തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി റോഡ് പണിക്കുവേണ്ടി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന തൈക്കാട് ശാസ്താംകോവില്‍ റോഡ് മഴ കൂടി പെയ്തതോടെ ചെളിക്കളമായി. വര്‍ഷങ്ങളായി നടക്കുന്ന സ്മാര്‍ട്ട് റോഡ് പണി ഈ ഭാഗത്തെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ശാസ്താംകോവിലില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ക്ഷേത്രത്തിന് മുന്‍വശം നീളത്തില്‍ കുഴിയെടുത്തിരിക്കുകയാണ്. കുഴിയെടുക്കുന്നതിന് വേണ്ടിയെടുത്ത മണ്ണ് ക്ഷേത്രത്തിന് മുന്നില്‍ കൂട്ടിയിട്ടിരിക്കുന്നു. സമീപത്തെ കെട്ടിടത്തിലേക്ക് കയറാന്‍പോലും കഴിയാത്തവിധമാണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. മഴപെയ്തതോടെ കൂട്ടിയിട്ടിരുന്ന മണ്ണ് ചെളിക്കളമായി. ക്ഷേത്രത്തിന് മുന്നില്‍ മണ്ണും ചെളിയും നിറഞ്ഞ് കാല്‍നടയാത്ര പോലും അസാധ്യമാക്കിയിരിക്കുകയാണ്.
നിത്യേന നിരവധി ഭക്തരും ശനിയാഴ്ചകളില്‍ വന്‍ ഭക്തജനത്തിരക്കും അനുഭവപ്പെടുന്ന തൈക്കാട് ശാസ്താ ക്ഷേത്രത്തിന് മുന്നില്‍ നടക്കുന്ന റോഡ് പണി എത്രയും പെട്ടെന്ന് തീര്‍ത്ത് ഭക്തജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും സുഗമമായ സഞ്ചാരത്തിന് വഴിയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: