സിൽചാർ: അസമിലെ കരിംഗഞ്ചിൽ ശൈശവവിവാഹം നടത്തിയെന്നാരോപിച്ച് കാസിയെയും (വിവാഹ രജിസ്ട്രാർ) മറ്റ് ഏഴ് പേരെയും അസം പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം കരിംഗഞ്ചിലെ പഥർകണ്ടി പോലീസ് സ്‌റ്റേഷനു കീഴിലുള്ള കബരിബന്ദ് ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി.
പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വിവാഹം ഉറപ്പിച്ചിരുന്നതായി പഥർകണ്ടി പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ദീപക് ദാസ് പറഞ്ഞു. എന്നിരുന്നാലും തങ്ങൾ അവരെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്ന് ദാസ് പറഞ്ഞു.
ഏകദേശം 20 വയസ്സുള്ള വരൻ, തനിക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വളരെക്കാലമായി ബന്ധമുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. പെൺകുട്ടിക്ക് പ്രായം തീരെ കുറവാണെന്ന വിവരവും ഇയാൾ അറിയിച്ചിരുന്നു. തുടർന്ന് രണ്ട് കുടുംബങ്ങളുടെയും ആശീർവാദത്തോടെ ഇവർ വിവാഹിതരാകുകയാണുണ്ടായതെന്ന് ദാസ് പറഞ്ഞു.
ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പരിശോധിച്ചതായും, അതനുസരിച്ച് അവൾക്ക് 17 വയസ്സ് പ്രായമുണ്ടെങ്കിലും വളരെ ചെറുപ്പമാണെന്ന് തോന്നുന്നുവെന്നും ദാസ് പറഞ്ഞു. സംഭവത്തിൽ വരൻ ബിലാൽ ഉദ്ദീൻ, ഇയാളുടെ പിതാവ് സഹ്‌റൗൾ ഇസ്ലാം, പെൺകുട്ടിയുടെ പിതാവ് ഷബീർ ഉദ്ദീൻ, കാസി, മറ്റ് ചില കുടുംബാംഗങ്ങൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
എട്ട് പേർക്കെതിരെയും ശൈശവ വിവാഹ നിരോധന നിയമത്തിലെയും (പിസിഎംഎ) വിവിധ വകുപ്പുകൾ പ്രകാരവും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന (പോക്‌സോ) നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം പതാർകണ്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പോലീസ് അറിയിച്ചു.
എല്ലാവരെയും ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. തുടർന്ന് ജഡ്ജിമാർ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് അയച്ചിട്ടുണ്ട്. അവിടെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും ദാസ് പറഞ്ഞു.
അതേ സമയം ശൈശവവിവാഹം തടയുന്നതിനായി അസം സർക്കാർ കഴിഞ്ഞ വർഷം ശൈശവ വിവാഹത്തിനെതിരെ രണ്ട് ഘട്ടമായുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഇത് നിരവധി അറസ്റ്റുകളും കേസും രജിസ്ട്രേഷനും കാരണമായി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആദ്യഘട്ടത്തിൽ 3,483 പേരെ അറസ്റ്റ് ചെയ്യുകയും 4,515 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒക്ടോബറിൽ രണ്ടാം ഘട്ടത്തിൽ 915 അറസ്റ്റുകളും 710 കേസുകളും രജിസ്റ്റർ ചെയ്യുകയും ചെയ്തു.
2026-ഓടെ അസമിൽ നിന്ന് ശൈശവവിവാഹം പൂർണ്ണമായും ഇല്ലാതാക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ലക്ഷ്യം കൈവരിക്കുന്നത് വരെ അടിച്ചമർത്തൽ തുടരുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: