Kerala

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം; അനിശ്ചിതത്വം തുടരുന്നു, ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന ഉത്തരവിൽ തുടർനടപടിയില്ല

Published by

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് ലിസ്റ്റ് റദ്ദാക്കി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കാത്തതോടെ സ്ഥലംമാറ്റം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലും പല സ്‌കൂളുകളിലും അധ്യാപകര്‍ ഇല്ലാത്ത സാഹചര്യമാണ് നിലനില്ക്കുന്നത്.

ഇതിനിടെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരെ സ്ഥലംമാറ്റുന്നതില്‍ തല്‍സ്ഥിതി തുടരാനുള്ള ഉത്തരവ് ഹൈക്കോടതി മെയ് 27 വരെ നീട്ടി. സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, എസ്. മനു എന്നിവരുടെ ബെഞ്ച് നിര്‍ദേശം നല്കിയത്. ഹര്‍ജികള്‍ മേയ് 27ന് ബെഞ്ച് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ഏപ്രില്‍ 12-ന് ഹോം സ്റ്റേഷനുകള്‍ക്കായുള്ള ലിസ്റ്റ് എന്നിവയുള്‍പ്പെടെ രണ്ട് ട്രാന്‍സ്ഫര്‍ ലിസ്റ്റുകള്‍ കെഎടി അസാധുവാക്കി. ഹോം സ്റ്റേഷനുകള്‍ക്കുള്ളിലെയും സമീപ ജില്ലകളിലെയും സര്‍വീസ് സീനിയോറിറ്റി പരിഗണിച്ച് ഒരു മാസത്തിനകം പുതിയ ലിസ്റ്റുകള്‍ തയ്യാറാക്കണമെന്നും ഉത്തരവ് നല്കിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ തല്‍സ്ഥിതി തുടരണമെന്നും ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്കി. ഈ സാഹചര്യത്തില്‍ ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പഴയ ലിസ്റ്റ് പ്രകാരം അധ്യാപകര്‍ ജോയിന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി.

ഹൈക്കോടതി ഹര്‍ജിയില്‍ ഇടപെട്ടിട്ടില്ലെന്നും ഉത്തരവ് നല്കിയിട്ടില്ലെന്നും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചാണ് ഉത്തരവ് നല്കിയതെന്നും ചൂണ്ടിക്കാട്ടി ഒരുകൂട്ടം അധ്യാപകര്‍ ട്രൈബ്യൂണലിനെ സമീപിച്ചതോടെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി വാദം കേട്ട് ട്രാന്‍സ്ഫര്‍ ഉത്തരവ് പുനപരിശോധിക്കണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവ് നല്കിയെങ്കിലും പാലിക്കാതെ ഇല്ലാത്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവാദ ഉത്തരവ് നല്കിയ ഡയറക്ടര്‍ക്കെതിരെ ട്രൈബ്യൂണല്‍ കോടതിയലക്ഷ്യ നടപടി ആരംഭിച്ചൂ. ഈ സാഹചര്യത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ഡയറക്ടര്‍ ട്രൈബ്യൂണലില്‍ സത്യവാങ്മൂലം നല്കി. ഇത് ട്രൈബ്യൂണല്‍ അടുത്ത ദിവസം പരിഗണിച്ചേക്കും.

മറ്റ് വകുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഹോം സ്റ്റേഷനുകളില്‍ അധ്യാപകര്‍ക്കായി പ്രത്യേക ലിസ്റ്റ് തയ്യാറാക്കുന്നതിനെതിരാണ് ട്രൈബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. നിലവിലെ അധ്യാപകരുടെ സീനിയോറിറ്റി ഹോം സ്റ്റേഷനുകളില്‍ (സ്വന്തം ജില്ലയില്‍) മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. സ്വന്തം ജില്ലയില്‍ ഒഴിവില്ലെങ്കില്‍ സീനിയോറിറ്റി ഉണ്ടെങ്കിലും തൊട്ടടുത്ത ജില്ലയില്‍ പരിഗണിക്കപ്പെടേണ്ടതില്ല. ഇതു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് അധ്യാപകരുടെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ജില്ലയില്‍ പരിഗണിക്കപ്പെടണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവ് നല്കിയത്.

ഇത്തരത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പുതിയ ലിസ്റ്റ് നല്കണമെന്നും ഉത്തരവിട്ടു. ഇതിനെതിരെ ചില അധ്യാപകര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അധ്യാപക സ്ഥലംമാറ്റം സംബന്ധിച്ചും കുട്ടികളുടെ പ്രവേശനം സംന്ധിച്ചും അനിശ്ചിതത്വം തുടരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക