കൊച്ചി: ജാതിപ്പേര് ദുരുപയോഗം ചെയ്ത് അപമാനിച്ചെന്ന് ആരോപിച്ച് കെ.എം സച്ചിന് ദേവ് എംഎല്‍എ നല്കിയ പരാതിയില്‍ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കറിനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ജയശങ്കറിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ നിര്‍ദേശം. തിരുവനന്തപുരം കോര്പ്പറേഷന് മേയറായ ഭാര്യ ആര്യ രാജേന്ദ്രന് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ചില ആംഗ്യങ്ങള്‍ കാണിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഒരു മലയാളം ഓണ്‍ലൈന്‍ ചാനലില്‍ ജയശങ്കര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ സച്ചിന് ദേവ് എംഎല്‍എയാണ് പരാതി നല്‍കിയത്. പരാതിയില്‍ ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും എസ്സി എസ്ടി നിയമപ്രകാരവും ഈ മാസം മൂന്നിനാണ് പരാതിക്കാരനെതിരേ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്.
എന്നാല്‍ തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളൊന്നും കേസിന്റെ വസ്തുതകള്‍ക്ക് ബാധകമല്ലെന്ന് ജയശങ്കര്‍ വാദിച്ചു. ഓണ്‍ലൈന്‍ ചാനലില്‍ പരിപാടിയുടെ ഉള്ളടക്കം പരിശോധിച്ചാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സച്ചിന് ദേവ് ഉന്നയിച്ചതെന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞൂ. ചാനലിലെ തന്റെ പരിപാടി സച്ചിനെയും ഭാര്യയെയും നിശിതമായി വിമര്‍ശിച്ചെങ്കിലും, ഏതെങ്കിലും പരാമര്‍ശങ്ങള്‍ എസ്സി, എസ്ടി നിയമപ്രകാരം കുറ്റമാകില്ലെന്നും ജയശങ്കര്‍ വാദിച്ചു. പരിപാടിയില്‍ നിന്ന് ചില വാക്കുകള്‍ അടര്‍ത്തിയെടുത്താണ് സച്ചിന് ദേവ് പരാതി നല്‍കിയതെന്നും ഹര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനെതിരെ രാഷ്ട്രീയ സ്വാധീനം ചെലുത്തിയാണ് തനിക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: