ജമ്മു കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഗാസിപൂരിലെ കുടുംബക്ഷേത്രത്തില്‍ സന്ദര്ശനത്തിനെത്തിയതില് രാഷ്ട്രീയം ചികയുകയാണ് മോദി വിരുദ്ധ മാധ്യമങ്ങള്‍.
2022ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും മനോജ് സിന്‍ഹ അമ്പലത്തില്‍ തൊഴാനെത്തിയിരുന്നുവെന്നും വരുന്ന വരവില്‍ നാട്ടുകാരോട് ബിജെപിക്ക് വേണ്ടി വോട്ട് തേടിയിരുന്നുവെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ഇത്തരം ചര്‍ച്ചകളിലൊന്നും ഒട്ടും ശ്രദ്ധയില്ലാത്തയാളാണ് ഗാസിപ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പരസ്നാഥ് റായി. പ്രകൃതത്തില്‍ രാഷ്ട്രീയമേ കടന്നുകൂടിയിട്ടില്ലാത്ത ഒരാള്‍. നാട്ടിന്പുറത്തുകാരന് പള്ളിക്കൂടമാഷ്. സ്കൂള്‍ ക്ലാസില്‍ കുട്ടികളെ ഹിന്ദി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് 2024ലെ മോദി ടീമിലേക്ക് തന്റെ പേരും ഉണ്ടെന്ന് പരസ്നാഥ് അറിയുന്നത് തന്നെ. രാഷ്ട്രീയത്തിന്റെ ഒരു ചര്‍ച്ചയിലും മുമ്പൊരിക്കലും ഇടം പിടിക്കാതിരുന്ന പരസ്നാഥിന് ഈ തീരുമാനം അപ്രതീക്ഷിതമായിരുന്നു.
മൂന്ന് തവണ ഗാസിപൂരിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലേക്ക് പോയത് മനോജ് സിന്‍ഹയാണ്. ആ വിജയങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച് ഗാസിപൂരില്‍ നിറഞ്ഞുനിന്നതാണ് പരസ്നാഥിന്റെ രാഷ്ട്രീയ പരിചയം. മണ്ഡലത്തിലെ ഓരോ വീട്ടിലും പരസ്നാഥിനെ അറിയാം. ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന നിലയില്‍ എല്ലാ മേഖലയിലും നിറഞ്ഞ സാന്നിധ്യം. സൗമ്യമായ പെരുമാറ്റം. ആരിലും ആദരവുണര്‍ത്തുന്ന പ്രകൃതം. പരസ്നാഥിലേക്ക് ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വം വെറുതെ വന്നതല്ലെന്ന് എതിരാളികള്‍ക്ക് നന്നായി അറിയാം.
മനോജ് സിന്‍ഹയെ കടുത്ത ജാതിക്കളികളിലൂടെ വീഴ്ത്തിയാണ് 2019ല്‍ ബിഎസ്പിയുടെ അഫ്സല് അന്‍സാരി വിജയിച്ചത്. അന്‍സാരി കരുത്തനാണെന്നും പഴയ കുതന്ത്രങ്ങള്‍ അപ്പടി ഇപ്പോഴുമുണ്ടാകുമെന്ന തികഞ്ഞ ബോധ്യത്തിലാണ് ബിജെപി നേതൃത്വത്തിന്റെ നോട്ടം ആര്‍എസ്എസ് ജൗന്‍പൂര്‍ വിഭാഗിന്റെ സഹസമ്പര്ക്കപ്രമുഖും അദ്ധ്യാപകനുമായ പരസ്നാഥ് റായിയിലേക്ക് എത്തിയത്. ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ വിജയത്തില്‍ കുറച്ചൊന്നും ബിജെപി ആഗ്രഹിക്കുന്നില്ല. പരസ്നാഥ് സ്ഥാനാര്ത്ഥിപ്രഖ്യാപനത്തിലേ ജയിച്ച സ്ഥാനാര്‍ത്ഥിയാണെന്ന വിലയിരുത്തലിന് മാനങ്ങളേറെയാണ്.
മാഫിയാ ഡോണ്‍ മുക്താര്‍ അന്‍സാരിയുടെ മരണത്തോടെ വെളിച്ചപ്പെട്ട എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് മാഫിയാ ബന്ധങ്ങള്‍ ഗാസിപൂര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. മാഫിയാ ഭരണത്തിലേക്ക് ഗാസിപൂരിനെ വിട്ടുനല്‍കാന്‍ ജനം തയാറാകില്ലെന്നാണ് വിശ്വാസമെന്ന് പരസ്നാഥിനെ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നതില്‍ നയം വ്യക്തമാണ്. മോദിഭാരതത്തിന്റെ മോടിയില്‍ ഗാസിപൂരും തിളങ്ങണമെന്നത് ജനങ്ങളുടെയാകെ അഭിലാഷമാണ്. അവര്‍ക്ക് പരസ്നാഥിലും മികച്ച ഒരു നേതാവിനെ കിട്ടാനില്ല എന്ന യോഗിയുടെ വിലയിരുത്തലില്‍ എല്ലാമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: