Kerala

തൃശ്ശൂർ പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെ ലൈംഗികാതിക്രമം; ഉപദ്രവിക്കാൻ ശ്രമിച്ചത് കമാന്റന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ

Published by

തൃശൂർ: രാമപുരത്തെ പോലീസ് അക്കാദമി ആസ്ഥാനത്ത് വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെ ലൈംഗികാതിക്രമം. ഓഫീസർ കമാന്റന്റ് റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻ ഓഫീസിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ അക്കാദമി ഡയറക്ടർക്ക് പരാതി നൽകി.

ഈ മാസം 17നാണ് ഉദ്യോഗസ്ഥനിൽ നിന്നും അതിക്രമം നേരിട്ടത്. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം എന്നും, ജോലി മാറ്റം വേണം എന്നും യുവതി എഴുതി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം,പരാതിയില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരിയില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. അതിനിടയില്‍ പരാതി ഒത്തുതീര്‍പ്പാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ചില രേഖകള്‍ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ തന്നെ ഉദ്യോഗസ്ഥന്‍ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതായും പരാതിയില്‍ പറയുന്നു. ഇത് ചെറുത്ത പരാതിക്കാരി ഓഫീസില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് രണ്ടുദിവസത്തിന് ശേഷം സമാനരീതിയില്‍ വീണ്ടും ഉപദ്രവമുണ്ടായെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

ഉദ്യോഗസ്ഥനെതിരേ കടുത്ത നടപടി വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ഇനി അക്കാദമിയില്‍ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും പരാതിയില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by