ബിജെപിയുടെ വിജയപ്രതീക്ഷ വിപണിയെ അതിവേഗം മുകളിലേക്ക് കുതിപ്പിക്കുകയാണ്. കഴിഞ്ഞ 12 ദിവസങ്ങളിലെ വ്യാപാരം കണക്കിലെടുക്കുമ്പോള്‍ സെന്‍സെക്സ് മാത്രം 3500 പോയിന്റ് ആണ് ഉയര്‍ന്നത്. വെള്ളിയാഴ്ചത്തെ കണക്കെടുത്താല്‍, 75,410ല്‍ നില്‍ക്കുകയാണ് സെന്‍സെക്സ് മെയ് 13ന് സെന്‍സെക്സ് 71,871 എന്ന നിലവാരത്തിലായിരുന്നു. അതായത് 12ദിവസത്തില്‍ 3539 പോയിന്റുകളാണ് ഉയര്‍ന്നത്.
മൂന്നാം തവണയും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ ഇതുവരെയുള്ള സാമ്പത്തികനയങ്ങളില്‍ തുടര്‍ച്ചയുണ്ടാകും എന്ന ശുഭാപ്തിവിശ്വാസമാണ് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ വിദേശ-ആഭ്യന്തരനിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. വോട്ടിംഗ് ശതമാനം കുറഞ്ഞത് നരേന്ദ്രമോദി സര്‍ക്കാരിന് ക്ഷീണമാകും എന്ന ഇന്ത്യാമുന്നണിയുടെ പ്രചാരണം വിപണിയിലെ നോമുറ അടക്കമുള്ള പ്രമുഖ നിക്ഷേപകസ്താപനങ്ങള് വസ്തുതകള്‍ നിരത്തി തള്ളിക്കളഞ്ഞതോടെയാണ് വിപണി ഉണര്‍ന്നത്. രണ്ടാഴ്ച മുന്‍പ് മുതല്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ച വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ അത് ചൈനയുടെ ഓഹരിവിപണികളില്‍ നിക്ഷേപിക്കുന്നു എന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞാണ് ഓഹരി വിപണി കുതിക്കുന്നത്.
ജൂണ്‍ 1ന് എക്സിറ്റ് ഫലങ്ങള്‍ പുറത്തുവരും.പക്ഷെ തെരഞ്ഞെടുപ്പ് ഫലം ഏതാണ്ട് നിശ്ചയിക്കപ്പെട്ടതോടെ, എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് മുന്‍പേ തന്നെ നിക്ഷേപകര്‍ വലിയ ആത്മവിശ്വാസത്തിലാണെന്നര്ത്ഥം. ജൂണ്‍ നാലിന് ബിജെപിയും ഇന്ത്യന്‍ ഓഹരിവിപണിയും റെക്കോഡ് ഉയരങ്ങള്‍ തൊടുമെന്ന് മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന നിക്ഷേപകരില്‍ വലിയ ആത്മവിശ്വാസമാണ് ഉണര്‍ത്തിയിരിക്കുന്നത്.
ബേണ്സ്റ്റീന് എന്ന ആഗോള ബ്രോക്കറേജ് കമ്പനി ജൂണ്‍ നാലിന് നിഫ്റ്റി 23000 തൊടുമെന്ന പ്രവചനം ഇപ്പോഴേ നിഫ്റ്റി കാറ്റില്‍പറത്തിയിരിക്കുന്നു. വെള്ളിയാഴ്ച തന്നെ നിഫ്റ്റി 22,957ല്‍ എത്തിനില്‍ക്കുകയാണ്. ബേണ്സ്റ്റീന് പ്രവചിച്ചത് ബിജെപി 330 മുതല്‍ 350 വരെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്നാണ്. അധികാരത്തുടര്‍ച്ച തന്നെയാണ് വിപണിയെ പ്രചോദിപ്പിക്കുന്ന ഘടകമെന്നും അതിനാലാണ് വിപണി ഉയരുന്നതെന്നും ബേണ്‍സ്റ്റീന്റെ വേണുഗോപാല്‍ ഗാരെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: