ന്യൂദല്‍ഹി: അമിക്കസ്ക്യൂറിയായി പ്രവര്‍ത്തിച്ചതിന് ഓണറേറിയം സ്വീകരിക്കാന്‍ വിസമ്മതിച്ച് മുതിര്‍ന്ന അഭിഭാഷകന്. ഈ തുക അഭിഭാഷകന്റെ സീനിയറിന്റെ പേരിലുള്ള ഫൗണ്ടേഷന് കക്ഷികള്‍ സംഭാവനയായി കൈമാറി.
മുതിര്‍ന്ന അഭിഭാഷകന് ആര്. ബസന്ത് ആണ് അമിക്കസ്ക്യൂറിയായി പ്രവര്‍ത്തിച്ചതിനുള്ള ഫീസ് സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ഇതേ തുടര്‍ന്ന് കേസിലെ കക്ഷികള്‍ ആര്. ബസന്തിന്റെ സീനിയര്‍ ആയിരുന്ന അഭിഭാഷകന് കെ. ഭാസ്കരന് നായരുടെ പേരിലുള്ള ഫൗണ്ടേഷന് 45 ലക്ഷം രൂപ സംഭാവനയായി നല്കി.
രണ്ട് കമ്പനികളുടെ നിയന്ത്രണവും ഓഹരിയുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് 2010ല്‍ സുപ്രീംകോടതിയിലെത്തിയത്. തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ജസ്റ്റിസ്കുര്യന്‍ ജോസഫും ജസ്റ്റിസ് ആര്. ഭാനുമതിയും അടങ്ങിയ ബെഞ്ച് നിര്‍ദേശിക്കുകയും ആര്. ബസന്തിനെ മധ്യസ്ഥനായി നിയമിക്കുകയുമായിരുന്നു. ചര്‍ച്ചയെതുടര്‍ന്ന് 2017ല്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല തയാറായി. അന്ന് കക്ഷികള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയ ആര്. ബസന്തിന് ഫീസ് നല്കാന് തയാറായിരുന്നു. എന്നാല്‍ ആ തുക സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. തുടര്‍ന്ന് ബസന്തിന് കൈമാറാന്‍ നിശ്ചയിച്ചിരുന്ന 20 ലക്ഷം രൂപ കക്ഷികള്‍ ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ ആശുപത്രിക്ക് കൈമാറി. ബസന്തിന്റെ ജൂനിയര്‍ ആയി പ്രവര്‍ത്തിച്ച അഭിഭാഷകന് എ. കാര്‍ത്തിക്കും മധ്യസ്ഥ ചര്‍ച്ചകള്‍ക്കുള്ള ഫീസ് വാങ്ങിയിരുന്നില്ല.
2017ല്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല പൂര്‍ണ്ണമായും നടപ്പാക്കാത്തതിനെ തുടര്‍ന്ന് തര്‍ക്കം വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിലെത്തി. ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ച് ആര്. ബസന്തിനെ കേസിലെ അമിക്കസ്ക്യൂറിയായി നിയമിച്ചു. തുടര്‍ന്ന് ബസന്ത് നേതൃത്വം നല്കി നടത്തിയ ചര്‍ച്ചകളില്‍ തര്‍ക്കത്തിന് പരിഹാരമായി. എന്നാല്‍ അദ്ദേഹം ഓണറേറിയം സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഡ്വ. കെ. ഭാസ്കരന് നായര്‍ ഫൗണ്ടേഷന് കക്ഷികള്‍ 45 ലക്ഷം രൂപ സംഭാവനയായി നല്‍കിയത്. കെ. ഭാസ്കരന് നായരുടെ ജൂനിയര്‍ ആയാണ് ആര്. ബസന്ത് അഭിഭാഷകവൃത്തി ആരംഭിച്ചത്. ദീര്‍ഘകാലം കേരള ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു ആര്. ബസന്ത്. ആര്. ബസന്തിന്റെയും അദ്ദേഹത്തെ സഹായിച്ച എ. കാര്‍ത്തിക്, അക്ഷയ് സഹായ് എന്നിവരുടെയും സേവനത്തെ ജസ്റ്റിസ് ജെ.കെ. മഹേശ്വരിയും ജസ്റ്റിസ് സഞ്ജയ് കരോളും അടങ്ങിയ ബെഞ്ച് പ്രശംസിച്ചു. അവര്‍ നല്കിയ സേവനത്തെ അംഗീകരിക്കുന്നതായും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: