തിരുവനന്തപുരം/തൊടുപുഴ: തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളം പെരുമഴയില്‍ മുങ്ങിത്താണു. മരം വീണും മണ്ണിടിഞ്ഞും വെള്ളം കയറിയും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നും വലിയ നാശമാണ് പലയിടങ്ങളിലുമുണ്ടായത്.
കോട്ടയത്ത് മീന്‍ പിടിക്കാന്‍ പോയ യുവാവ് കാല് വഴുതി വെള്ളത്തില്‍ വീണു മരിച്ചു. നീണ്ടൂര്‍ മൂഴിക്കുളങ്ങര മുട്ടത്തില്‍ മുരളീധരന് നായരുടെ മകന് വിമോദ് (42) ആണ് തോട്ടില്‍ വീണു മരിച്ചത്. റോഡില്‍ വെള്ളം കയറി ബൈക്ക് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തില്‍ പാറശ്ശാല, പുത്തന്‍ കട പുതുവല്‍ പുത്തന്‍ വീട്ടില്‍ അശോകന്, ബിന്ദു ദമ്പതിമാരുടെ മകന് നന്ദു (22) മരിച്ചു.
പത്തനംതിട്ടയില്‍ വെള്ളത്തില്‍ വീണും മഴയുമായി ബന്ധപ്പെട്ട മറ്റപകടങ്ങളിലുമായി മൂന്നു പേര് ബുധനാഴ്ച മരണമടഞ്ഞിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു.
സംസ്ഥാനത്ത് താഴ്ന്ന പ്രദേശങ്ങളും ഇവിടങ്ങളിലെ വീടുകളും വെള്ളത്തിലാണ്. വലിയ തോതില്‍ കൃഷിയും നശിച്ചു. ബുധനാഴ്ച ശക്തിയാര്‍ജിച്ച മഴ ഇന്നലെ തോര്‍ന്നിട്ടേയില്ല. എറണാകുളം അക്ഷരാര്‍ഥത്തില്‍ കുളമായി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളില്‍ വെള്ളം കയറി. തൃശ്ശൂര്‍ നഗരത്തിലും വെള്ളക്കെട്ടു രൂപം കൊണ്ടു.
ബംഗാള്‍ ഉള്‍ക്കടലില്‍ ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റ് നാളെ രാവിലെയോടെ രൂപമെടുക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം അറിയിച്ചു. ഇന്നു മൂന്നു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും.
തെക്കന്‍ കേരളത്തിലെ അന്തരീക്ഷച്ചുഴി ന്യൂനമര്‍ദമായിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറ് മധ്യമേഖലയിലും തെക്കുമായി ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇന്നലെ അത് കൂടുതല്‍ ശക്തമായി. നാളെ രാവിലെ പിന്നെയും തീവ്രമായി റിമാല്‍ ചുഴലിക്കാറ്റാകും. റിമാല്‍ എന്നത് ഒമാന്‍ നല്കിയ പേരാണ്. 26ന് വൈകിട്ടു തീവ്രമായി ബംഗ്ലാദേശ്, ബംഗാള്‍ തീരത്തെത്തും. തെക്കന്‍ കേരളത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ അന്തരീക്ഷച്ചുഴി ഇന്നലെ രാവിലെയോടെ ന്യൂനമര്‍ദമായി.
മോശം കാലാവസ്ഥയ്ക്കും 55 കി.മീ. വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനു പോകുന്നതിന് നിരോധനം തുടരുന്നു. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ തീരത്ത് 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാം. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം തീരത്തു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്നലെ കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ മഴ കിട്ടിയത്. ഇന്നു മുതല്‍ മഴ ഗണ്യമായി കുറയുമെങ്കിലും ഇടവേളകളിലെത്തും. നാളെ മുതല്‍ ഉച്ചയ്ക്കു ശേഷമാണ് മഴ സാധ്യത. വേനല്‍മഴ ശക്തമായതോടെ മഴക്കുറവിനു പരിഹാരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: