കൊച്ചി: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. കേസിലെ 19 പ്രതികളുടേയും ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് ഉത്തരവ് നല്‍കിയത്.
ഹര്‍ജികള്‍ മേയ് 27 ന് കൂടുതല്‍ പരിഗണിക്കാന്‍ ബെഞ്ച് മാറ്റി. ഫെബ്രുവരി 27 നാണ് സിദ്ധാര്‍ത്ഥനെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രം, മരണത്തിന് മുമ്പ് പുരുഷ ഹോസ്റ്റലിന്റെ മുറ്റത്ത് വെച്ച് സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച ശേഷം വസ്ത്രം ഉരിഞ്ഞ് പൊതുവിചാരണക്ക് വിധേയനാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു.
60 ദിവസത്തിലേറെയായി തങ്ങള്‍ കസ്റ്റഡിയിലായതിനാല്‍ പഠനം തടസപ്പെട്ടുവെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. കുറ്റകൃത്യം ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരു ഗ്രൂപ്പിലെ അംഗങ്ങളാണെന്ന പൊതുവായ ആരോപണമല്ലാതെ, അവര്‍ക്കെതിരെ നിര്‍ദിഷ്ടമായ നരഹത്യ കുറ്റങ്ങള്‍ വരുന്നില്ലെന്നും ഇരയുടെ ആത്മഹത്യയെ പ്രതി ബോധപൂര്‍വം ലക്ഷ്യംവച്ചാല്‍ മാത്രമേ ആത്മഹത്യാ പ്രേരണ എന്ന കുറ്റം നിലനില്‍ക്കൂവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ കൂടുതല്‍ തടങ്കലിന്റെ ആവശ്യമില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ ജയപ്രകാശിനെ നേരത്തെ ബെഞ്ച് ഹര്‍ജികളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: