‘ശരമെയ്യുമ്പോള്‍ ശിരസ്സു നമിക്കുന്ന വിനയം നമ്മുടെ ഗുരുക്ഷേത്രത്തില്‍ എന്നുമുണ്ടായിരുന്നു.’ ഒരു പുസ്തകത്തിന്റെ മുഖക്കുറിപ്പില്നിന്നാണ് ഈ വാക്യം. പരാമര്‍ശിക്കുന്നത് മഹാഭാരതയുദ്ധത്തില്‍ ഭീഷ്മ പിതാമഹനെതിരെ യുദ്ധം ചെയ്യുമ്പോള്‍ യുധിഷ്ഠിരന് എന്ന ധര്‍മ്മപുത്രര്‍ അഭിവാദ്യം ചെയ്യുന്നതിനെക്കുറിച്ചാണ്. വിവരണത്തില്‍ ഗ്രന്ഥകാരന് പ്രൊഫ. കെ. പി. ശശിധരന് വ്യാസമുനിയുടെ വാക്കുകള്‍ക്ക് മലയാളം ഇങ്ങനെ എഴുതുന്നു: ‘അറിയിക്കുന്നു ദുര്‍ദ്ധര്‍ഷ, ഞങ്ങളങ്ങോടെതിര്ക്കയാം
അനുവാദം താത തരികാശിസ്സുകളുരയ്ക്കുക.’
‘അപരാജിതനാമങ്ങേപ്പോരില് വെല്ലുന്നതെങ്ങനെ’
ദുര്‍ദ്ധര്‍ഷനായ (തോല്‍പ്പിക്കാനാവാത്ത; തോല്‍പ്പിക്കാന്‍ പാടില്ലാത്ത) ഭീഷ്മ പിതാമഹനോട് അനുമതി വാങ്ങി യുദ്ധം ചെയ്യുന്ന സംസ്കാരം. ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ ഇതുപോലെ ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ട്. എതിര്‍ക്കുന്നതിലെ, വിയോജിക്കുന്നതിലെ ആ ധര്‍മ്മബോധം അയ്യായിരം വര്‍ഷം (അത്രയാണല്ലോ ചില ഗവേഷക പണ്ഡിതര്‍ മഹാഭാരതത്തിന് കല്പ്പിച്ചനുവദിച്ചിരിക്കുന്നത്!) കഴിഞ്ഞും തുടരുന്നുവെന്ന് തെളിയിക്കുന്നതാണ് പ്രൊഫ.കെ. പി. ശശിധരന് രചിച്ച ‘സഞ്ചാരി പറഞ്ഞ കടം കഥ’ (പൊറ്റെക്കാട്ടിന്റെ ‘ബാലിദ്വീപി’ലെ പാതിനേരും പതിരും) എന്ന കൃതി. ‘ബാലിദ്വീപെന്ന’ പ്രദേശത്തിന്റെ ചരിത്രം, സംസ്കാരം, സാമൂഹ്യ ജീവിതം എല്ലാം ഗവേഷണ നിരീക്ഷണ പഠനങ്ങളിലൂടെ സൂക്ഷ്മമായി ശരിയായി നമുക്ക് അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ. ബാലിയെ അറിയാന്‍, അവിടത്തെ സംസ്കൃതിയെ അറിയാന്‍ സംസ്കൃത ഭാഷാ ജ്ഞാനം അനിവാര്യമാണ്.
സംസ്കൃതം അറിയാത്തവര്‍ പറഞ്ഞും എഴുതിയും വച്ചത് മറ്റു ഭാഷകളിലൂടെ മനസ്സിലാക്കി സാക്ഷ്യപ്പെടുത്തിയ രേഖാ ചിത്രമാണ് എസ്.കെ. പൊറ്റെക്കാട്ട് എന്ന അതുല്യനായ ലോക സഞ്ചാരി നമുക്ക് സമ്മാനിച്ചത്. ബാലിയുടെ നേര് സംസ്കാരം അവതരിപ്പിക്കാനുള്ള പരിശ്രമത്തില്‍ പ്രൊഫ. ശശിധരന് പൊറ്റെക്കാട്ടിന്റെ ചരിത്രരേഖയെ തിരുത്തേണ്ടി വരുന്നുണ്ട്. ആ തിരുത്തലിനു തുനിയുമ്പോഴാണ് മഹാഭാരത കഥയും ഭീഷ്മപിതാമഹനും യുധിഷ്ഠിരനും യുദ്ധമര്യാദയും ആമുഖത്തില്‍ വിശദീകരിക്കേണ്ടി വന്നത്.
പൊറ്റെക്കാട്ട് സഞ്ചരിച്ചു. നേരില്‍ കണ്ടതും മനസ്സിലാക്കിയതും അന്വേഷിച്ചു കണ്ടെത്തിയതും നമ്മെ എഴുതി അറിയിച്ചു. അദ്ദേഹം അനുഭവിച്ചറിഞ്ഞത് പലതും നമ്മള് ആര്‍ത്തിയോടെ ആവര്‍ത്തിച്ച് ഇന്നും വായിക്കുന്നു എന്നാല്‍, ആഴത്തില്‍ അന്വേഷിച്ചപ്പോള്‍ ബാലിദ്വീപിനെക്കുറിച്ച് പൊറ്റെക്കാട്ട് അറിഞ്ഞതില്‍ പലതും ‘മിഗല്‍ കൊവറൂബ’യെന്ന മെക്സിക്കന്‍ എഴുത്തുകാരന് ബാലിദ്വീപിനെക്കുറിച്ചെഴുതിയ (തെറ്റായ) വിവരണങ്ങളില്‍നിന്നായിരുന്നു. അദ്ദേഹത്തിന്റെ വിവരണ പുസ്തകമായ ‘ഐലന്റ് ഓഫ് ബാലി’യിലെ അക്ഷരംപ്രതി പകര്‍ത്തിയെടുത്താണ് പൊറ്റെക്കാട്ടിന്റെ ബാലി ദ്വീപിലെ പല വിവരങ്ങളുമെന്ന് പ്രൊഫ. ശശിധരന് കണ്ടെത്തുന്നു.
ആ കണ്ടെത്തല്‍, മലയാള സാഹിത്യത്തിലേയും സിനിമയിലേയും പല ‘കോപ്പിയടി’കളും കണ്ടെത്തി അവതരിപ്പിക്കപ്പെട്ടിട്ടുള്ളപ്പോള് ‘അന്വേഷകര്‍’ അനുഭവിച്ചതോ അവകാശപ്പെട്ടതോ തോന്നിപ്പിച്ചതോ ആയ ‘സംഹാര ശൂര വീരത്വ’ പ്രകടനം പോലെ സ്വയം വിളംബരം ചെയ്യാന്‍ അദ്ദേഹം തയാറാകുന്നില്ല. ‘ഖസാക്കിന്റെ ഇതിഹാസം’ ബംഗര്‍ വാഡി എന്ന രചനയുടെ പകര്‍പ്പാണെന്ന്, അവകാശപ്പെട്ടവരോ, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘മരുന്നി’ലെ കപ്പല്‍ യാത്ര ടാഗോറിന്റെ ‘കപ്പല്‍ച്ചേത’ത്തിലെ ഭാഗങ്ങളുടെ ‘ഈച്ചക്കോപ്പി’യാണെന്ന് കണ്ടെത്തിയ ആളിന്റെയോ കെ.ആര്. മീരയുടെ ‘ആരാച്ചാര്‍’ അതിന് മുമ്പ് അതേപോലെ ഒരാള്‍ എഴുതിയതിന്റെ പകര്പ്പാണെന്നോ ബഷീറിന്റെ ‘കുഴിയാന’കളെ കണ്ടെടുത്തവതരിപ്പിച്ചവരോ ഒന്നും പ്രകടിപ്പിക്കാത്ത സാംസ്കാരിക മാന്യത പ്രൊഫ. കെ.പി. ശശിധരന് കാണിക്കുന്നു. അതുകൊണ്ടാണ് മഹാഭാരത സാംസ്കാരിക ചരിതം മുഖക്കുറിപ്പില്‍ വന്നത്. അത് പറയാന്‍ പ്രൊഫസര്‍ ഉപയോഗിക്കുന്ന വാക്യങ്ങളും വാക്കുകളും പറയുന്നുണ്ട്, ഒരു സംസ്കാരത്തിന്റെ ചരിത്രം.
അങ്ങനെയാണ് ഈ ലേഖനത്തിന്റെ ആദ്യവാക്യം പ്രൊഫ. ശശിധരന്റേതായി ഉദ്ധരിച്ചത്. ‘ശരമെയ്യുമ്പോള്‍ ശിരസ്സു നമിക്കുന്ന വിനയം നമ്മുടെ ഗുരുക്ഷേത്രത്തില്‍ എന്നുമുണ്ടായിരുന്നു’ എന്ന് അദ്ദേഹം എഴുതുമ്പോള്‍ ഒരു രാഷ്ട്രത്തിന്റെ, ജനതയുടെ, ജീവന്മരണപ്പോരാട്ടമായ യുദ്ധമുഖത്തും പ്രകടമായിരുന്ന സംസ്കാരമാണതില് വിവരിക്കുന്നത്. അതിനുപയോഗിക്കുന്ന വാക്കുകള്‍ ‘ഗുരുക്ഷേത്രത്തില്‍’ പോലെയുള്ളവ സംക്രമിപ്പിക്കുന്ന ആശയലോകം ഒരു സംസ്കൃതിയുടേതാണ്. ആ വാക്യം അനുസരിപ്പിക്കുന്നത് ഒരു ജനതയുടെ ദീര്‍ഘകാല സാംസ്കാരിക ചരിത്രത്തെയാണ്. എന്നാല്‍ ഇതെല്ലാം ഇവിടെ യുഗങ്ങളായി നിലനിന്നിട്ടും അത് ഉള്‍ക്കൊണ്ടും അനുയാത്ര ചെയ്തും ഇന്നും ജീവിക്കുന്നവരുണ്ട് എന്ന് തിരിച്ചറിയുന്നിടത്താണ് വായനക്കാരന്റെ സംസ്കാര സഞ്ചാരം സഫലമാകുന്നത്.
ഇത് തിരിച്ചറിയാന്‍, പുസ്തകം പുറത്തിറങ്ങിയതിന്റെ തുടര്‍ദിവസങ്ങളില്‍ സാംസ്കാരിക മേഖലയില്‍ കേരളത്തില്ത്തന്നെയുണ്ടായ മറ്റൊരു വര്‍ത്തമാന വിവാദം അറിഞ്ഞാല്‍ മതി. പണ്ട് പണ്ട് വായനയായിരുന്നു, പുസ്തകമായിരുന്നു, (ഗ്രന്ഥമോ എഴുത്തോലയോ) അറിവിന് അടിത്തറ. ഇന്ന് ഡിജിറ്റല്‍ യുഗത്തില്‍ അറിവറിയുന്നതിന്റെ ഘടനയും രീതിയും മാറി. എങ്കിലും ഇടക്കാലത്ത് കടന്നുവന്ന സിനിമ എന്ന ബഹുജന മാധ്യമം ഇപ്പോഴും അതിന്റെ സ്വാധീനം നിലനിര്‍ത്തുന്നു. ‘സിനിമയെ’ കാണാന്‍ പോയിരുന്ന കാലം മാറി, കാണാന്‍ സിനിമ വീടുകളിലേക്കും കൈകളിലേക്കും ‘വരുന്നു’വെന്ന ഭേദം മാത്രം. ആ സിനിമയ്ക്ക്, സിനിമാരീതിക്ക്, സിനിമാപ്രവര്‍ത്തകര്‍ക്ക് തമ്മില്‍ ഉണ്ടാകുന്ന ഭേദം കാലത്തിന്റെ ദൂരമല്ല സംസ്കാരത്തിന്റെ അകലമാകുന്നുവെന്നു മാത്രം.
കഴിഞ്ഞയാഴ്ചയാണ് ജന്മഭൂമി ബുക്സിന്റെ ‘സഞ്ചാരി പറഞ്ഞ കടം കഥ’ പ്രകാശനം ചെയ്തത്. പ്രസിദ്ധ നിരൂപകന് ആഷാമേനോന്, സാഹിത്യകാരന് പി.ആര്. നാഥന്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട്ടെ സാംസ്കാരിക വേദിയിലായിരുന്നു അത്. തൊട്ടുപിന്നാലെയാണ് സിനിമാപ്രവര്ത്തകന് ഷെയ്ന് നിഗം, സഹപ്രവര്ത്തകന് ഉണ്ണി മുകുന്ദന് എന്ന നടനെക്കുറിച്ച് നടത്തിയ പരാമര്‍ശം വന്നത്. ഒരുപക്ഷേ, സിനിമയിലല്ലാതെ, പരസ്യമായി നടത്തിയ ആ വിമര്‍ശനം സാംസ്കാരികമായി എല്ലാ തലത്തിലും തരത്തിലും നിലവാരം താഴ്ന്നതായിപ്പോയി.
ശരമെയ്യുമ്പോള്‍ (വിമര്‍ശന) നയവുമില്ല, അതിനാല്‍ത്തന്നെ വിനയവുമില്ലാതെ, ശിരസ്സു നമിക്കാതെ, ഗുരുത്വദോഷത്തിന്റെ പരമാവധിയിലായിരിക്കണമെന്നു നിഷ്ഠയോ നിയമമോ പാലിച്ചതുപോലെയായിരുന്നു അത്. അതെ, വാക്ക് സംസ്കാരമാണ്. അത് വ്യക്തിയെ സ്വയം അവതരിപ്പിക്കുന്നതാണ്. എസ്.കെ. പൊറ്റെക്കാടിനെ പ്രൊഫ. കെ.പി. ശശിധരന് വിമര്‍ശിക്കുമ്പോള്‍ കാണിക്കുന്ന സാംസ്കാരിക ഔന്നത്യം ഷെയിന്‍ നിഗമില്‍നിന്ന് പ്രതീക്ഷിക്കുന്നതാണ് പിശക്. കാരണം, ‘പുഴു’ ഒന്നല്ല സിനിമയില്‍ ഇന്ന്. പലതരം പുഴുക്കളുടെ കുപ്പത്തൊട്ടിയാണ് മലയാള സിനിമാ രംഗം എന്ന് പറയിക്കാന്‍ കാത്തിരിക്കുകയാണല്ലോ ചിലര്‍.
‘നവകാല’ സിനിമയെന്ന പേര് നെറ്റിയിലൊട്ടിക്കാതെവന്ന സിനിമകള്‍ മലയാളത്തില്‍ ചരിത്രമായിട്ടുണ്ട്. ആധുനികത മലയാള കവിതയില്‍ തുടങ്ങിയത് എന്ന്, ഏതിലൂടെ, ആരിലൂടെ, എന്ന തര്‍ക്കം പോലെയാകും നവസിനിമകളെക്കുറിച്ചു പറഞ്ഞാലും. നവകവിത അക്കിത്തത്തിലാണ്, അതല്ല അയ്യപ്പപ്പണിക്കരിലാണ് തുടങ്ങിയതെന്ന് വാദിച്ചാലും സ്ഥാപിച്ചാലും ശ്രദ്ധിക്കപ്പെടേണ്ടത് പൊതുവായി അവരുടെ രചനകളിലെ അടിത്തറയായ സാംസ്കാരികധാരയെയാണ്.
മിനുട്ടിനു മിനുട്ടിന് ‘ബീപ്’ ശബ്ദം കേള്‍പ്പിച്ച് അശ്ലീല വാക്യങ്ങളും വാക്കുകളും സെന്‍സര്‍ ചെയ്യേണ്ടിവരുന്ന നവകാല സിനിമകളും ‘ചുരുളി’ പോലെ ‘മുഴുനീള തെറി’ വര്‍ത്തമാനങ്ങളും അതിനൊക്കെയൊപ്പിച്ച ദൃശ്യങ്ങളും ആഘോഷിക്കപ്പെടുന്നിടത്തുനിന്ന് വാക്കിലും ഭാഷണത്തിലും സംസ്കൃതി പ്രതീക്ഷിക്കുന്നതാണ് പിശക്. സാമ്പത്തിക ഭീകരത മാത്രമല്ല സകലതല തര ഭീകരതയും സാംസ്കാരികതയെയാകെ ‘പുഴു’വരിക്കുന്ന കാലത്തെ വെളിപ്പെടലുകളില്‍ ഒന്നാണ് ഷെയ്ന് നിഗം പറഞ്ഞ ‘ഷോര്‍ട്ട് ഫോമിന്റെ ഫുള്‍ഫോം.’ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ഇനിയും വിശദീകരിച്ചിട്ടില്ലാത്ത, നിഷേധിച്ചിട്ടില്ലാത്ത അദ്ദേഹത്തിനെതിരായ ‘പുഴു’ ആരോപണവും ആസിഫലിയെപ്പോലുള്ള നടന്മാര് ആളും അവസരവും നോക്കി അത്തരം വിഷയങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്നതുമൊക്കെ അപകടകരമായ പ്രവണതകളുടെ ചില ഉദാഹരണങ്ങളാണ്.
ഷെയ്ന് നിഗമിന്റെ വര്‍ത്തമാനം സകല മര്യാദകളുടേയും ലംഘനമായി. ഒളിച്ചു കടത്തലുകളും ഒളിപ്പോരുകളും ചതിപ്രയോഗങ്ങളും കഴിഞ്ഞ് നേര്‍ക്കുനേര്‍ തമ്മില്‍ത്തല്ലാന്‍ തയാറാണെന്ന് പ്രഖ്യാപിക്കുന്ന കവലത്തല്ലുകാരുടെ തലത്തിലേക്കാണ് ഈ പതനം. സിനിമയല്ല ജീവിതമെന്ന് സിനിമാപ്രവര്‍ത്തകരോട് ഉപദേശിക്കേണ്ടി വരുന്ന സ്ഥിതി. ‘സിഎഎ വിരുദ്ധ സമരം’ നടത്തിയ സിനിമാ പ്രവര്‍ത്തകര്‍ അത് നിയമമായി നടപ്പിലായപ്പോള്‍ ‘അറിഞ്ഞതേയില്ലെന്ന് ഭാവിച്ചത്’ വിവേകമുദിച്ചതിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്.
ഇവിടെയാണ് നമ്മുടെ സാംസ്കാരിക ലോകത്തിന്റെ സാമൂഹ്യ ജീവിതത്തിന്റെ മറ്റുരക്കല്ലുകള് തെളിയുന്നത്. പ്രധാനമന്ത്രി എത്ര തവണ മുസ്ലിം എന്ന വാക്കുപയോഗിച്ചുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് എടുക്കുന്ന മാദ്ധ്യമലോകവും ഇവിടെ പാലിക്കുന്ന മൗനമോ നിശ്ശബ്ദതയോ വിളിച്ചു പറയുന്നത് ചില അപകടങ്ങളെക്കുറിച്ചാണ്. അവിടെയാണ് വാക്കിന്റെ സംസ്കാരം ഉയര്‍ത്തുന്ന ചര്‍ച്ചയുടെ പ്രാധാന്യം. ഈ വാക്കപകടം രാഷ്ട്രീയ നേതാവ് ഹരിഹരനു സംഭവിച്ചാല്‍ അത് ആക്രമണത്തിനും ബോംബേറിനും വരെ കാരണമാകുന്നു.
മറ്റു ചിലരുടെ കാര്യത്തില്‍ ആകുമ്പോള്‍ അനക്കമേയില്ലാതാകുന്നു. ‘ഇതാ ആശ്രമമൃഗം, കൊല്ല്, കൊല്ല്’ എന്ന് ശാകുന്തളത്തിലെ കാളിദാസ വാക്യത്തെ തെറ്റായി പ്രഘോഷിക്കുന്നതു പോലെയാണ് സാംസ്കാരിക ലോകത്തിന്റെ കേരളത്തിലെ പ്രതികരണം. അവിടെ ഈ കാലത്തും പ്രൊഫ.ശശിധരന്മാര് ധര്‍മ്മപുത്രരുടെ ധര്‍മ്മയുദ്ധ മര്യാദകള്‍ പുലര്‍ത്തുമ്പോള്‍ ഷെയ്ന് നിഗമുകള് അധര്മ്മവൃത്തികള് വഴി ‘കുധര്മ്മരൂപ’ങ്ങളാകും. ചെറുക്കാന്‍ മാര്‍ഗ്ഗം ധര്‍മ്മത്തെ മുറുകെ പിടിക്കുകയും തെറ്റുകള്‍ തിരുത്തിക്കാന്‍ ഒരുമ്പെട്ട് ഇറങ്ങിത്തിരിക്കുകയുമാണ്.
പിന്കുറിപ്പ്:
ടിവിഎം എന്ന ഇംഗ്ലീഷ് ചുരുക്കപ്പേരിന്റെ പൂര്‍ണരൂപം തിരുവനന്തപുരമെന്നായിരുന്നു. ഇന്ന് ടിവിഎം എന്നാല്‍ ടിക്കറ്റ് വെന്‍ഡിങ് മെഷീന് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: