തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി നൂറുകണക്കിന് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുതിര്‍ന്ന നടിമാരില്‍ ഒരാണ് കവിത. 11-ാം വയസ്സില്‍ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ നടി നായികയായും പിന്നീട് അഭിനയപ്രാധന്യമുള്ള ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്തു. നിലവില്‍ അമ്മകഥാപാത്രങ്ങളൊക്കെ ചെയ്ത് സജീവമായി അഭിനയത്തില്‍ നില്‍ക്കുകയാണ്.
ഒരു കാലത്ത് സൂപ്പര്‍താരങ്ങളായിരുന്ന എന്‍ടിആര്‍, എഎന്‍എന്‍ആര്‍, കൃഷ്ണ, ചിരഞ്ജീവി തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ചിത്രങ്ങളിലൊക്കെ കവിത പ്രധാന വേഷങ്ങളില്‍ തന്നെ അഭിനയിച്ചിരുന്നു. നായികയായും ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റെന്ന നിലയിലും നടി മികവ് പുലര്‍ത്തി.. കവിതയുടെ ജീവിതം എന്നും ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു
കൊവിഡ് കാലത്ത് കവിതയ്‌ക്ക് ഭര്‍ത്താവിനെയും മകനെയും ഒറ്റയടിക്ക് നഷ്ടപ്പെട്ടിരുന്നു. ആ ദുരന്തങ്ങളില്‍ നിന്നും ജീവിതത്തിലേക്ക് കരകയറുകയാണ് കവിതയിപ്പോള്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ കവിത തന്റെ കുടുംബത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് മുന്‍പും തന്റെ കുടുംബത്തില്‍ ദാരുണമായ ചില സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നായിരുന്നു നടി പറഞ്ഞത്.
വളരെ ചെറുപ്പത്തില്‍ തന്നെ ഇന്‍ഡസ്ട്രിയിലേക്ക് വന്നയാളാണ് ഞാന്‍. താമസിയാതെ വിവാഹവും കഴിച്ചു. അക്കാലത്ത് പ്രണയത്തെക്കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. പക്ഷേ, എന്റെ ഭാവി ഭര്‍ത്താവ് സൂപ്പര്‍സ്റ്റാര്‍ കൃഷ്ണയെ പോലൊരാള്‍ ആകണമെന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു. എന്നിരുന്നാലും വിവാഹശേഷം ഭര്‍ത്താവിനെ സ്‌നേഹിച്ചോണ്ട് ജീവിച്ചു.
ദശരഥരാജ് എന്നയാളായിരുന്നു കവിതയുടെ ഭര്‍ത്താവ്. തന്റെ വിവാഹം നിശ്ചയിച്ചതിന് ശേഷം താന്‍ ഭര്‍ത്താവാകാന്‍ പോകുന്ന ആളുടെ മുന്നില്‍ ഒരു നിബന്ധന വെച്ചിരുന്നു എന്നാണ് കവിതയിപ്പോള്‍ പറയുന്നത്. എനിക്ക് കുട്ടികള്‍ക്ക് ജന്മം കൊടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്. അതൊരു തമാശയാണെന്ന് കരുതി അദ്ദേഹം അവഗണിച്ചു.
അങ്ങനെ കല്യാണം കഴിഞ്ഞു. ഉടനെ തന്നെ കുട്ടിയ്‌ക്ക് ജന്മം കൊടുക്കണമെന്ന് എന്റെ അമ്മായിയമ്മ നിര്‍ദ്ദേശിച്ചു. എങ്കില്‍ മാത്രമേ ആരോഗ്യമുള്ള കുട്ടികളെ കിട്ടു എന്നൊക്കെ അവര്‍ പറഞ്ഞു. എന്നാല്‍ എനിക്ക് കുട്ടികള്‍ക്ക് ജന്മം കൊടുക്കാന്‍ പറ്റില്ലെന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. എന്തിനാ അങ്ങനെ പറയുന്നതെന്നും കുട്ടികള്‍ വേണ്ടേ? എന്നൊക്കെ അമ്മ ചോദിച്ചു.
ഇതോടെ ഞങ്ങളുടെ വീട്ടില്‍ നടന്ന ദുരന്തത്തെക്കുറിച്ച് ഞാന്‍ അമ്മയെ ഓര്‍മ്മിപ്പിച്ചു. എനിക്കൊരു ഇളയ സഹോദരനുണ്ടായിരുന്നു. വളരെ ചെറുപ്പത്തിലേ അവന്‍ മരിച്ചു. അമ്മ അവനെ പ്രസവിച്ചില്ലെങ്കില്‍, അവന്‍ മരിക്കില്ലായിരുന്നല്ലോ. അതോര്‍ത്ത് ഞാന്‍ കരയുകയാണ് ചെയ്തത്. അന്ന് മുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് എന്തിനാണെന്നും അവരെ കൊല്ലാന്‍ വേണ്ടിയല്ലേ എന്ന തോന്നലും ഉണ്ടായി. അതാണ് കുട്ടികള്‍ക്ക് ജന്മം കൊടുക്കാന്‍ മടിയുണ്ടായതെന്നാണ് കവിത പറഞ്ഞത്.
ഇത് കേട്ടതിന് ശേഷം അമ്മയും ഭര്‍ത്താവും എന്നെ പ്രോത്സാഹിപ്പിച്ചു. അതില്‍ നിന്ന് പുറത്തു വരാനും സഹോദരനെക്കുറിച്ച് ചിന്തിച്ച് ഇരുന്നാല്‍ സങ്കടം വരുമെന്നും അവര്‍ പറഞ്ഞു. അതിന് ശേഷം രണ്ടു മാസം കഴിഞ്ഞ് ഞാന്‍ ഗര്‍ഭിണിയായി. പക്ഷെ എന്നും ഞാന്‍ എന്റെ അനുജന്റെ ഫോട്ടോയും കയ്യില്‍ പിടിച്ച് കരയും. ഇവിടെ നിന്നാല്‍ കൂടുതല്‍ കരഞ്ഞോണ്ടിരിക്കേണ്ടി വരുമെന്ന് പറഞ്ഞ് എന്റെ ഭര്‍ത്താവ് എന്നെയും കൂട്ടി ലോകം കറങ്ങാന്‍ കൊണ്ടുപോയി.
ശേഷം ഒരു മകള്‍ ജനിച്ചതോടെ എന്റെ മനസ്സ് മാറി. സന്തോഷം കൂടുകയാണ് ചെയ്തത്. പിന്നെയും കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തു. അങ്ങനെ മൂന്ന് മക്കള്‍ ജനിച്ചു. എന്റെ ഭര്‍ത്താവും മകനും ഒരേ സമയം മരിച്ചത് പറഞ്ഞറിയിക്കാനാവാത്ത ദുരന്തമായി പോയെന്നും കവിത പറഞ്ഞിരുന്നു.
2021 കൊവിഡ് കാലത്താണ് നടിയുടെ ഭര്‍ത്താവും മകനും ഒരുമിച്ച് മരിക്കുന്നത്. അതിന് ശേഷം സിനിമയ്‌ക്ക് പുറമേ രാഷ്‌ട്രീയത്തിലേക്കും പ്രവേശിച്ചിരിക്കുകയാണ് നടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക