ബെംഗളൂരു: ബെംഗളൂരുവിലെ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത 86 പേരുടെ ലഹരി പരിശോധന ഫലം പോസിറ്റീവ്. ഇതില്‍ 57കാരിയായ തെലുങ്ക് നടിയും ഉള്‍പ്പെട്ടിട്ടുണ്ട്. 103 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും 59 പുരുഷന്മാരുടെയും, 27 സ്ത്രീകളുടെയും ഫലമാണ് പോസിറ്റീവ് ആയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഹൈദരാബാദ് സ്വദേശിയായ വാസു എന്നയാളാണ് ഫാംഹൗസില്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ആന്ധ്രാപ്രദേശില്‍ നിന്ന് ഇയാള്‍ നേരിട്ടെത്തിയാണ് പാര്‍ട്ടിയുടെ സംഘാടനം ഉള്‍പ്പെടെ ഏകോപിപ്പിച്ചത്. സണ്‍സെറ്റ് ടു സണ്‍റൈസ് എന്ന് പേരിട്ട പാര്‍ട്ടിക്കായി ഏകദേശം 35 ലക്ഷമായിരുന്നു ചെലവ്.
അനുവദനീയമായ സമയം കഴിഞ്ഞും റേവ് പാര്‍ട്ടി തുടരുന്ന വിവരമറിഞ്ഞാണ് സി.സി.ബി. സംഘം സ്ഥലത്തെത്തിയത്. മയക്കുമരുന്ന് കണ്ടെത്താനുള്ള സ്നിഫര്‍ നായകളും പോലീസിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഫാംഹൗസില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകള്‍ പിടിച്ചെടുത്തത്.
റെയ്ഡില്‍ തുടര്‍ന്ന് എല്‍. വാസു (35), വി. രണധീര്‍ (43), മുഹമ്മദ് അബൂബക്കര്‍ സിദ്ദിഖ് (29), വൈ. എം. അരുണ്‍കുമാര്‍ (35), ഡി. നാഗബാബു (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്നും 15.56 ഗ്രാം എംഡിഎംഎ, 6.2 ഗ്രാം കൊക്കെയ്ന്‍, ആറ് ഗ്രാം ഹൈഡ്രഗഞ്ച, അഞ്ച് മൊബൈല്‍ ഫോണുകള്‍ എന്നിവയും രണ്ട് കാറുകളും പിടിച്ചെടുത്തു. ആന്ധ്രാപ്രദേശ് എംഎല്‍എ കക്കാനി ഗോവര്ദ്ധന് റെഡ്ഡിയുടെ പാസുള്ള ഒരു ആഡംബര കാറും ഫാം ഹൗസില്‍ ഉണ്ടായിരുന്നു. എന്നാല്‍ റെയ്ഡിനിടെ ജനപ്രതിനിധിയെ കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.
ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നായി നൂറിലേറെ പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. നടിമാരും മോഡലുകളും ടെലിവിഷന്‍ താരങ്ങളും ഉള്‍പ്പെടെയുള്ളവരും ഡി.ജെകളും ടെക്കികളുമാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. ബ്ലഡി മസ്കാര, റാബ്സ്, കയ്വി തുടങ്ങിയ ഡി.ജെകളാണ് പാര്‍ട്ടിയിലെ സംഗീതപരിപാടി നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: