കോട്ടയം: കേരളത്തിലെ കുട്ടികളുടെ ഇടയിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നത് തടയാൻ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്ന് സൗരക്ഷിക. സംസ്ഥാന സർക്കാരും അനുബന്ധ വകുപ്പുകളും ബാല്യം ലഹരിമുക്തമാക്കുന്നതിന് അതീവ പ്രാധാന്യം നൽകണമെന്നും തുടർന്നും വിവിധ പ്രവർത്തനങ്ങൾ നടത്തണമെന്നും സൗരക്ഷികയുടെ കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തിൽ കൂടിയ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിലെ കുട്ടികളുടെ ഇടയിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നത് ഗുരുതരമായ ഒരു പ്രശ്നമാണ്. സിഗരറ്റ്, പുകയില, മദ്യം, മയക്കുമരുന്ന് തുടങ്ങി അനേകം ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സാമൂഹിക ജീവിതത്തിനും ഭീഷണിയാണ്. ഈ പ്രശ്നത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, കുടുംബ പ്രശ്നങ്ങൾ, സഹപാഠികളുടെ സ്വാധീനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് താൽക്കാലിക ആശ്വാസം നൽകുമെന്ന് കരുതുന്ന കുട്ടികൾ അവയിലേക്ക് ആകൃഷ്ടരാകുന്നു. എന്നാൽ, ലഹരി ഉപയോഗം ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.ലഹരി ഉപയോഗിക്കുന്ന കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് നേരിടാം. അവർക്ക് ക്ലാസിൽ വൈകിയെത്തുക, അല്ലെങ്കിൽ ക്ലാസ്സിൽ നിന്ന് അവധി എടുക്കുക എന്നിവ ചെയ്യാം. ലഹരി ഉപയോഗം അക്രമം, കുറ്റകൃത്യം തുടങ്ങിയ അപകടകരമായ പെരുമാറ്റങ്ങൾക്ക് കാരണമാകുമെന്നും പ്രമേയം വ്യക്തമാക്കുന്നു.
🔴രക്ഷിതാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ കുട്ടികളെ ലഹരി ഉപയോഗത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ബോധവത്കരണം തുടർന്നും നടത്തണം.
🔴ലഹരി ഉപയോഗിക്കുന്ന കുട്ടികൾക്ക് ചികിത്സയും പുനരധിവാസവും നൽകുന്നതിന് എല്ലാ ജില്ലകളിലും സൗജന്യ സംവിധാനങ്ങൾ ഒരുക്കണം.
🔴ലഹരിയുമായി ബന്ധപ്പെട്ട സംരക്ഷണ / ഇടപെടൽ സംവിധാനങ്ങളുടെ കാര്യക്ഷമത ഇടയ്‌ക്കിടെ പരിശോധിക്കണം
🔴എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ ക്ളബ്ബുകളുടെ പ്രവർത്തനം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കണം
🔴സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന മാഫിയകളുടെ പ്രവർത്തനം നിരീക്ഷിക്കേണ്ടതും അനിവാര്യമായ ഇടപെടലുകൾ നടത്തേണ്ടതുമാണ്
🔴സംസ്ഥാനത്തെ ലഹരി ലഭ്യതയുള്ള / ഉപയോഗിക്കുന്ന ഇടങ്ങളെ ഹോട് സ്പോട്ടുകളായി തരം തിരിച്ചു മിന്നൽ പരിശോധനകൾ നടത്തേണ്ടതാണ്.
🔴സ്കൂൾ പരിസരങ്ങളും, കുട്ടികൾ കൂടുതലായി ഉപയോഗിക്കുന്ന പൊതു ഇടങ്ങളും ലഹരിമുക്തമാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: