കോട്ടയം: ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേക്കാണ് മണ്‍സൂണ്‍ക്കാല ട്രോളിങ് നിരോധനം നടപ്പാക്കുക. ജൂണ്‍ ഒമ്പതിന് അര്‍ധരാത്രിക്ക് മുമ്പായി തീരപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഇതരസംസ്ഥാന യന്ത്രവത്കൃത ബോട്ടുകളും കേരളാതീരം വിട്ടുപോകണമെന്ന് നിര്‍ദേശം നല്കി. പരമ്പരാഗത വള്ളങ്ങള്‍ ഉപയോഗിച്ചുള്ള ട്രോളിങും ഈ കാലയളവില്‍ അനുവദിക്കില്ല.
ട്രോളിങ് നിരോധന സമയത്ത് കടലില്‍ പോകുന്ന ഒരു വലിയ വള്ളത്തോടൊപ്പം (ഇന്‍ബോര്‍ഡ് വള്ളം) ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കൂ. ഇവയുടെ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതത് മത്സ്യഭവന് ഓഫീസില്‍ യാനം ഉടമകള്‍ റിപ്പോര്‍ട്ട് ചെയ്യണം.
ടോളിങ് നിരോധന കാലയളവില്‍ തീരപ്രദേശത്തും ഹാര്‍ബറുകളിലും മറ്റും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് യാതൊരു കാരണവശാലും ഇന്ധനം നല്‍കരുത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കൂടാതെ കായലിനോടോ, ജെട്ടിയോടോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ തുറന്ന് പ്രവര്‍ത്തിക്കരുത്. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുത്ത മത്സ്യഫെഡ് ബങ്കുകള്‍ അനുവദിക്കാം.
ട്രോളിങ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെയ്ക്കണം. ബോട്ടുകള്‍ പൂര്‍ണമായും കളര്‍ കോഡിങ് പൂര്‍ത്തിയാക്കണം.
തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കും നല്‍കിവരുന്ന സൗജന്യ റേഷന്‍ യഥാസമയം കൃത്യമായി വിതരണം ചെയ്യുന്നതിന് സിവില്‍ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: