ആലപ്പുഴ: ബിജെപി കൃഷ്ണപുരം പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി മനോജിന്റെ മരണം സിപിഎം, എസ്ഡിപിഐ, പോലീസ് എന്നിവര്‍ നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍ പറഞ്ഞു.
സംഭവത്തില്‍ ഡിവൈഎസ്പി, സിഐ എന്നിവരെ മാറ്റി നിര്‍ത്തി ഉന്നതതല അന്വേഷണം നടത്തണം. മനോജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണം, മനോജിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ബിജെപി
ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഗോപകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 19ന് മനോജിന്റെ വീടിന് പരിസരത്ത് ആക്രി പെറുക്കുന്നതിനായി ചിലര്‍ എത്തിയിരുന്നു. പ്രദേശത്ത് മോഷണശല്യം പതിവായ സാഹചര്യത്തില്‍ മനോജ് ഇവരോട് കാര്യങ്ങള്‍ അന്വേഷിച്ചു. വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി മനോജിനെ ഇഷ്ടികയ്ക്ക് എറിഞ്ഞു. തലയ്ക്ക് ഏറു കൊണ്ട മനോജ് ആശുപത്രിയില്‍ ചികിത്സ തേടി. പിറ്റേന്ന് പോലീസില്‍ പരാതിയും നല്കി. എന്നാല്‍ പോലീസ് നടപടി എടുക്കാന്‍ തയ്യാറായില്ല. ഇതിനിടെ സിപിഎം, എസ്ഡിപിഐക്കാര് വിഷയത്തില്‍ ഇടപെട്ടു. മനോജ്, കുട്ടിയെ അക്രമിച്ചു എന്ന കഥ പ്രചരിപ്പിച്ചു. കുട്ടിയുടെ അമ്മയെ കൊണ്ട് പോലീസില്‍ പരാതി കൊടുപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മനോജിനെതിരെ കേസെടുക്കുകയും സ്റ്റേഷന് ജാമ്യത്തില്‍ വിടുകയും ചെയ്തു.
പിന്നീട് തീവ്രവാദ പ്രസ്ഥാനങ്ങളും സിപിഎമ്മും ഒത്തുകളിച്ച് പോലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി വധശ്രമക്കേസ് ചുമത്തി. നേരത്തെ ജാമ്യമെടുത്ത രേഖകളില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് മനോജിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു. കള്ളക്കേസ് ആണെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തില്‍ പിറ്റേന്ന് തന്നെ മനോജിന് കോടതി ജാമ്യം അനുവദിച്ചു.
തുടര്‍ന്നും സിപിഎമ്മും, എസ്ഡിപിഐക്കാരും, ചില തീവ്രവാദ സംഘടനാ പ്രവര്‍ത്തകരും മനോജിനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചു. ഇതില്‍ മനംനൊന്താണ് മനോജ് കുഴഞ്ഞു വീണ് മരിച്ചത്. തലയ്ക്കേറ്റ കല്ലേറും ഇതിലേക്ക് നയിച്ചോയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ വ്യക്തമാകുകയുള്ളു. മുഖ്യധാരാ മാദ്ധ്യമങ്ങളും അന്ധമായ ബിജെപി വിരോധത്തിന്റെ പേരില്‍ മനോജിനെ വേട്ടയാടി.
ഇതിന്റെ എല്ലാം ഫലമായി നിര്‍ദ്ധന കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്, കായംകുളം മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ രാംദാസ്, ചെട്ടികുളങ്ങര മണ്ഡലം പ്രസിഡന്റ് മോനിഷ, സംസ്ഥാന സമിതിയംഗം വി.ശ്രീജിത്ത് എന്നിവര്‍ പത്രസമ്മേളനത്തി ല്‍ പങ്കെടുത്തു.
മനോജിന്റെ സംസ്ക്കാരം നാളെ
പോലീസ് കള്ളക്കേസില്‍ പ്രതിയാക്കിയതില്‍ മനംനൊന്ത് മരിച്ച ബിജെപി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മനോജിന്റെ സംസ്ക്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ 10ന് ബന്ധുക്കളും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റുവാങ്ങി വിലാപയാത്രയായി മനോജിന്റെ കൃഷ്ണപുരത്തെ വീട്ടിലെത്തിച്ച് അന്ത്യോപചാരങ്ങള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: