മറ്റ് പല തിന്മകള്ക്കുമൊപ്പം അവയവക്കച്ചവടത്തിന്റെയും സ്വന്തം നാടായി കേരളം മാറിയിരിക്കുകയാണ്. വ്യക്തികളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് വന്‍തോതില്‍ പണം വാഗ്ദാനം ചെയ്ത് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് നിയമവിരുദ്ധമായി വൃക്ക, കരള്‍ എന്നിങ്ങനെയുള്ള അവയവങ്ങള്‍ നല്കുന്ന വലിയൊരു ശൃംഖല പ്രവര്‍ത്തിക്കുന്നതായാണ് വെളിപ്പെട്ടിരിക്കുന്നത്. ഈ അവയവക്കച്ചവട മാഫിയയെക്കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. തൃശൂര്‍ സ്വദേശിയായ ഒരാള്‍ എറണാകുളം കേന്ദ്രീകരിച്ച് വ്യാപകമായ തോതില്‍ അവയവക്കച്ചവടം നടത്തിയിരുന്നതായാണ് അന്വേഷണത്തില്‍ തെളിയുന്നത്. വൃക്ക വില്‍ക്കുന്നതിനായി നിരവധി വ്യക്തികളെ ഹൈദരാബാദില്‍ നിന്നും ബെംഗളൂരുവില്‍നിന്നും ഇയാളുടെ സംഘം വിദേശരാജ്യങ്ങളില്‍ എത്തിച്ചതായാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. സാമ്പത്തികസ്ഥിതി മോശമായ വിഭാഗത്തില്പ്പെടുന്നയാളുകളാണ് ഇതിനിരയാവുന്നത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരു വ്യക്തിയുടെ മൊഴിയനുസരിച്ച് ഇറാനിലേക്കു വരെ ആളുകളെ കടത്തി അവയവക്കച്ചവടം നടത്തുകയുണ്ടായെന്ന് അറിയുന്നു. രാജ്യത്തെ ഇരുപത് വ്യക്തികളെ ഇതിനായി ഇറാഖിലേക്ക് കടത്തിയെന്നാണ് അറസ്റ്റിലായ തൃശൂര്‍ സ്വദേശിയെ ചോദ്യം ചെയ്തതില്‍നിന്ന് മനസ്സിലാവുന്നത്. അവയവം നല്കാന് തയ്യാറുള്ള വ്യക്തികളെ ഇറാഖിലേക്ക് കടത്തി അവിടത്തെ ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കുകയാണ്. വൃക്ക എടുത്ത ശേഷം മൂന്നു ദിവസം ആശുപത്രിയില്‍ കിടത്തുകയും, പിന്നീട് ഇരുപത് ദിവസം ഫഌറ്റില്‍ താമസിപ്പിച്ചശേഷം ഭാരതത്തിലേക്ക് കയറ്റിവിടുകയുമാണത്രേ പതിവ്. പാലക്കാടുനിന്ന് ഇങ്ങനെ പോയി വൃക്ക നല്കിയ ഒരു യുവാവിന് ആറ് ലക്ഷം രൂപ ലഭിച്ചതായി അന്വേഷണ ഏജന്‍സിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഇറാനില്‍ അവയവ കൈമാറ്റത്തിന് കടുത്ത നിയന്ത്രണമുള്ളതിനാലാണ് ആ രാജ്യത്തേക്ക് ആളുകളെ എത്തിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ പ്രലോഭിപ്പിച്ച് അവയവക്കച്ചവടം നടത്തുന്ന സംഘങ്ങള്‍ മറ്റുജില്ലകളിലും പ്രവര്‍ത്തിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നു. ഒന്‍പത് ലക്ഷം രൂപ നല്‍കാമെന്നു പറഞ്ഞ് വൃക്ക നല്കാന് പ്രേരിപ്പിച്ചതായി കണ്ണൂര്‍ സ്വദേശിയായ ആദിവാസി വീട്ടമ്മ വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്ക് വൃക്ക നല്കാന് താല്‍പ്പര്യമില്ലായിരുന്നുവെന്നും, ഭര്‍ത്താവും ഭര്‍ത്താവിന്റെ സുഹൃത്തായ ഇടനിലക്കാരനും പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തതിനാലാണ് സമ്മതിച്ചതെന്നും ഇവര്‍ പറയുന്നു. ഈ സുഹൃത്ത് പലപ്പോഴായി അവയവക്കച്ചവടം നടത്തിയിട്ടുള്ളതായും ഈ വീട്ടമ്മ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് നേരത്തെ വൃക്ക നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. വൃക്ക നല്കിയാല് ഒന്‍പത് ലക്ഷം രൂപ തരാമെന്നു പറഞ്ഞാണ് തന്നെ സമീപിച്ചതെന്നും, സമ്മതിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ പറയുന്നു. തനിക്ക് കിട്ടുന്ന ഒന്‍പത് ലക്ഷത്തില്‍നിന്ന് ഒരുലക്ഷം രൂപ ഇടനിലക്കാരനും രണ്ട് ലക്ഷം രൂപ ഭര്‍ത്താവിനും നല്‍കണമെന്നു പറഞ്ഞപ്പോള്‍ വൃക്ക നല്‍കുന്നതില്‍നിന്ന് ഈ വീട്ടമ്മ പിന്മാറുകയായിരുന്നുവത്രേ. ഇതിനു പിന്നാലെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തെളിവില്ലെന്നു പറഞ്ഞ് പോലീസ് നടപടിയെടുത്തില്ല. കഴിയാവുന്നത്ര തെളിവുകള്‍ നല്‍കിയെങ്കിലും പോലീസ് ആരെയും പിടികൂടിയില്ലത്രേ. വൃക്കദാനം ചെയ്ത മറ്റൊരാളെ പകുതി പണം നല്കി പറ്റിച്ചതായും ഈ വീട്ടമ്മ പറയുന്നു. ആശുപത്രികള്‍ കേന്ദ്രീകരിച്ചും അല്ലാതെയും കേരളത്തില്‍ അവയവക്കച്ചവടം സജീവമാണെന്നതിന്റെ തെളിവാണിത്.
അടുത്തിടെ ഭക്ഷ്യവിഷബാധയേറ്റ് എറണാകുളം ജില്ലയിലെ പാരമ്പര്യമുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ അനാവശ്യമായി അപ്പെന്റിസയ്റ്റിസ് ശസ്ത്രക്രിയയ്ക്ക് വിധയയാക്കാന് അവിടുത്തെ സര്‍ജനും ആശുപത്രി അധികൃതരും നിര്‍ബന്ധിച്ച സംഭവമുണ്ടായി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതിനെ എതിര്‍ത്തു. ഡിസ്ചാര്‍ജ് വാങ്ങിച്ച് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയപ്പോള്‍ അപ്പന്റിസയ്റ്റിസ് ഇല്ലെന്നും ശസ്ത്രക്രിയ ആവശ്യമില്ലെന്നും കണ്ടെത്തി. ഒരു ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഈ വിദ്യാര്‍ത്ഥിനി പൂര്‍ണ ആരോഗ്യവതിയാവുകയും ചെയ്തു. ഇതുസംബന്ധിച്ച് പരാതിപ്പെട്ടപ്പോള്‍ കുറ്റകരമായ മൗനം പാലിക്കുകയായിരുന്നു ആശുപത്രി അധികൃതര്‍ ചെയ്തത്. സംസ്ഥാനത്തെ പല ആശുപത്രികളും അവയവ മാഫിയയുടെ ഭാഗമാണെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. മറ്റ് രോഗങ്ങളുമായെത്തുന്നവരെ അനാവശ്യമായ ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കി അവയവം മോഷ്ടിക്കുന്ന രീതിയുണ്ട്. നൂതനമായ ശസ്ത്രക്രിയാ രീതികള്‍ ഉപയോഗിക്കുന്നതിനാല്‍ രോഗിയോ ബന്ധുക്കളോ ഇത് തിരിച്ചറിയണമെന്നുപോലുമില്ല. യാതൊരു മുതല്‍മുടക്കുമില്ലാതെ കോടികള്‍ ലഭിക്കുന്ന ഇടപാടാണ് അവയവക്കച്ചവടം. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ മേല്‍ത്തുമ്പ് മാത്രമാണ്. വിശദമായ അന്വേഷണം നടത്തിയാലെ ഈ മാഫിയയുടെ വ്യാപ്തി വെളിപ്പെടുകയുള്ളൂ. അന്തര്‍സംസ്ഥാന ബന്ധവും വിദേശബന്ധവുമൊക്കെയുള്ളതിനാല് എന്‍ഐഎ പോലുള്ള ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചാലെ ഫലപ്രദമാവൂ. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാതെ സ്വതന്ത്രമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിച്ച് അവയവ മാഫിയയെ തുടച്ചുനീക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. കോടതിയുടെ സ്വമേധയാ ഉള്ള ഇടപെടല്‍ ഇതിന് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: