എടത്വാ: കനത്ത മഴയെ തുടര്‍ന്ന് പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ കരകൃഷി വ്യാപകമായി നശിച്ചു. അപ്പര്‍ കുട്ടനാട്ടില്‍ ഓണക്കാല വിപണി ലക്ഷ്യമിട്ട് നടന്നു വന്നിരുന്ന കരകൃഷിയാണ് വ്യാപകമായി നശിച്ചത്. പച്ചക്കറി, വാഴ, കപ്പ തുടങ്ങിയ കൃഷി നശിച്ചതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്.
തലവടി, വീയപുരം പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി കൂടുതലുള്ളത്. തലവടിയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇതിനോടകം വെള്ളം കയറി തുടങ്ങി. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി വനിതാ കൂട്ടായ്മകള്‍ നട്ടുവളര്‍ത്തിയ കപ്പകൃഷി വെള്ളത്തില്‍ മുങ്ങി. വിളവെത്തും മുന്‍പ് കപ്പ പറിച്ചെടുക്കുകയാണ് വനിതാ കൂട്ടാഴ്മകള്‍. ഓണം വിപണി ലക്ഷ്യമിട്ടാണ് വനിതകള്‍ കപ്പകൃഷി ആരംഭിച്ചത്. കപ്പകൃഷിക്ക് പുറമെ, പച്ചക്കറി കൃഷിയും വ്യാപകമായി നശിക്കുന്ന നിലയിലാണ്. വാഴകൃഷിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ശക്തമായ മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റില്‍ വാഴകൃഷി പിടിച്ചു നി
ര്‍ത്താന്‍ പാടുപെടുകയാണ് കര്‍ഷകര്‍. ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ കരകൃഷി പൂര്‍ണ്ണമായി നശിക്കും.
പത്തനംതിട്ടയിലും, കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന മഴയാണ് പമ്പാനദിയിലെ ജല നിരപ്പ് ഉയര്‍ന്നത്. ജലാശയങ്ങളില്‍ മണലും എക്കലും ചെളിയുമടിഞ്ഞ് സംഭരണ ശേഷി ഗണ്യമായി കുറഞ്ഞതാണ് ജലനിരപ്പ് പെട്ടന്നുയരാന്‍ കാരണമായത്. കിഴക്കന്‍ വെള്ളത്തിന്റെ വരവും ശക്തമായ ഒഴുക്കും പമ്പാനദികളില്‍ ആരംഭിച്ചു. കിഴക്കന്‍ മേഖലയില്‍ മഴ ശക്തിപ്രാപിച്ചാല്‍ ദിവസത്തിനുള്ളില്‍ കുട്ടനാട് മുങ്ങാന്‍ സാധ്യതയുണ്ട്.
പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ രൂക്ഷമായ പ്രതിസന്ധി നേരിടേണ്ടിവരും. നദീതീരത്തെ വീടുകളും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. മഴ തുടങ്ങി ദിവസങ്ങള്‍ കഴിയും മുന്‍പേ കുടനാട്ടിലെ ജനങ്ങളുടെ ദുരിത ജീവിതവും ആരംഭിച്ചു. തോട്ടപ്പള്ളി സ്പില്‍വെ ഷട്ടറുകള്‍ വഴി കടലിലേക്ക് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ തടസ്സപ്പെട്ടു കിടക്കുന്ന നീരൊഴുക്ക് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ കുട്ടനാട്ടുകാര്‍ക്ക് അല്പമെങ്കിലും ആശ്വസിക്കാന്‍ വകയുള്ളൂ. ഇതിനായി സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും മുന്‍കൈ എടുക്കണമെന്ന് കുട്ടനാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: