തിരുവനന്തപുരം: മദ്യനയം ബാര്‍ ഉടമകള്‍ക്ക് അനുകൂലമാക്കാന്‍ 20 കോടി രൂപയോളം കോഴ നല്കാന് പിരിച്ചതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ സിപിഎമ്മും എക്സൈസ് മന്ത്രി എം.ബി. രാജേഷും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും നല്കിയ വിശദീകരണങ്ങള്‍ പച്ചക്കള്ളമായിരുന്നെന്നു തെളിയുന്നു.
മദ്യനയം ബാര്‍ ഉടമകള്‍ക്ക് അനുകൂലമാക്കാന്‍ ചര്‍ച്ച നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നു. മദ്യനയത്തിലെ മാറ്റം എന്നത് മാത്രം അജണ്ടയാക്കി ടൂറിസം വകുപ്പ് യോഗം വിളിച്ചതിന്റെ രേഖകളാണിത്. ഇതോടെ സിപിഎമ്മിന്റെയും എക്സൈസ്, ടൂറിസം മന്ത്രിമാരുടെയും കള്ളിയും വെളിച്ചത്തായി.
മദ്യനയം ചര്‍ച്ചചെയ്യാന്‍ ടൂറിസം വകുപ്പാണ് മെയ് 21ന് യോഗം വിളിച്ചത്. മദ്യനയമാറ്റവും നിര്‍ദേശങ്ങളും എന്നത് മാത്രമായിരുന്നു അജണ്ട. സൂം മീറ്റിങ്ങില്‍ ടൂറിസം ഡയറക്ടറായിരുന്നു അധ്യക്ഷന്‍. യോഗത്തിന്റെ ഓണ്‍ലൈന്‍ ലിങ്കും ലോഗിന്‍ ഐഡിയും പാസ്വേര്ഡും ചേര്‍ത്താണ് സന്ദേശം ബാര്‍ ഉടമകള്‍ക്കും ഹോം സ്റ്റേകള്‍ക്കും മാര്‍ക്കറ്റിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ അയച്ചത്. ഈ സന്ദേശത്തിന്റെ രേഖകളാണ് പുറത്തുവന്നത്.
ടൂറിസം വകുപ്പിന്റെ കത്ത് പുറത്ത് വന്നതോടെ മന്ത്രി മുഹമ്മദ് റിയാസിനെ രക്ഷിക്കാന്‍ ടൂറിസം ഡയറക്ടര്‍ രംഗത്തെത്തി. മന്ത്രി അറിയാതെയാണ് യോഗം വിളിച്ചതെന്നും ഒരുപാട് വിഷയങ്ങള്‍ക്കൊപ്പം മദ്യനയവും ചര്‍ച്ച ചെയ്തെന്നുമാണ് ന്യായീകരണം. അതേസമയം െ്രെഡ ഡേ മാറ്റുന്നതടക്കമുള്ള വിഷയങ്ങളിലും ചര്‍ച്ച നടന്നുവെന്ന് ബാറുടമാ സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ വി. സുനില്‍കുമാര്‍ സ്ഥിരീകരിച്ചു. ബാറുടമകള്‍, ഹോം സ്റ്റേ ഉടമകള്‍ തുടങ്ങി ടൂറിസം രംഗവുമായി ബന്ധപ്പെട്ടവരും ഏഴോളം സംഘടനാ പ്രതിനിധികളും യോഗത്തിന്റെ ഭാഗമായിരുന്നു. ഇതോടെ ഒരുയോഗവും ചേര്‍ന്ന് മദ്യനയം ചര്‍ച്ചചെയ്തിട്ടില്ലെന്ന ടൂറിസം, എക്സൈസ് മന്ത്രിമാരുടെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും വാദം പൊളിഞ്ഞു.
ഡ്രൈ ഡേ അടക്കമുള്ള വിഷയങ്ങള്‍ അനുകൂലമാക്കാന്‍ കോഴ നല്‍കണമെന്നും അതിനായി പണം പിരിക്കണമെന്നതുമടക്കമുള്ള ബാറുടമ അനിമോന്റെ ഓഡിയോ സന്ദേശത്തിനും ഇതോടെ വിശ്വാസ്യതയേറി. ടൂറിസം വകുപ്പ് വിളിച്ചുചേര്‍ത്ത യോഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ബാറുടമകളുടെ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കൊച്ചിയില്‍ ചേര്‍ന്നത്. ഈ യോഗത്തിനിടയിലാണ് പണപ്പിരിവിനുള്ള അനിമോന്റെ ഓഡിയോ സന്ദേശം അംഗങ്ങള്‍ക്ക് ലഭിച്ചത്.
ടൂറിസം വകുപ്പിന്റെ തന്നെ കത്ത് പുറത്താതയതോടെ ബാര്‍ക്കോഴയില്‍ സിപിഎമ്മും സര്‍ക്കാരും കൂടുതല്‍ വെട്ടിലായി. മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് മൂന്ന് യോഗം ചേര്‍ന്നിട്ടുണ്ടെന്നാണ് സൂചന. ബാര്‍ ഉടമകള്‍ പണം നല്‍കുമെന്ന് ഉറപ്പ് നല്കിയ ശേഷമാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഡ്രൈ ഡേ ഒഴിവാക്കണമെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബാര്‍ക്കോഴ വിവാദം ഉയര്‍ന്നതിന് പിന്നാലെ എം.ബി. രാജേഷ് അഞ്ചു രാജ്യങ്ങളിലേക്ക് കുടുംബസമേതം യാത്ര പോയി.
മുന്‍കൂട്ടി തീരുമാനിച്ച യാത്രയാണെന്നാണ് വിശദീകരണം. എന്നാല്‍ മെയ് 24ന് പോയ യാത്രയക്ക് 22ന് ആണ് കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടിയത്. കേന്ദ്രസര്‍ക്കാര്‍ അനുമതി ഇല്ലാതെയാണ് മന്ത്രിയുടെ യാത്ര. ഇതിലും ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: