ന്യൂദല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഭാരതം കുതിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക പ്രശ്നങ്ങളില്‍ ഭാരതം തളരില്ലെന്നും ഒരു സൂപ്പര്‍ പവറായി ഉയര്‍ന്നുവരുമെന്നും അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്), ലോകബാങ്ക് തുടങ്ങിയവയുടെയും പ്രമുഖ റേറ്റിങ് ഏജന്‍സികളുടെയും റിപ്പോര്‍ട്ടില്‍ പറയുന്നു.
വര്‍ധിച്ചുവരുന്ന മധ്യേഷ്യന്‍ സംഘര്‍ഷങ്ങള്‍, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍, പണപ്പെരുപ്പം, അന്താരാഷ്ട്ര വിപണിയിലെ മാന്ദ്യം എന്നിവ ആഗോള വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ വന്‍ കടക്കെണിയാണ് നേരിടുന്നതെന്നും ഐഎംഎഫിന്റെ ഗ്ലോബല്‍ ഡെബിറ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആഗോളതലത്തിലെ ജിഡിപിയുടെ 238 ശതമാനത്തിലേറെയാണ് ആഗോള കടം. ഇതിനിടയിലാണ് ഭാരതം വളര്‍ന്നുവരുന്ന മഹാശക്തിയായി അന്താരാഷ്ട്ര ഏജന്‍സികളും മുന്‍നിര റേറ്റിങ് സ്ഥാപനങ്ങളും വിലയിരുത്തുന്നത്.
ദീര്‍ഘകാലമായി കാത്തിരുന്ന സാമ്പത്തിക ഉയര്‍ച്ചയിലൂടെയാണ് ഭാരതം മുന്നേറുന്നതെന്ന് ആര്‍ബിഐയുടെ പ്രതിമാസ അവലോകന റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു. ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഭാരതം തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓര്ഗനൈസേഷന് ഫോര്‍ കോ-ഓപ്പറേഷന് ആന്‍ഡ് ഡെവലപ്മെന്റ് 2024ല്‍ 3.1 ശതമാനവും 2025ല്‍ 3.2 ശതമാനവുമാണ് ആഗോള വളര്‍ച്ച പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതേ കാലയളവില്‍ ഭാരതം 6.6 ശതമാനം വളര്‍ച്ച കൈവരിക്കും.
ചൈനയ്ക്ക് 4.9 ശതമാനവും ബ്രസീലിന് 1.9 ശതമാനവും വളര്‍ച്ചയുണ്ടാകും. വികസിത സമ്പദ്വ്യവസ്ഥകളില്, യുഎസ്, യുകെ, യൂറോപ്യന്‍ മേഖലകളിലെ വളര്‍ച്ച യഥാക്രമം 2.6, 0.4, 0.7 ശതമാനം മാത്രമായിരിക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: