കൊച്ചി : കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ വൈക്കം വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചതോടെ സംസ്ഥാനത്ത് മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം അഞ്ചായി.. ചെമ്പ് സ്വദേശി സദാനന്ദൻ (58) ആണ് മരിച്ചത്. ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞാണ് അപകടം. കോട്ടയം, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളിലായാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്.
ആലപ്പുഴയില്‍ തെങ്ങ് വീണ് ഒരു യുവാവ് മരിച്ചു. ആലപ്പുഴ ചിറയിൽ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 16 കാരൻ മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്.
കോട്ടയത്ത് ഉരുള്‍പ്പൊട്ടല്‍
കനത്ത മഴയെ തുടര്‍ന്ന് കോട്ടയത്ത് ഉരുള്‍പ്പൊട്ടല്‍.ഭരണങ്ങാനം വില്ലേജില്‍ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. വ്യാപക നാശനഷ്ടം ഉണ്ടായി. ഇവിടെ ഏഴ് വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു.
കോട്ടയത്ത് തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ഇവിടെ മണ്ണിനടിയില്‍പ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഈരാറ്റുപേട്ട നടക്കലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാവുകയും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.പാലാ നഗരത്തിലുള്‍പ്പെടെ വെള്ളംകയറി.അതേസമയം കോട്ടയത്ത് രണ്ട് മണിക്കൂറായി മഴ മാറി നില്‍ക്കുന്നത് ആശ്വാസമായിട്ടുണ്ട്.
വര്‍ക്കലയില്‍ കുന്നിടിഞ്ഞു; നെയ്യാറ്റിന്‍കരയില്‍ മരം വീണ് വീട് തകര്‍ന്നു
തിങ്കളാഴ്ച രാത്രി മുതല്‍ തിരുവനന്തപുരം നഗരത്തില്‍ മഴ പെയ്യുകയാണ്. മരങ്ങള്‍ പലയിടങ്ങളിലും കടപുഴകി. ഇത് ട്രാഫിക് തടസ്സങ്ങള്‍ക്ക് കാരണമായി. നിരവധി ഗ്രാമങ്ങളില്‍ പുഴ കരകവിഞ്ഞൊഴുകി. നെയ്യാറ്റിന്‍കരയില്‍ മരം വീണ് ഒരു വീട് തകര്‍ന്നു. നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കാട്ടാക്കട, അമ്പൂരി പ്രദേശങ്ങളില്‍ കനത്ത മഴയായിരുന്നു. വര്‍ക്കല പാപനാശത്തിലെ ബലി മണ്ഡപത്തിലെ കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു.കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി.
കളമശേരിയില്‍ 400 ഓളം വീടുകളില്‍ വെള്ളം കയറി
കൊച്ചി കളമശ്ശേരിയില്‍ ഏകദേശം 400 ഓളം വീടുകളില്‍ വെള്ളം കയറി. കളമശ്ശേരി മൂലേപ്പാടത്ത് മാത്രം 200 ഓളം വീടുകളിലാണ് വെള്ളം കയറിയത്. തൃക്കാക്കര കൈപ്പടമുകളില്‍ റോഡിലെ വെള്ളക്കെട്ടിലൂടെ വന്ന വാഹനം കാര്‍ ഓടയില്‍ വീണു. നിലവില്‍ മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലുംഎപ്പോള്‍ വേണമെങ്കിലും മഴ പെയ്യാമെന്ന അവസ്ഥയാണ്.
കാക്കനാട്-ഇന്‍ഫോപാര്‍ക്ക് റോഡും ആലുവ-ഇടപ്പള്ളി റോഡും വെള്ളക്കെട്ടുകള്‍ കാരണം ട്രാഫിക് തടസ്സപ്പെട്ടു.
കളമശേരിയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍
കളമശേരിയില്‍ രണ്ട് ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. കളമശേരി ഗവണ്‍മെന്റ് സ്‌കൂളിലും, എച്ച്എംടി സ്‌കൂളിലുമാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്.അതേസമയം കോട്ടയത്തിനൊപ്പം എറണാകുളത്തും ചുവപ്പ് ജാഗ്രതയാണ്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്. വയനാടും കാസര്‍കോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: