ഭൂവാസികളായ സര്‍പ്പത്താന്‍മാരും, ആകാശസഞ്ചാരികളായ നാഗത്താന്മാരും അനുദിനം വര്‍ദ്ധിച്ച്,പരസ്പരം കലഹിച്ചു കൊണ്ടിരുന്നപ്പോള്‍ ആദിശേഷന്‍ സ്വന്തം വര്‍ഗ്ഗങ്ങളുടെ ഇടയില്‍ നിന്നും മനസുമടുത്ത് ഒഴിഞ്ഞു പോയി.
തപസ്സില്‍ മുഴുകിയ അനന്തനാഗം ബ്രഹ്മദേവന്റെ അനുഗ്രഹത്താല്‍ തന്റെ സഹസ്രഫണങ്ങളില്‍ ഒരു കടുകുമണിയുടെ ലാഘവത്തോടെ ഈ ഭൂമണ്ഡലം താങ്ങി പാതാളത്തില്‍ വസിച്ചു. ജ്യേഷ്ഠന്റെ അഭാവത്തില്‍ വാസുകി, സര്‍പ്പരാജാവായി അഭിഷേകം ചെയ്യപ്പെട്ടു.
തക്ഷകന്റെ ദംശനമേറ്റ് തന്റെ പിതാവ് പരീക്ഷിത്ത് പരലോകം പൂകിയതില്‍, പുത്രനായ ജനമേജയന്‍ ഒരേസമയം ദുഖിതനും പ്രതികാരദാഹിയുമായിത്തീര്‍ന്നു. ഋത്വിക്കുകളുടെ അഭിപ്രായപ്രകാരം അദ്ദേഹം വേദകല്പിതമായ ‘സര്‍പ്പസത്രം ‘ആരംഭിച്ചു. യാഗശാലയില്‍ ഋത്വിക്കുകള്‍ മന്ത്രംചൊല്ലി സര്‍പ്പങ്ങളെ ആവാഹിച്ചുകൊണ്ടിരുന്നു. അനവധി സര്‍പ്പങ്ങള്‍ ഹോമാഗ്‌നിയില്‍ വീണ് വെന്തു വെണ്ണീറായി. കദ്രുസുതന്മാര്‍ ജനമേജയ രാജാവിന്റെ സര്‍പ്പസത്രത്തില്‍ പെട്ടു വെന്തു വെണ്ണീറാവുന്നതിനു മാതൃശാപവും മൂലമായി.
ഇതെല്ലാമറിഞ്ഞ് സര്‍പ്പശ്രേഷ്ഠന്‍ വാസുകി ചിന്തിതനായി. പ്രജകളെ രക്ഷിക്കാന്‍ വഴി കാണാതെ അദ്ദേഹം ദുഃഖിച്ചു. സര്‍പ്പസത്രത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ പന്നഗങ്ങള്‍ പല വഴികളും ആരാഞ്ഞു. എന്നാല്‍ അതൊന്നും സര്‍പ്പസത്രം അവസാനിപ്പിക്കുവാന്‍ പര്യാപ്തമായിരുന്നില്ല.സര്‍പ്പങ്ങളുടെ അഭിപ്രായങ്ങള്‍ പ്രായോഗികമല്ലാതിരുന്നതുകൊണ്ട് വാസുകി അതെല്ലാം തിരസ്‌ക്കരിച്ചു. ദൃഢചിത്തനായ ജനമേജയ രാജന്റെ സര്‍പ്പസത്രം അത്ര എളുപ്പത്തില്‍ അവസാനിപ്പിക്കുവാന്‍ ആരാലും സാധ്യമെല്ലന്ന് വാസുകിക്ക് നന്നായറിയാമായിരുന്നു.
യായാവര വംശജാതനായ ജരല്‍ക്കാരു മുനിയില്‍ നിന്നും തന്റെ സഹോദരിക്ക് പിറക്കുന്ന പുത്രന് സര്‍പ്പസത്രം തടയുവാന്‍ കഴിയുമെന്ന് ബ്രഹ്മദേവന്‍ പ്രവചിച്ചിരുന്ന കാര്യം അപ്പോള്‍ പന്നഗശ്രേഷ്ഠന്‍ ഓര്‍മ്മിച്ചു. എത്രയും വേഗം മുനിയെ കണ്ടു പിടിച്ച് സഹോദരിയുടെ വിവാഹം നടത്തുവാന്‍ വാസുകി ശ്രമം തുടങ്ങി. വാസുകിയാല്‍ നിയോഗിക്കപ്പെട്ട നാഗങ്ങള്‍ ജരല്‍ക്കാരുമുനിയെ തേടി നടന്നു.
മഹാതപസ്വിയും, വേദപാരംഗതനുമായ മുനി ദാമ്പത്യ ജീവിതം ആഗ്രഹിക്കാതെ വിരക്തിപൂണ്ടു ദേശാടനം ചെയ്തു കാലം കഴിക്കുകയായിരുന്നു. ഇതിനിടയില്‍ തന്റെ പിതൃക്കള്‍ മോക്ഷം കിട്ടാതെ വലയുന്നതു കണ്ട്, മുനി അവരുടെ ദുര്‍ദശയുടെ കാരണം തിരക്കി.തങ്ങളുടെ വംശത്തില്‍ പിതൃ കര്‍മ്മങ്ങള്‍ ചെയ്യാന്‍ സന്തതികളില്ലാത്തതു കൊണ്ടാണ് ഇപ്രകാരം വിഷമം അനുഭവിക്കേണ്ടി വന്നതെന്ന് അവര്‍ പറഞ്ഞു. ‘അപുത്രസ്യ ഗതിര്‍ന്നാസ്തി’എന്നാണല്ലോ. അതുകൊണ്ട് മുനിക്കും, മൂന്നു തലമുറയിലുള്ള പിതൃക്കള്‍ക്കും ഊര്‍ധ്വഗതി ലഭിക്കുവാന്‍ എത്രയും വേഗം വിവാഹം ചെയ്ത് പുത്രോല്‍പ്പാദനം നടത്തണം എന്ന് പിതൃക്കള്‍ ഉപദേശിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: