കോണ്‍ഗ്രസുകാര്‍ ചാഞ്ഞും ചെരിഞ്ഞും പറഞ്ഞിട്ടും നരേന്ദ്രമോദി പറഞ്ഞ മുസ്ലീം വിരോധം എന്താണെന്നുമാത്രം വ്യക്തമാകുന്നില്ല. ഏപ്രില്‍ 21ന് രാജസ്ഥാനിലെ ബന്‍സാരയില്‍ പറഞ്ഞതെന്താണ്? ‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവര്‍ ജനങ്ങളുടെ സ്വര്‍ണവും വെള്ളിയും കണക്കെടുപ്പുനടത്തി കൂടുതല്‍ മക്കളുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്ക് വീതിച്ചുനല്‍കും.’- ഇതിലെവിടെയാണ് മുസ്ലീം വിരോധമുള്ളത്. ഇതില്‍ രാജ്യസ്നേഹം മാത്രമേയുള്ളൂ. കൂടുതല്‍ മക്കളുള്ള നുഴഞ്ഞുകയറ്റക്കാര്‍ എന്നുപറഞ്ഞാല്‍ മുസ്ലീമാണെന്ന് ആരാണ് പറഞ്ഞത്? നിഗമനത്തിലെത്തുകയാണോ? ഇതിന്റെ പേരില്‍ ഇലക്ഷന് കമ്മീഷന് പ്രധാനമന്ത്രിയുടെ തലവെട്ടാനാകുമോ? ഇലക്ഷന് കമ്മീഷന് അങ്ങിനെ ചെയ്യില്ല എന്നാണ് പരാതി. ജൂണ്‍ 4ന് കോണ്‍ഗ്രസ് പറയാന്‍ പോകുന്നത്. വോട്ടിംഗ് യന്ത്രം തട്ടിപ്പാണെന്നായിരിക്കും എന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതിന്റെ പേരില്‍ നരേന്ദ്രമോദിയെ ഇല്ലായ്മചെയ്യണമെന്നും പറയുന്നു. എന്നാല്‍ രാഹുല്‍ പറഞ്ഞതെന്താണ്?
ഏപ്രില്‍ 18 ന് കോട്ടയത്ത്! -ബിജെപി ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം എന്ന നയമാണ് നടപ്പാക്കാന്‍ നോക്കുന്നതെന്നാണ്. ഏപ്രില്‍ 12നു കോയമ്പത്തൂരില്‍ പറഞ്ഞതോ? ‘തമിഴ് ഭാഷയേയും സംസ്കാരത്തേയും ഇല്ലാതാക്കാന്‍ പോകുന്നു’ എന്നാണ്. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ ഏപ്രില്‍ 18ന് അഭിമുഖത്തില്‍ പറഞ്ഞത്-‘ഞാന്‍ ദളിതനായതുകൊണ്ടാണ് രാമക്ഷേത്രസമര്‍പ്പണ ചടങ്ങില്‍ എന്നെ ക്ഷണിക്കാത്തത്. ബിജെപി ഭരണഘടന തകര്‍ക്കാന്‍ ശ്രമിക്കുന്നു’
ഇതിനെത്തുടര്‍ന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശവും നിബന്ധനയും വന്നത്. മതവിദ്വേഷവും വിഭാഗീതയുമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്നു ബിജെപിക്കു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദ്ദേശം നല്‍കിയെന്നാണ് പറഞ്ഞത്. ഭാരതത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുംവിധം പരസ്പരവിദ്വേഷവും വിഭാഗീയതയും ഉളവാക്കുന്ന പ്രചാരണം നടത്തരുതെന്നു കോണ്‍ഗ്രസിനും നിര്‍ദേശം നല്കി. ഇരുപാര്‍ട്ടികളുടെയും താരപ്രചാരകര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായും ഇരുപാര്‍ട്ടി അധ്യക്ഷന്മാരും നല്കിയ വിശദീകരണം നിലനില്‍ക്കുന്നതല്ലെന്നും കമ്മീഷന് പറഞ്ഞിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ക്കെതിരെ രാഹുലും, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുടെ പ്രസംഗങ്ങള്‍ക്കെതിരെ ബിജെപിയും പരാതി നല്കി ഒരു മാസത്തോളം കഴിഞ്ഞപ്പോഴാണ് കമ്മീഷന്റെ ഇടപെടല്‍.
ഏപ്രില്‍ 25നു കമ്മീഷന് നല്കിയ കാരണം കാണിക്കല്‍ നോട്ടിസിന് കോണ്‍ഗ്രസ് മേയ് ആറിനും ബിജെപി 13നുമാണ് മറുപടി നല്‍കിയത്. കമ്മീഷന് നോട്ടിസ് നല്കിയ ശേഷവും പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചത് ആശങ്കാജനകമാണെന്നും ഇതു തുടരരുതെന്നും ബിജെപിക്കു നിര്‍ദേശമുണ്ട്. ഭരണഘടന അപകടത്തിലെന്നും പ്രതിരോധ മന്ത്രാലയം സംശയനിഴലിലെന്നും തോന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്നു കോണ്‍ഗ്രസിനുള്ള നിര്‍ദേശത്തില്‍ പറയുന്നു.
കമ്മിഷന്റെ ഉത്തരവില്‍ ആരെയും പേരെടുത്തു പരാമര്‍ശിച്ചിട്ടില്ല. പ്രചാരണ വിലക്ക് പോലെയുള്ള നടപടികളുമില്ല. കോണ്‍ഗ്രസിനെതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കു തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനു കമ്മിഷന് 48 മണിക്കൂര്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ബിജെപി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും കോണ്‍ഗ്രസ് അവാസ്തവ പരാമര്‍ശങ്ങള്‍ നടത്തിയെന്നും കമ്മിഷന് വിലയിരുത്തിയിട്ടുണ്ട്.
താരപ്രചാരകര്‍ വിദ്വേഷ പ്രസംഗം നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും നിര്‍ദേശം നല്കി. ഇരുപാര്‍ട്ടികളും സ്വന്തം നടപടികള്‍ തിരുത്തുന്നതിനുപകരം ചട്ടത്തിലെ പഴുതുകള്‍ ഉപയോഗിക്കാനും എതിര്‍പാര്‍ട്ടികള്‍ ഇതുപോലെ ചെയ്തെന്നു ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെടാനുമാണ് ശ്രമിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതിരിക്കട്ടെ, കോണ്‍ഗ്രസ് നേതാവിന് സമനിലതെറ്റിയോ എന്ന് തോന്നിപ്പിക്കുംവിധം വന്ന പ്രസ്താവനയും വിലയിരുത്തലും സകലമാനപേരെയും ഞെട്ടിച്ചിരിക്കുകയാണ്. നരേന്ദ്രമോദി ഭൂരിപക്ഷം നേടുമെന്നും ജൂണ്‍ 14ന് പ്രധാനമന്ത്രിയായി അധികാരത്തിലേറുമെന്നും യുപിയില്‍ പറഞ്ഞതില്‍ അത്ഭുതപ്പെട്ട പലരും ഇയാള്‍ക്കെന്തേ വട്ടായോ എന്നാശ്ചര്യപ്പെട്ടിരിക്കുകയാണ്.
ഇന്ത്യാസഖ്യം അധികാരത്തിലെത്തുമെന്ന ആധികാരിക പ്രവചനം തെരഞ്ഞെടുപ്പു നിരീക്ഷകര്‍ ആരും നടത്തുന്നില്ല. വലിയ മുന്നേറ്റമുണ്ടാക്കുമെന്ന ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപി 370 സീറ്റുകളെന്ന അദ്ഭുതനേട്ടം കൊയ്യുമെന്ന പ്രതീക്ഷയിലുമാണ്. പ്രവചനങ്ങളില്ല. അതേസമയം, 2019 ലെ സീറ്റെണ്ണം നിലനിര്‍ത്തി ബിജെപി അധികാരത്തില്‍ തുടരുമെന്നാണ് പ്രശാന്ത് കിഷോറും പ്രദീപ് ഗുപ്തയും വിലയിരുത്തുന്നത്.
രാജ്യത്തു ചില മാറ്റങ്ങളുണ്ടെങ്കിലും അതു ബിജെപിയുടെ സീറ്റെണ്ണത്തിലോ തുടര്‍ഭരണത്തിലോ മാറ്റമുണ്ടാക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും ആക്സസ് മൈ ഇന്ത്യ എംഡിയുമായ പ്രദീപ് ഗുപ്ത പറയുന്നത്. ബിജെപിക്ക് 303 സീറ്റ് ലഭിച്ച 2019 ലെ സ്ഥിതി തുടരുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. തെരഞ്ഞെടുപ്പു ഫലത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. 30-40% വോട്ടര്‍മാര്‍ ഏറക്കുറെ എവിടെ വോട്ടു ചെയ്യണമെന്ന കാര്യം തീരുമാനിച്ചു കഴിഞ്ഞതാണ്. 20-30% വോട്ടര്‍മാരാണു തീരുമാനത്തില്‍ ചാഞ്ചാടുന്നത്. അവര്‍ പോലും സാധാരണ തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പേ തീരുമാനത്തില്‍ എത്തിയിരിക്കുമെന്നും ഗുപ്ത പറയുന്നു.
നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാംവട്ടവും അധികാരത്തിലെത്തുമെന്നാണു തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ പ്രവചനം. ബിജെപി പ്രഖ്യാപിച്ചിരിക്കുന്നതു പോലെ 370 സീറ്റ് ലഭിക്കും. വലിയ മോദി വിരുദ്ധ വികാരം രാജ്യത്തില്ലെന്നും വടക്ക്, പടിഞ്ഞാറന്‍ മേഖലയില്‍ ബിജെപിക്കു ഗണ്യമായി സീറ്റ് കുറയാന്‍ ഇടയില്ലെന്നുമാണു വിലയിരുത്തല്‍. അതേസമയം, ദക്ഷിണേന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും സീറ്റ് വര്‍ധിക്കുമെന്നാണ് പ്രശാന്ത് കിഷോറിന്റെ ഗിഗമനം. പ്രവചനങ്ങളും പ്രചാരണങ്ങളുമെല്ലാം കെട്ടടങ്ങി. ഇനി എല്ലാ ചികിത്സയും പരാജയപ്പെട്ടാല്‍ കാളന് നെല്ലായി എന്നുപറയാന്‍ കഴിയാതെ യന്ത്രത്തെ കുറ്റം പറഞ്ഞുള്ള തന്ത്രം പയറ്റാനാകും പ്രതിപക്ഷത്തിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: