തിരുവനന്തപുരം: ഭരണപരാജയം മറച്ചുവയ്‌ക്കാനാണ് റോഡിലെ കുഴികള്‍ നികത്തിയ കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മേയറും ചേര്‍ന്ന് ചര്‍ച്ച നടത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിഷേധിച്ച കൗണ്‍സിലര്‍മാരെ ജയിലില്‍ അടയ്‌ക്കാനായിരുന്നു നീക്കം.
ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരവുമായി ബിജെപി ശക്തമായി രംഗത്ത് വന്നതോടെയാണ് വിട്ടയയ്‌ക്കാന്‍ തയ്യാറായത്. ഇനി ആരും റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പ്രതിഷേധിക്കരുത്. അങ്ങനെ ഉണ്ടായാല്‍ അവരെ ജയിലില്‍ അടയ്‌ക്കുമെന്ന ഭീഷണിയാണ് ഇതിലൂടെ നല്‍കുന്നത്. ഇത്തരത്തില്‍ ഭീഷണി മുഴക്കുമ്പോള്‍ ആരും പ്രതിഷേധവുമായി രംഗത്ത് വരില്ല. മേയറുടെ ഭീഷണിക്ക് വഴങ്ങാതെ കുഴികള്‍ ഉള്ള മറ്റ് റോഡുകളിലെല്ലാം ബിജെപി പ്രതിഷേധം സംഘടിപ്പിക്കും.
കുഴി നികത്തിയതിന് വലിയ പിന്തുണയാണ് പൊതുജനങ്ങളില്‍ നിന്നും ലഭിച്ചത്. കുഴികളില്‍ വീഴാതെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കും. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം മേയര്‍ക്കെതിരെ കേസെടുത്തിട്ടും നഗരത്തിലുടനീളം പോലീസിന്റെ മുന്നിലൂടെ പോയിട്ട് മേയറെ അറസ്റ്റ് ചെയ്യുന്നില്ല. കോര്‍പ്പറേഷന്‍ ഭരണത്തിന് തിരിച്ചടിയാകുമെന്ന ഭയമാണ് അറസ്റ്റ് ചെയ്യാത്തതെന്നും വി.വി. രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: