തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗം പൂര്‍ത്തിയാക്കും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക വിനിയോഗിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
ഭരണനിര്‍വഹണം മികവുറ്റതാക്കി ക്ഷേത്രങ്ങളുടെ വരുമാനം വര്‍ധിപ്പിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണന് നിര്‍ദേശിച്ചു. വിവിധ ദേവസ്വങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കോടതിയിലെ കേസുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കും
ക്ഷേത്ര പരിസരങ്ങള്‍, കാവുകള്‍ , കുളങ്ങള്‍ എന്നിവ ശുചിയാക്കി ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്ന ‘ദേവാങ്കണം ചാരു ഹരിതം ‘ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കും. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനകം ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദ്ദേശം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് പ്രഫസര്‍ വി കെ വിജയന്, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം കെ സുദര്ശനന്, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര് മുരളി എന്നിവരും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്മാന് അഡ്വ. കെ ബി മോഹന്‍ദാസ്, കൂടല്‍ മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വ . സി കെ ഗോപി, ഗുരുവായൂര്‍ ദേവസ്വം കമീഷണര്‍ ബിജു പ്രഭാകര്‍, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: