Categories: News

തീക്കനലില്‍ സ്ഫുടം ചെയ്തു കുതിക്കുന്ന പൊട്ടന്‍ തെയ്യം

Published by

പകടകരമായ മേലേരിയില്‍(തീക്കുണ്ഡം) കിടന്നും ഇരുന്നും ഏറെനേരം കഴിയുന്ന അപൂര്‍വം തെയ്യങ്ങളില്‍ ഒന്നാണ് പൊട്ടന്‍ തെയ്യം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷേത്രങ്ങളിലും കാവുകളിലും സാധാരണ കാണാറുള്ള കോലങ്ങളില്‍ നിന്നു ഭിന്നമായി കൂടുതല്‍ ആടയാഭരണങ്ങളോ മുഖത്തെഴുത്ത് അലങ്കാരങ്ങളോ ഇല്ല പൊട്ടന്‍തെയ്യത്തിന്.

അരയിലും തലയിലും കുരുത്തോല കൊണ്ടുള്ള തോരണവും പാളയില്‍ (കവുങ്ങിന്റെ ഇല) പ്രത്യേക രീതിയില്‍ തയ്യാറാക്കിയ മുഖാവരണവും ശരീരമാസകലം അരിമാവ് കൊണ്ടുള്ള വരകളും കാല്‍ചിലങ്കയും കിങ്ങിണി കത്തിയും വടിയുമാണ് പൊട്ടന്‍തെയ്യത്തിന്റെ വേഷം.

ഈ തെയ്യം കെട്ടുന്ന കോലധാരി കഠിനവ്രതചര്യകള്‍ ചിട്ടയോടെ പാലിക്കേണ്ടതുണ്ട്. മേലേരിയില്‍ ഏറെനേരം കിടന്നും ഇരുന്നും കഴിയുന്നതിനാലാണ് ഈ കഠിനവ്രതചര്യകള്‍.

പൊതുവെ മലയന്‍, പുലയന്‍, പാണന്‍ സമുദായക്കാരുടെ അനുഷ്ഠാന കലയാണ് പൊട്ടന്‍ തെയ്യം. തോറ്റംപാട്ടിലൂടെ ആണ് കോലാധാരിയിലേക്ക് ദൈവത്തെ ആവാഹിച്ചെടുക്കുന്നത്. ഈ ചടങ്ങ് രാത്രിയിലാണ് ആരംഭിക്കുക. നേരം വെളുക്കും മുമ്പേ തെയ്യത്തിനു വീണു കിടക്കാനുള്ള മേലേരി തയ്യാറാവണം. പുളി, ചെമ്പകം തുടങ്ങിയ മരങ്ങള്‍ ഉയരത്തില്‍ കൂട്ടിയിട്ട് കത്തിച്ചുണ്ടാക്കുന്ന തീക്കനല്‍ ആണ് മേലേരി. പൊട്ടന്‍ തെയ്യം കത്തുന്ന തീയിലും കനലിലും മാറിമാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും. തീയില്‍ ശരീരത്തില്‍ ചാര്‍ത്തിയ കുരുത്തോലകള്‍ മുഴുവന്‍ കത്തിക്കരിയുമ്പോഴും കുളിരണ് എന്നു മൊഴിഞ്ഞു സ്വയം പൊട്ടിച്ചിരിക്കുന്ന പൊട്ടന്‍ തെയ്യം വിശ്വാസികള്‍ക്ക് അനുഗ്രഹവും നല്‍കും.

അമ്പലങ്ങളിലും കാവുകളിലും പൊട്ടന്‍ തെയ്യം കെട്ടിയാടുന്നത് കുറവാണ്. വടക്കേ മലബാറിലെ ഹൈന്ദവ തറവാടുകളില്‍ കുടിയിരുത്തപ്പെട്ട രീതിയിലാണ് കൂടുതലും കണ്ടുവരുന്നത്. പൊട്ടന്‍ കുടിയിരുത്തപ്പെട്ട വീടിന്റെ അകം പള്ളിയറ എന്നാണ് അറിയപ്പെടുന്നത്.

പൊട്ടന്‍ തെയ്യം കേവലം ഒരു കലാ സൃഷ്ടിയോ അനുഷ്ഠാനമോ മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കപ്പുറം കേരളത്തില്‍ നിലനിന്ന ജാതീയ ഉച്ചനീചത്വത്തിനെതിരായ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകം കൂടിയാണ്.

പരമശിവന്‍ ചണ്ഡാല വേഷധാരിയായി ശ്രീശങ്കരാചാര്യരെ ജാതിവ്യവസ്ഥയുടെ അസംബന്ധം ബോധ്യപ്പെടുത്തിയ സംഭവത്തിന്റെ അനുസ്മരണത്തില്‍ നിന്നാണത്രേ ഉത്തര കേരളത്തില്‍ പൊട്ടന്‍ തെയ്യം കെട്ടിത്തുടങ്ങുന്നത്.

കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം എന്ന സ്ഥലത്താണത്രെ ചണ്ഡാലനും ശങ്കരാചാര്യരും ‘തീണ്ടലും തൊടീലും’ സംബന്ധിച്ച വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. ചോരയുടെ നിറം ചുകപ്പ്, അത് പുലയനായാലും പറയനായാലും ബ്രാഹ്മണനായാലും ഒന്നെന്ന് കാണിച്ചു കൊടുത്തവന്‍ ശിവനെന്നു തിരിച്ചറിഞ്ഞ ശങ്കരാചാര്യര്‍ ചണ്ഡാലനു മുന്നില്‍ മാപ്പപേക്ഷിച്ചു എന്നാണ് ഐതിഹ്യം.

നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വരെ?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വരെ?
പിന്നെന്തെ ചൊവ്വര്‍ കുലം പിശക്ന്ന്?
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ന്ന്?
നാങ്ങളെ കുപ്പയില്‍ നട്ടൊരു – വാഴപ്പഴമല്ലേ
നീങ്കളെ തേവന് പൂജ?

ഇത്യാദി ചണ്ഡാലന്റെ പ്രപഞ്ച സത്യമാകുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരമില്ലാതെ ജ്ഞാനിയായ ശങ്കരാചാര്യര്‍ വിഷണ്ണനായിടത്താണ് വര്‍ണ്യവ്യവസ്ഥിതിയുടെ വേര് അറുക്കപ്പെട്ടതെന്നാണ് ഈ തെയ്യം നമ്മെ പഠിപ്പിക്കുന്നത്.
അഗ്‌നികുണ്ഠത്തില്‍ വീണുരുണ്ടിട്ടും സ്ഫുടംചെയ്ത പോലെ ഒരു പോറലും ഏല്‍ക്കാതെ കുതിക്കുന്ന പൊട്ടന്‍ തെയ്യം നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുറ്റ പ്രതീകം കൂടിയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക