കൊച്ചി: പാവങ്ങളെ പ്രലോഭിപ്പിച്ച് അവരുടെ വൃക്കകളും മറ്റും ചുളുവിലയ്ക്ക് തട്ടിയെടുത്തു വില്‍ക്കുന്നതുമായി ബന്ധപ്പെട്ട അവയവക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊച്ചി സ്വദേശിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
രാജ്യാന്തര അവയവക്കച്ചടവത്തിന്റെ മുഖ്യസൂത്രധാരന്‍ തൃശ്ശൂര്‍ എടമുള്ളം സ്വദേശി സാബിത്ത് നാസറാണെന്നും കൂടുതല്‍ ഇരകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ദല്‍ഹിയില്‍ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. രാജ്യാന്തര മാഫിയകളുടെ പങ്ക് സംശയിക്കുന്ന കേസില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി. സാബിത്ത് ഉപയോഗിച്ചിരുന്ന നാല് പാസ്പോര്‍ട്ടും നാല് ബാങ്ക് അക്കൗണ്ടുകളും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. അവയവക്കച്ചവടത്തിലൂടെ ലഭിക്കുന്ന പണം ഈ അക്കൗണ്ടുകളിലൂടെയാണ് ഇരകള്‍ക്ക് നല്‍കിയത്. കോടികളാണ് ഇതിലൂടെ കൈമാറിയത്. 13 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ലഭിച്ച സാബിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഹൈദരാബാദിലെ ഒരു ഡോക്ടറാണ് അവയവക്കച്ചവടത്തിന് ചുക്കാന്‍ പിടിക്കുന്നത്.
റാക്കറ്റിനെ സഹായിച്ച സ്വകാര്യ ആശുപത്രികളും അന്വേഷണപരിധിയിലുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തി പണം വാഗ്ദാനം ചെയ്ത് ഇറാനിലെത്തിച്ച് അവരുടെ അവയവങ്ങള്‍, എടുത്ത്, 60 ലക്ഷം രൂപയ്ക്കാണ് അവ വില്‍ക്കുന്നത്. എന്നാല്‍ ഇരകള്‍ക്ക് നല്‍കുന്നത് തുച്ഛമായ തുകയും.
നെടുമ്പാശേരിയില്‍ നിന്ന് കുവൈറ്റിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് കൊണ്ടുപോയിരുന്നത്. അവയവ വില്‍പ്പനയ്ക്ക് ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സാബിത്ത് നാസര്‍ അറസ്റ്റിലായത്. അഞ്ച് വര്‍ഷത്തിനിടെ പല സംസ്ഥാനങ്ങളില്‍ നിന്നും ഇയാള്‍ അവയവദാതാക്കളെ ഇറാനിലെത്തിച്ചിട്ടുണ്ട്. ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കെത്തിച്ച് പണം വാങ്ങിയെടുത്തായും വ്യക്തമായിട്ടുണ്ട് .
സാബിത്ത് നാസറില്‍ നിന്നുമാണ് റാക്കറ്റുമായി ബന്ധമുള്ള മലയാളിയുടെ വിവരം ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാളെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും റാക്കറ്റിലെ മറ്റുള്ളവര്‍, വൃക്ക വാങ്ങിയവര്‍ എന്നിവരെ കുറിച്ചുള്ള വിവരവും ലഭിച്ചു. ഹൈദരാബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നുള്ളവരാണ് സംഘാംഗങ്ങള്‍. വൃക്കവാങ്ങിയവര്‍ കൂടുതലും ഉത്തരേന്ത്യക്കാരാണ്. അവയവദാനവുമായി ബന്ധപ്പെട്ട ഭാരതത്തിലെ കര്‍ക്കശ നിയമവ്യവസ്ഥകളും ഇറാനിലെ അനുകൂല സാഹചര്യവും മുതലെടുക്കുകയായിരുന്നു ഇരുകൂട്ടരും. സാമ്പത്തിക ഇടപാടുകളും ഗൂഢാലോചനയും നടന്നത് ഭാരതത്തിലാണ്. അവയവദാനവും തുടര്‍ചികിത്സയും ഇറാനിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: