ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട് നായിക്ക് പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിറയ്ക്കുന്ന കൈ മറച്ചുപിടിച്ച് തമിഴ്നാട്ടുകാരനും അനുയായിയുമായ വി.കെ. പാണ്ഡ്യന്. ഇതിന്റെ വീഡിയോ ചൊവ്വാഴ്ച പുറത്തുവന്നു. തമിഴ്നാട്ടില്‍ ജനിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡ്യന് നേരത്തെ നവീന്‍ പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പിന്നീട് ഇദ്ദേഹം നവീന്‍ പട് നായിക്കിന്റെ മുഴുവന്‍സമയ അനുയായിയായി മാറി ഒഡിഷ സര്‍ക്കാരിനെ തന്നെ നിയന്ത്രിക്കുകയാണെന്ന ആരോപണം കുറച്ചുവര്‍ഷങ്ങളായി ഉയരുന്നുണ്ട്. ഭരണം മാത്രമല്ല, നവീന്‍ പട് നായിക്കിന്റെ പാര്‍ട്ടിയായ ബിജു ജനതാദളിനെയും (ബിജെഡി) പാണ്ഡ്യന് നിയന്ത്രിക്കുകയാണെന്ന് പറയപ്പെടുന്നു.
നവീന്‍ പട്നായിക്കിന്റെ രോഗാവസ്ഥ മുതലെടുത്ത് പാണ്ഡ്യന് ഭരണം പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. 77 വയസ്സായ നവീന്‍ പട്നായിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി കൈകള്‍ വിറയ്ക്കുന്ന അത്രയും രോഗാവസ്ഥയിലാണ്. പക്ഷെ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നവീന്‍ പട്നായിക്കിനെ മുന്നില്‍ നിര്‍ത്തി ഭരിക്കുകയാണെന്ന് കഴിഞ്ഞ കുറെ നാളുകളായി ബിജെപി ആരോപിക്കുന്നു.
ഇപ്പോഴത്തെ രോഗാവസ്ഥ കണക്കിലെടുത്ത് നവീന്‍ പട്നായിക്കിനെ ഭരണത്തില്‍ നിന്നും മാറിനില്ക്കാന് അനുവദിക്കണമെന്നും അത് വഴി അദ്ദേഹത്തിന് അന്തസ്സുള്ള ഒരു വിടവാങ്ങല്‍ നല്‍കണമെന്നും ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു.
തമിഴ്നാട്ടിലെ കരാറുകാര്‍ ഒഡിഷ ഭരിയ്ക്കുന്നു: സ്മൃതി ഇറാനി
തമിഴ്നാട്ടിലെ കരാറുകാരാണ് ഒഡിഷ ഭരിയ്ക്കുന്നതെന്ന് കഴിഞ്ഞ ദിവസം സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഒഡിഷയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു സ്മൃതി ഇറാനിയുടെ ഈ വിമര്‍ശനം. ജഗത് സിങ് പൂര്, കെന്ഡ്രപാറ, ബാലസോര്‍ എന്നീ ലോക് സഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തുമ്പോഴായിരുന്നു സ്മൃതി ഇറാനി വിമര്‍ശനം ഉന്നയിച്ചത്. ജൂണ്‍ ഒന്നിനാണ് ഇവിടെ തെരഞ്ഞെടുപ്പ്.
വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഒഡിഷയെ ബാധിച്ചപ്പോള്‍ കൃത്യമായി ഇടപെടലുകള്‍ നടത്താന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള ഭരണത്തിനായില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തുന്നു. തമിഴ്നാട്ടിലെ കരാറുകാര്‍ ഒഡിഷയിലെ പണം കൊള്ളയടിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജല്‍ജീവന്‍ മിഷനിലെ പണവും തമിഴ്നാട്ടിലെ കരാറുകാര്‍ കൊള്ളയടിച്ചു.- സ്മൃതി ഇറാനി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: