തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ലിനെ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അല്‍ ആമീന്‍ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന് ആര്യനാട് എന്നിവരെ സംഘടനയില്‍ നിന്ന് സസ്പെന്റെ ചെയ്തു.കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ക്യാമ്പില്‍ കൂട്ടത്തല്ല് നടന്നത്.
സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തത്. സംഘര്‍ഷത്തിന് തുടക്കമിട്ടെന്ന കുറ്റത്തിനാണ് മറ്റ് രണ്ട് പേരെ സസ്പെന്റ് ചെയ്തത്.
എന്എസ്യു നേതൃത്വമാണ് നാല് പേരെയും സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ കെഎസ്യു ആഭ്യന്തര സമിതി അന്വേഷണം നടത്തും.
മൂന്ന് ദിവസത്തെ ക്യാമ്പിന്റെ രണ്ടാം ദിവസം രാത്രിയാണ് കൂട്ടത്തല്ലുണ്ടായത്. പഠനം, പരിശീലനം എന്നിവയ്ക്ക് ശേഷം പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷം നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം.ചേരിതിരിഞ്ഞ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ പ്രവര്‍ത്തകര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അടി.
നെടുമങ്ങാട് കെഎസ്യു യൂണിറ്റിന്റെ ചുമതല കൈമാറിയതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. യൂണിറ്റ് ചുമതല എ ഗ്രൂപ്പ് പ്രതിനിധിക്കാണ്. കെ സുധാകരനെ അനുകൂലിക്കുന്നവര്‍ ഇതിനെ എതിര്‍ത്തതോടെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.എറണാകുളത്തെ എ ഗ്രൂപ്പ് പ്രതിനിധികളും പക്ഷം പിടിച്ച് രംഗത്തെത്തി.
സംഭവം പാര്‍ട്ടിക്ക് നാണക്കേടായതോടെ പഴകുളം മധു, എംഎം നസീര്‍, എകെ ശശി എന്നിവരടങ്ങിയ കമ്മീഷനോട് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെസുധാകരന് നിര്‍ദ്ദേശിച്ചു.
അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലുളള സംസ്ഥാന കമ്മിറ്റി, ക്യാമ്പ് നടത്തിപ്പില്‍ പരാജയപ്പെട്ടുവെന്നാണ് കെപിസിസി അന്വേഷണ സമിതി പ്രധാനമായി കുറ്റപ്പെടുത്തിയത്. തെക്കന്‍ മേഖലാ ക്യാമ്പ് കെപിസിസിയെ അറിയിച്ചില്ല, ക്യാമ്പിന് ഡയറക്ടറെ വച്ചില്ല, കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്ഷണിച്ചില്ല, സംസ്ഥാന ഭാരവാഹികള്‍ തന്നെ തല്ലിന്റെ ഭാഗമായി, കൂട്ടത്തല്ല് പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കി, വിശദമായ അന്വേഷണം നടത്തി ഭാരവാഹികള്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി ഉണ്ടാവണം എന്നിങ്ങനെയാണ് കെപിസിസി നിയോഗിച്ച മൂന്നംഗ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. നെടുമങ്ങാട് കോളേജിലെ കെഎസ്യു യൂണിറ്റ് വാട്സ് ആപ് ഗ്രൂപ്പ് അഡ്മിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചതെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതു മുതല്‍ അലോഷ്യസ് സേവ്യറുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് സ്വരച്ചേര്‍ച്ചയിലല്ല.
പ്രശ്ന പരിഹാരത്തിനായി അലോഷ്യസ് സേവ്യര്‍ ശ്രമിച്ചെങ്കിലും കെ.സുധാകരന് വഴങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: