രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിങ് സോണിലുണ്ടായ തീപ്പിടിത്തത്തില്‍ 33 പേര് മരിച്ച സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരെ സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
ഡ്യൂട്ടിയില്‍ കൃത്യവിലോപം കാണിച്ചതിനാണ് രാജ്കോട്ട് താലൂക്ക് പോലീസ് സ്റ്റേഷന്റെ ചുമതലവഹിക്കുന്ന ഇവരെ സസ്പെന്‍ഡ് ചെയ്തത്. ഇന്‍സ്പെക്ടര്‍ വി.ആര്. പട്ടേല്‍, രാജ്കോട്ട് സിറ്റി പോലീസ് ലൈസന്‍സ് ബ്രാഞ്ചിന്റെ അഡീഷണല്‍ ചുമതല വഹിക്കുന്ന എന്‍.ഐ. രാത്തോഡ്, റോഡ്സ് ആന്‍ഡ് ബില്‍ഡിങ്സ് വിഭാഗം എക്സി. എന്‍ജിനീയര്‍മാരായ എം.ആര്. സുമ, പരസ് കോഹ്ത്തിയ, രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പറേഷനിലെ അസി. എന്‍ജിനീയര്‍ ജയ്ദീപ് ചൗധരി, അസി. ടൗണ്‍ പ്ലാനര്‍ ഗൗതം ജോഷി, ഫയര്‍ സ്റ്റേഷന് ഓഫീസര്‍ രോഹിത് വിഗോറ എന്നിവരാണ് സസ്പെന്‍ഷനിലായത്.
അപകട സ്ഥലം ഞായറാഴ്ച മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ശക്തമായ നടപടി ഉണ്ടായത്. ഗെയിമിങ് സോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുകൂലമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത് ഇവരായിരുന്നു. തീപ്പിടിത്തത്തിന് കാരണമായത് അധികൃതരുടെ അനാസ്ഥയെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഗെയിമിങ് കേന്ദ്രത്തിന് സമീപം സൂക്ഷിച്ചിരുന്ന സ്ഫോടന സാധ്യതയുള്ള സാധനങ്ങളിലേക്ക് വെല്‍ഡിങ് മെഷിനില്‍ നിന്ന് തീപ്പൊരി തെറിച്ചുവീണ് അഗ്നിബാധയുണ്ടാകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. തീപ്പിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ വെല്‍ഡിങ് മെഷിനില്‍ നിന്നു തെറിച്ചുവീണ തീപ്പൊരിയാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് സിസിടിവി ദൃശ്യങ്ങളിലുടെ വ്യക്തത ലഭിച്ചെന്നാണ് പോലീസ് പറയുന്നത്.
ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനും മറ്റുമായി മൂവായിരത്തിലധികം ലിറ്റര്‍ ഡീസലും പെട്രോളും ഇവിടെ സൂക്ഷിച്ചിരുന്നു. ഇതിലേക്കാണ് തീപ്പൊരി വീണത്. പിന്നീട് തീ ആളിപ്പടരുകയായിരുന്നു. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്കാന് പ്രത്യേക സംഘത്തോട് ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. നാനാ-മാവാ റോഡിലെ ഗെയിമിങ് സോണില്‍ ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. അവധിക്കാലം ആഘോഷിക്കാനെത്തിയ കുട്ടികളായിരുന്നു അപകടത്തില്‍പെട്ടവരിലേറെയും.
വാരാന്ത്യമായതുകൊണ്ട് ഓഫറും ഏര്‍പ്പെടുത്തിയിരുന്നു. യുവരാജ് സിങ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗെയിമിങ് കേന്ദ്രം മതിയായ ലൈസന്‍സ് ഇല്ലാതെയെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. സോളങ്കിയുടെ പേരില്‍ പോലീസ് കേസും എടുത്തിട്ടുണ്ട്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഗുജറാത്ത് ഹൈക്കോടതി അധികൃതരെ രൂക്ഷമായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: