മനസ്സിനെ മലീമസമാക്കുന്ന ദുര്‍വ്വിചാരങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്ന കാലമാണ് കലികാലം. മനസ്സില്‍ കാമ, ക്രോധ, ലോഭ, മോഹങ്ങള്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് കലിദോഷത്തിനു കാഠിന്യമേറും. മനോനിയന്ത്രണം സാധ്യമായാലേ കലിദോഷങ്ങളെ മറികടക്കാനാവൂ. ധര്‍മ്മാനുഷ്ഠാനവും ഈശ്വരഭജനവും കൊണ്ടാണ് കലിയുഗത്തില്‍ കാമക്രോധലോഭമോഹാദികളെ മറികടക്കാനാവൂ.
അതിന് നിഷ്ഠാപൂര്‍വ്വമുള്ള ജീവിതം അനിവാര്യമാണ്. അതിരാവിലെ ഉറക്കമുണരുക. പ്രഭാതകൃത്യങ്ങള്‍ക്കൊപ്പം നിത്യസ്‌നാനവും ശീലമാക്കുക. അങ്ങനെ മനസ്സും ശരീരവും പ്രസന്നമായാല്‍ ഈശ്വരഭജനം ചെയ്യണം.
സ്‌നാനാന്തരം ദീപം പ്രോജ്വലിപ്പിച്ച് ഇഷ്ടദേവതാ സ്‌തോത്രങ്ങള്‍ ജപിക്കണം. തുടര്‍ന്ന് രാമായണ-ഭാഗവതാദികള്‍, ഭഗവദ് ഗീത ഇവയില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് നിത്യവും കുറച്ചു ഭാഗമെങ്കിലും ഭക്തിപൂര്‍വ്വം പാരായണം ചെയ്യണം. ഇപ്രകാരം ഒരു നിഷ്ഠ നിത്യജീവിതത്തില്‍ പുലര്‍ത്തുന്നതോടെ സംഘര്‍ഷങ്ങളൊഴിഞ്ഞ് മനസ്സ് ക്രമാനുഘതമായി ശാന്തമാവുന്നത് തിരിച്ചറിയാനാവും.
പ്രഭാതത്തിലെന്നപോലെ പ്രദോഷത്തിലും നിത്യസ്‌നാനവും ജപ, പാരായണങ്ങളും വേണ്ടതുണ്ട്. പകലത്തെ അധ്വാനം മൂലം ശരീരം ഏറ്റവും തളരുകയും മനസ്സ് ഏറ്റവും ദുര്‍ബലമാവുകയും ചെയ്യുന്നത് പ്രദോഷസന്ധ്യയില്‍ ആവും. ശരീരത്തിന്റെ ആലസ്യം മാറാന്‍ സ്‌നാനവും മനസ്സിന്റെ ദൗര്‍ബ്ബല്യം നീങ്ങാന്‍ ജപ, പാരായണങ്ങളും സഹായിക്കും. ഇതിനു ശേഷമാവാം അത്താഴവും വിനോദങ്ങളും.
കലികാലത്ത് സാത്വിക ഭക്ഷണമാണ് ഉത്തമം. സ്ഥാരമായ മാംസഭക്ഷണം ശരീരത്തെ ബലപ്പെടുത്തുന്നതായി തോന്നിയേക്കാമെങ്കിലും യഥാര്‍ത്ഥത്തില്‍ ശരീര-മനസ്സുകളെ ദുഷിപ്പിക്കുകയാണ് ചെയ്യുക. സ്ഥിരമായ മാംസഭക്ഷണം പോലെ ശരീര-മനസ്സുകളെ ദുഷിപ്പിക്കാന്‍ പോന്നതാണ് പഴകിയ ഭക്ഷണവും പായ്‌ക്കറ്റുകളില്‍ ലഭിക്കുന്ന ജങ്ക് ഫുഡുകളും എന്നറിയണം.
ജപ, പാരായണങ്ങളില്‍ നിത്യവും മുഴുകുന്നവര്‍ക്ക് മാംസാഹരത്തില്‍ താനേ പ്രതിപത്തി കുറയും. മനസ്സ് സാത്വികമാവുമ്പോള്‍ ശരീരവും സാത്ത്വിക ഭക്ഷണത്തിലേക്കു തനിയെ മാറും.
അപരനിന്ദ, അന്യമതദ്വേഷം, അസൂയ എന്നിവ മൂന്നും ത്യജിക്കണം. അമിതമായ പിശുക്കും അതിധാരാളിത്തവും വര്‍ജ്ജിക്കണം. ഇവയഞ്ചും കാലക്രമത്തില്‍ ഏതൊരുവനും സ്വയം നാശഹേതുകമാവും എന്നറിയണം. ധനാര്‍ജ്ജനം ന്യായമായ മാര്‍ഗ്ഗങ്ങളില്‍ ആവണം. ആനന്ദാനുഭവങ്ങള്‍ ധാര്‍മ്മികമാവണം. അന്യായധനാര്‍ജ്ജനവും അഗമ്യഗമനവും ആരംഭത്തില്‍ ആനന്ദപ്രദമായി തോന്നുമെങ്കിലും പോകെപ്പോകെ മൂട്ടില്‍ വന്ന വ്രണംപോലെ ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിക്കും. അതേസമയം ആചാര്യസ്ഥാനീയരെ ആദരിച്ചും കഴിവിന്‍പടി ദാനം ചെയ്തും പോയാല്‍ മനപ്രസാദം ഏറിവരുന്നതായി സ്വയംബോധ്യമാകും.
വിശേഷദിനങ്ങളില്‍ ഇഷ്ടദേവതാ ദര്‍ശനമാകാം. ശനിദുരിതമുള്ളവര്‍ ദുരിതകാലം തീരുവോളം ശനിയാഴ്ചകളില്‍ മുടങ്ങാതെ ശാസ്താക്ഷേത്ര ദര്‍ശനം നടത്തുന്നതു മനപ്രസാദം വര്‍ധിക്കാന്‍ സഹായകമാകും.
ഇത്തരം ചിട്ടയാര്‍ന്ന ജീവിതം കലികന്മഷങ്ങളകറ്റി ശാന്തമായ ജീവിതം നയിക്കാന്‍ സഹായിക്കും. ‘ഹരേ രാമ’ എന്ന കലിസന്തരണ മന്ത്രം, ‘ഓം നമഃശിവായ’ എന്ന പഞ്ചാക്ഷരി, ‘ഓം നമോ നാരായണായ’ എന്ന അഷ്ടാക്ഷരി, ‘ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരി ഇവയില്‍ ഏതെങ്കിലും ഒരു മന്ത്രം ശ്രദ്ധാഭക്തിയോടെ എപ്പോഴൊക്കെ ജപി
ക്കാനാവുമോ അപ്പോഴൊക്കെയും ജപിക്കുന്നത് കലിദോഷമുക്തിക്ക് ഉറപ്പായും സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: