തൊടുപുഴ: എറണാകുളം നഗരത്തെ വെള്ളത്തില്‍ മുക്കിയത് മേഘവിസ്ഫോടനമെന്ന് വിദഗ്ധര്‍. കളമശ്ശേരിയില്‍ ഒരു മണിക്കൂറിടെ 10.3 സെ.മീ. മഴ ലഭിച്ചു. കുസാറ്റിന്റെ മെയിന്‍ കാമ്പസിലെ ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷനിലാണ് ആദ്യമായി മേഘവിസ്ഫോടനം രേഖപ്പെടുത്തിയത്.
ഇക്കാര്യം റഡാര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.എസ്. അഭിലാഷ് സ്ഥിരീകരിച്ചു, ഡേറ്റ പുറത്ത് വിട്ടു. രാവിലെ 9.05നും 10.05നും ഇടയിലാണ് 10.3 സെ.മീ. മഴ ലഭിച്ചത്. 2.5 മണിക്കൂറിനിടെ മേഖലയില്‍ 15 സെ.മീ മഴയും ലഭിച്ചു. ഒരു മണിക്കൂറില്‍ 10 സെ.മീ. മഴ ലഭിക്കുന്നതാണ് മേഘവിസ്ഫോടനം.
ഇതുവരെ ഇത് സംബന്ധിച്ച ഔദ്യോഗിക രേഖകള്‍ തങ്ങളുടെ പക്കല്‍ ഇല്ലായിരുന്നെന്നും ആദ്യമായാണ് ഇത്തരത്തില്‍ വലിയ മഴ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഡോ. എസ്. അഭിലാഷ് പറഞ്ഞു.
രാവിലെ മുതല്‍ റഡാര്‍ ദൃശ്യങ്ങളിലും സാറ്റ്ലൈറ്റ് ഡേറ്റയിലും മഴയുടെ സാന്നിധ്യം വ്യക്തമായിരുന്നു. കൊച്ചി മേഖലയില്‍ 14 കി.മീ. വരെ ഉയരമുള്ള കൂമ്പാര മേഘങ്ങള്‍ രൂപപ്പെട്ടിരുന്നു. ദുര്‍ബലമായ റിമാല്‍ ചുഴലിക്കാറ്റും പസഫിക്കിലുള്ള മറ്റൊരു ചുഴലിക്കാറ്റുമാണ് മഴയ്ക്ക് അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ നേരത്തെ എത്താനും ഇത് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അറബിക്കടലിന്റെ മധ്യഭാഗത്തെ മേഘക്കൂട്ടങ്ങള്‍ പടിഞ്ഞാറന്‍ കാറ്റ് അനുകൂലമായതോടെ കരയിലേക്ക് വലിയ തോതില്‍ എത്തി. ഇത് തണുത്തുറഞ്ഞ് ഒരു മണിക്കൂര്‍ നീണ്ട കനത്ത മഴയായി പെയ്തു. ഇതാണ് കൊച്ചിയിലടക്കം വലിയ മഴ ലഭിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മെയ് 22ന് ആലപ്പുഴ ചേര്‍ത്തല തൈക്കാട്ടുശ്ശേരയില് ഒരു മണിക്കൂറിനിടെ 10 സെ.മീറ്ററോളം മഴ ലഭിച്ചിരുന്നു. വൈകിട്ട് 5 മുതല്‍ ആറ് വരെയാണ് ഇത്രയും മഴ അവിടെ ലഭിച്ചത്. ഇതിനൊപ്പം തീരദേശത്ത് പലയിടങ്ങളിലും അന്ന് ലഘു മേഘ വിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ പലയിടത്തും ഇന്നലെ ലഘു മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു മണിക്കൂറില്‍ 5 മുതല്‍ 10 സെ.മീ. ലഭിക്കുന്നതാണ് ലഘു മേഘവിസ്ഫോടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: