കൊല്‍ക്കത്ത: നന്ദിഗ്രാമിലെ സോനച്ചുരയില് ബിജെപി പ്രവര്‍ത്തകയെ കൊലപ്പെടുത്തിയ കേസില്‍ 25 തൃണമൂലുകാര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൊല്ലപ്പെട്ട റോത്തിബാല ആരിയുടെ മകള്‍ മഞ്ജു ആരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 25 പേരെയും മഞ്ജു പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തൃണമൂലിന്റെ പ്രാദേശിക നേതാക്കളായ ഷെയ്ഖ് സുല്ഫിയാന്, ഷെയ്ഖ് അല്ലാഹ്റസി, ഖൊഖോണ് ഷിത്, ദേബു റോയ് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന് പിന്നാലെ അക്രമികളില്‍ പലരും പ്രദേശത്തു നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. പ്രദേശത്തിപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. അക്രമികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. റോത്തിബാലയുടെ മരണത്തിന് പിന്നാലെ പോലീസിലെ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് അക്രമികളില്‍ പലരുമായും ചര്‍ച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നന്ദിഗ്രാം ഉള്‍പ്പെടുന്ന തംലൂക്ക് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബുധനാഴ്ച രാത്രി ഇവിടെ സംഘര്‍ഷമുണ്ടായത്. സോനാച്ചുരയിലെ മാനസാ ബസാര്‍ പോളിങ് ബുത്തില്‍ കാവല്‍ നിന്നിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ബൈക്കിലെത്തിയ അക്രമികള്‍ അക്രമമഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ റോത്തിബാല കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: