍കിയതില്‍ ശേഷിക്കുന്നത് 17രൂപയാണ്. അതായത് ഒരു കുട്ടിക്ക് മൂന്നു രൂപ 40 പൈസയാണ് ദിനം പ്രതി ഉച്ചയൂണിനുള്ളത്. ഈ തുകയ്ക്ക് മൂന്നു തൊടു കറികളും ഒഴിച്ചുകറിയും ഉള്‍പ്പെടെ നല്‍കണം. അച്ചാറിനെ തൊടുകറിയായും രസത്തിനെ ഒഴിച്ചുകറിയായും പരിഗണിച്ചിട്ടുമില്ല. 2016 ല്‍ സംസ്ഥാനം നിശ്ചയിച്ച തുകയാണ് എട്ടു രൂപ. 500ല്‍ താഴെയാണ് കുട്ടികളെങ്കില്‍ അതിലും കുറയും. കേന്ദ്രം കഴിഞ്ഞ ഒക്ടോബറില്‍ തുക വര്‍ധിപ്പിച്ചു. എന്നാല്‍ ആ തുക സംസ്ഥാനം സ്കൂളുകള്‍ക്ക് നല്‍കിയിട്ടില്ല. ഒരുകുട്ടിക്ക് 17 പൈസ നിരക്കില്‍ സംസ്ഥാനം കമ്മീഷന് പറ്റുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: