Gulf

സമൂഹമാധ്യമ താരമായ മലയാളി യുവതിയുടെ മരണം ഞെട്ടലായി

Published by

ഫുജൈറ: സമൂഹമാധ്യമത്തില്‍ പത്തു ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള മലയാളി യുവതിയുടെ മരണം നടുക്കമായി. സമൂഹമാധ്യമതാരമായ ഷാനിഫ ബാബുവിനെ (37) ശനിയാഴ്ച രാവിലെ ഫുജൈറയിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. ടിക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും പതിവായി വീഡിയോ പോസ്റ്റ് ചെയ്യാറുള്ള ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയാണ്.

‘എന്നെ പ്രണയിക്കരുത്, ഞാന്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കും’ എന്നായിരുന്നു ഏറ്റവുമൊടുവില്‍ വ്യാഴാഴ്ച പോസ്റ്റുചെയ്ത വീഡിയോയുടെ ക്യാപ്ഷന്‍. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളും അറബ് വംശജരുമെല്ലാം ഷാനിഫയുടെ ആരാധകരാണ്. ഫുജൈറയില്‍ നിര്‍മാണ കമ്പനി നടത്തുന്ന തിരുവനന്തപുരം സ്വദേശിയായ ഭര്‍ത്താവ് സനൂജ് ബഷീര്‍ കോയയും രണ്ട് പെണ്‍മക്കളും ദുബായ്‌യില്‍ നിന്ന് എത്തിയ ഷാനിഫയുടെ അമ്മയും ഫ്‌ലാറ്റില്‍ ഉള്ളപ്പോഴായിരുന്നു ഷാനിഫ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് കൂട്ടുകാര്‍ പറയുന്നത്. ഷാനിഫയുടെ മരണം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിശ്വസിക്കാനായിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by