പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ ലൈനപ്പ് റെഡി. പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ ആദ്യ റൗണ്ടില്‍ കരുത്തന് താരങ്ങളായ റാഫേല്‍ നദാലും അലക്സാണ്ടര്‍ സ്വരേവും തമ്മില്‍ ഏറ്റുമുട്ടും. പരിക്കില്‍ വശംകെട്ട നദാല്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫ്രഞ്ച് ഓപ്പണിനിറങ്ങുന്നത്.
ഇതിന് മുമ്പ് 2022 ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ നേര്‍ക്കുനേര്‍ വന്ന താരങ്ങളാണ് ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും സ്പെയിനിന്റെ റാഫേല്‍ നദാലും. അന്ന് പരിക്ക് കാരണം സ്വരേവ് മത്സരത്തിനിടയ്ക്ക് വച്ച് പിന്മാറിയിരുന്നു. അക്കൊല്ലം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ നദാല്‍ പിന്നീടിതുവരെ ഒരു ഗ്രാന്‍ഡ് സ്ലാം പോലും നേടിയിട്ടില്ല.
2023 ജനുവരിയോടെ ഇടുപ്പിലെ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലേക്ക് കടന്ന നദാല്‍ ഒരുവര്‍ഷത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് വീണ്ടും കളത്തിലേക്കെത്തിയത്. എന്നാല്‍ വീണ്ടും പരിക്ക് പിടികൂടിയതിനെ തുടര്‍ന്ന് ജനുവരിയിലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി. പിന്നീട് പൂര്‍ണ സജ്ജനായി ഒരുങ്ങുന്ന ആദ്യ ടൂര്‍ണമെന്റാണ് ഞായറാഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ്. താരം നേടിയ 22 ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളില്‍ 14ഉം ഫ്രഞ്ച് ഓപ്പണ്‍ ആണ്.
നിലവില്‍ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ജേതാവ് സെര്‍ബിയന്‍ താരം നോവാക്ക് ദ്യോക്കോവിച്ച് ആണ്. താത്തിന് ഇത്തവണ ആദ്യ റൗണ്ടില്‍ ഫ്രഞ്ച് താരം പിയെറി ഹ്യൂഗ്സ് ഹെര്‍ബര്‍ട്ട് ആണ് എതിരാളി. നദാലും ദ്യോക്കോവിച്ചും തോല്‍ക്കാതെ മുന്നേറിയാല്‍ സെമിയില്‍ ഏറ്റുമുട്ടാവുന്ന തരത്തിലാണ് ഇന്നലെ പ്രഖ്യാപിച്ച ഫിക്സറിന്റെ ഘടന.
സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് യാനിക് സിന്നറിന് അമേരിക്കന്‍ താരം ക്രിസ്റ്റഫര്‍ യൂബാങ്ക്സ് ആണ് എതിരാളി. ഫ്രഞ്ച് ഓപ്പണിലെ രണ്ടാം സീഡ് താരമാണ് സിന്നര്‍. രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയിട്ടുള്ള കാര്‍ലോസ് അല്‍കാരസ് മൂന്നാം സീഡ് താരമായാണ് ഫ്രഞ്ച് ഓപ്പണനിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: