മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഭാരത ടീമിന്റെ ആദ്യ സംഘം അമേരിക്കയിലേക്ക് തിരിച്ചു. ശനിയാഴ്ച്ച രാത്രി വൈകി മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ലോകകപ്പ് ടീം പുറപ്പെട്ടത്. ഭാരത നായകന് രോഹിത് ശര്‍മ്മ, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ, ട്വിന്റി20 ബാറ്റിങ്ങിലെ ഒന്നാം റാങ്കുകാരന് സൂര്യകുമാര്‍ യാദവ്, പ്രധാന പരിശീലകന് രാഹുല്‍ ദ്രാവിഡ്, ബാറ്റിങ് പരിശീലകന് വിക്രം റാത്തോഡ് എന്നിവരടങ്ങുന്നതാണ് സംഘം.
ഔദ്യോഗികമായി ജൂണ്‍ ഒന്നിനാണ് ഉദ്ഘാടന മത്സരമെങ്കിലും ഭാരത സമയമനുസരിച്ച് ജൂണ്‍ രണ്ടിന് വെളുപ്പിന് ആറിനായിരിക്കും ആദ്യ മത്സരം. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ശിവംദുബെ, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സീങ്, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ലോകകപ്പിനായി പുറപ്പെട്ട ഭാരത സംഘത്തിലെ മറ്റ് താരങ്ങള്‍. വിരാട് കോഹ്ലി അടക്കമുള്ളവര്‍ ഇനി യാത്ര തിരിക്കേണ്ടതുണ്ട്. പ്രധാനമായും ഐപിഎല്‍ പ്ലേഓഫില്‍ കടന്ന ടീമംഗങ്ങളായവരാണ് ഇനി പുറപ്പെടാനുള്ളത്. യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്, യുസ്വേന്ദ്ര ചഹല്‍ അടക്കമുള്ളവരാണ് അവശേഷിക്കുന്നത്.
അമേരിക്കയും വെസ്റ്റിന്‍ഡീസും സംയുക്തമായി ആതിഥ്യമരുളുന്ന ഈ ലോകകപ്പില്‍ ഭാരതത്തിന്റെ ആദ്യ മത്സരം അമേരിക്കയിലാണ്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് രോഹിത്തും കൂട്ടരും തുടങ്ങുക. പുതുതായി പണികഴിപ്പിച്ച ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഒമ്പതിന് രണ്ടാം മത്സരത്തില്‍ ഭാരതം പാകിസ്ഥാനെ നേരിടും. പിന്നീട് യഥാക്രമം 12, 15 തീയതികളിലായി അമേരിക്കയെയും കാനഡയെയും നേരിടുന്നതോടെ ഭാരതത്തിന്റെ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാകും. 2007ല്‍ പ്രഥമ ട്വന്റി20 ലോകകപ്പ് നേടിയ ടീം ആണ് ഭാരതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: