കാന്തി: വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്തിന്റെ ജനസംഖ്യാക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കിഴക്കൻ മിഡ്‌നാപൂർ ജില്ലയിലെ കാന്തിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃണമൂൽ കോൺഗ്രസ് ശിഥിലമാകുമെന്നും, സംസ്ഥാനത്ത് ബിജെപി 30 ലോക്‌സഭാ സീറ്റുകൾ നേടിയതിന് ശേഷം മമതാ ബാനർജി സർക്കാരിന്റെ വിടവാങ്ങലിന് കാരണമാകുമെന്നും ഷാ ഉറപ്പിച്ചു പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരുടെ സുരക്ഷിത താവളമായി ബംഗാൾ മാറിയിരിക്കുന്നു. നുഴഞ്ഞുകയറ്റം കാരണം സംസ്ഥാനത്തിന്റെ ജനസംഖ്യാക്രമം മാറുകയാണ്, ഇത് ബംഗാളിനെ മാത്രമല്ല, രാജ്യത്തെയാകെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗാളിലെ ജനസംഖ്യാക്രമത്തിൽ മാറ്റം വരുത്താൻ നുഴഞ്ഞുകയറ്റക്കാരെ അനുവദിച്ചുകൊണ്ട് മമത ബാനർജി പാപം ചെയ്യുകയാണ്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി അവർ രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാരാണ് ടിഎംസിയുടെ വോട്ട് ബാങ്കെന്ന് ബിജെപി നേതാവ് വിമർശിച്ചു.
രാമകൃഷ്ണമിഷനിലെയും ഭാരത് സേവാശ്രമത്തിലെയും ചില സന്യാസിമാർ ബിജെപിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന മമതയുടെ സമീപകാല പരാമർശങ്ങളെയും ഷാ വിമർശിച്ചു.
മമത ബാനർജി ഭാരത് സേവാശ്രമ സംഘത്തെ ആക്രമിക്കുകയാണ്, പക്ഷേ സംഘമില്ലായിരുന്നുവെങ്കിൽ ബംഗാൾ ബംഗ്ലാദേശിന്റെ ഭാഗമാകുമായിരുന്നുവെന്ന് അവർക്ക് അറിയില്ല. തന്റെ വോട്ട് ബാങ്ക് പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണ് അവർ സന്യാസിമാർക്കെതിരെ ആക്രമണം നടത്തുന്നതെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: