സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ കേരളം അതിവേഗം ഒരു ഗാങ്സ്റ്റര്‍ സ്റ്റേറ്റായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഗുണ്ടകള്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയാണ്. ഇവരുടെ ആക്രോശങ്ങളും കൊലവിളികളും മാത്രമല്ല, പട്ടാപ്പകല്‍ പോലും ഇക്കൂട്ടര്‍ നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ദിവസേനയെന്നോണം കാണുന്ന ജനങ്ങള്‍ കടുത്ത ഭീതിയിലകപ്പെട്ടിരിക്കുന്നു. ഗുണ്ടകള്‍ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും ഇല്ലാതെ മലയാളിയുടെ ഒരു ദിവസംപോലും കടന്നുപോകുന്നില്ല. ഓരോ ജില്ലയിലും നടക്കുന്ന ഇത്തരം അതിക്രൂരമായ സംഭവങ്ങള്‍ പത്രത്താളുകളില്‍ നിറയുകയാണ്. ഇവയിലൊന്നുപോലും വിട്ടുപോകാതെ ക്രൈം ഫയല്‍, എഫ്ഐആര്‍, ക്രൈംസ്റ്റോറീസ് എന്നൊക്കെയുള്ള പേരുകളില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പേ വിവിധ ചാനലുകള്‍ ഓരോ കുടുംബത്തിന്റെയും സ്വീകരണമുറികളില്‍ എത്തിക്കുകയും ചെയ്യുന്നു. വിവരങ്ങള്‍ അറിയിച്ച് ആളുകളെ ബോധവല്‍ക്കരിക്കുന്നതിനപ്പുറം ഒരാളുപോലും സ്വസ്ഥമായി ഉറങ്ങരുതെന്ന നിര്‍ബന്ധബുദ്ധി ഈ ചാനലുകള്‍ക്ക് ഉണ്ടെന്നു തോന്നുന്നു. കൊലയും പീഡനവും പിടിച്ചുപറിയുമൊക്കെ പതിവു സംഭവങ്ങളാണെന്നും, ഇതിനോടൊക്കെ പൊരുത്തപ്പെടുകയല്ലാതെ, ഇതില്‍നിന്നൊരു മോചനമില്ലെന്ന് ശരാശരി മലയാളി വിശ്വസിക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. അക്രമങ്ങള്‍ അറുതിയില്ലാതെ തുടരുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ഗുണ്ടകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പിശാചിന്റേതാക്കി മാറ്റുകയാണ്.
ഈയൊരു സാഹചര്യത്തില്‍ വേണം ഗുണ്ടകള്‍ക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയതിനെ കാണാന്‍. സംസ്ഥാന വ്യാപകമായി 153 പേരെ അറസ്റ്റുചെയ്തെന്നും, 53 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നുമുള്ള പോലീസിന്റെ അവകാശവാദം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ അറിയാം. തെരഞ്ഞെടുപ്പിനു മുന്‍പ് ശേഖരിച്ച കണക്കനുസരിച്ച് സംസ്ഥാനത്ത് മൂവായിരത്തോളം ഗുണ്ടകളുണ്ടത്രേ. ഒന്നര വര്‍ഷത്തിനിടെ ഇവര്‍ നടത്തിയ കൊലപാതകങ്ങള്‍ നാനൂറിലേറെയാണ്. വധശ്രമക്കേസുകളും തട്ടിക്കൊണ്ടുപോകലുകളുമൊക്കെ ആയിരക്കണക്കിനാണ്. രണ്ടായിരത്തിലധികം ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയ പോലീസ് നൂറിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്! ഇതില്‍നിന്നുതന്നെ ഇക്കാര്യത്തില്‍ പോലീസ് എത്ര നിഷ്ക്രിയമാണെന്ന് ആര്‍ക്കും മനസ്സിലാക്കാനാവും. പോലീസിന്റെ പ്രാഥമിക ദൗത്യം നിയമവാഴ്ച ഉറപ്പുവരുത്തുകയെന്നതാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നതാണ്. ഗുണ്ടകള്‍ പെരുകിക്കൊണ്ടിരിക്കുകയും, അവരെ പിടികൂടാതെ അഴിഞ്ഞാടാന്‍ അനുവദിക്കുന്നതില്നിന്നുതന്നെ ഇക്കാര്യത്തില്‍ പോലീസ് പരാജയപ്പെട്ടിരിക്കുന്നു എന്നു വ്യക്തം. വര്‍ഷത്തിലൊരിക്കല്‍ പ്രത്യേക ഡ്രൈവ് നടത്തിയതുകൊണ്ടോ, പരസ്പരധാരണയുണ്ടാക്കി ചിലരെ പിടികൂടിയതുകൊണ്ടോ ഗുണ്ടകളെ അമര്‍ച്ച ചെയ്യാനാവില്ല. പിടികൂടിയ ഗുണ്ടകള്‍ ആരുമറിയാതെ പുറത്തുവരും. മറ്റ് കുറ്റകൃത്യങ്ങള്‍ നടത്തിയതിന്റെ വാര്‍ത്തകള്‍ വായിക്കുമ്പോഴാണ് ഇവര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ വിവരം ജനങ്ങള്‍ അറിയുന്നത്.
ഇത് കേരളമാണ് എന്ന് അഹങ്കരിക്കുന്ന, സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്നവരെന്ന് അവകാശപ്പെടുന്ന ഈ നാട് എന്തു കൊണ്ടാണ് ഇങ്ങനെ അക്രമങ്ങളുടെ പിടിയിലമരുന്നത്? പോലീസുകാരുടെ എണ്ണക്കുറവും, അവര്‍ മറ്റ് ജോലികളില്‍ നിയോഗിക്കപ്പെടുന്നതുമൊക്കെ കാരണങ്ങളായി ചൂണ്ടിക്കാട്ടാനാവുമെങ്കിലും ഇതിനിടയാക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ നേര്‍ക്ക് കണ്ണടയ്ക്കാനാവില്ല. ഭരണത്തിന്റെ തണലില്‍ സിപിഎം അണികള്‍ ഏര്‍പ്പെടുന്ന അക്രമങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഇവര്‍ക്കെതിരെ കേസില്ല, ഇവര്‍ പ്രതികളാവുന്നില്ല. പോലീസ് സ്റ്റേഷനു കളില്‍ അതിക്രമിച്ചു കയറി പാര്‍ട്ടി ക്രിമിനലുകളെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവങ്ങള്‍ നിരവധിയാണ്. ഒരേ കാര്യം സിപിഎമ്മുകാര്‍ ചെയ്യുമ്പോള്‍ ശരിയും ഗുണ്ടകള്‍ ചെയ്താല്‍ തെറ്റുമാവില്ലല്ലോ. ടി.പി. ചന്ദ്രശേഖരന്റെ വധത്തിലേതുപോലെ ഗുണ്ടകളെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന പാര്‍ട്ടിയുമാണ് സിപിഎം. നിയമവാഴ്ചയെ അംഗീകരിക്കാത്ത ഗുണ്ടകളുടെ ഭാഷയില്‍ സംസാരിക്കുന്നവരാണ് ബഹുഭൂരിപക്ഷം സിപിഎം നേതാക്കളും. മുഖ്യമന്ത്രി പിണറായി വിജയന് പോലും രാഷ്ട്രീയ പ്രതിയോഗികളെ വിരട്ടുന്നത് ഇങ്ങനെയാണല്ലോ. അടുത്തിടെയാണ് ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഒരു കെഎസ്ആര്‍ടിസി ഡ്രൈവറെ തലസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കാരിയായ മേയറും, എംഎല്‍എയായ അവരുടെ ഭര്‍ത്താവും ചേര്‍ന്ന് ഗുണ്ടാസ്റ്റൈലില്‍ ഭീഷണിപ്പെടുത്തിയത്. സിപിഎമ്മും സര്‍ക്കാരും ഇവര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഈ രാഷ്ട്രീയ സാഹചര്യത്തിന് മാറ്റം വരേണ്ടിയിരിക്കുന്നു. സിപിഎമ്മിന്റെ പോഷകസംഘടനയായി മാറിയിരിക്കുന്ന പോലീസ് നിയമം അനുശാസിക്കുന്ന ശക്തമായ നടപടികള്‍ എടുക്കണം. എങ്കില്‍ മാത്രമേ ഗുണ്ടാരാജില്‍നിന്ന് കേരളത്തിന് മോചനമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: