ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഷഹുന്പൂരില് തീര്‍ത്ഥാടകരുടെ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കരിങ്കല്ല് കയറ്റിവന്ന ട്രക്കിടിച്ച് 11 പേര് മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം.
ഒരു ഡാബയ്ക്ക് മുന്പില് പാര്‍ക്ക് ചെയ്തിരുന്ന ബസില്‍ ഓവര്‍ടേക്ക് ചെയ്തുവന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ഉത്തരാഖണ്ഡിലെ പൂര്‍ണഗിരി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു തീര്‍ത്ഥാടകര്‍. ഏറെ നേരത്തേ രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. സുധാന്‍ഷു (7), ആദിത്യ (8), അജിത് (15), രോഹിണി (20), പ്രമോദ് (30), സീമ (30), സുമന് ദേവി (36), രാംഗോപാല്‍ (48), ശിവശങ്കര്‍ (48), ചുത്കി (50), സോണാവതി (45) എന്നിവരാണ് മരിച്ചത്.
സംഭവം അറിഞ്ഞയുടന്‍ ജില്ലാ മജിസ്ട്രേറ്റ് ഉമേഷ് പ്രതാപ് സിങ് സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. അപകടമുണ്ടാക്കിയ ട്രക്കിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് അവശ്യമായ ചികിത്സ നല്കുവാന് ജില്ലാ ഭരണകൂടം വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: