കൊച്ചി: കഴിഞ്ഞ ദിവസം വെളിച്ചത്തുവന്ന അവയവക്കച്ചവടത്തിന് ഭീകരരുമായി ബന്ധമുണ്ടോയെന്ന് സംശയം ശക്തം. ഈ സാഹചര്യത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. അവയവ കച്ചവടത്തിന് പുറമേ മനുഷ്യക്കടത്ത് സംബന്ധിച്ചും എന്‍ഐഎ അന്വേഷിക്കും.
അവയവക്കച്ചവടത്തിന് ഇരയായവര്‍ ഇറാനില്‍ നിന്ന് തിരിച്ചെത്തിയോയെന്നത് സ്ഥിരീകരിക്കാന്‍ നിലവിലുള്ള അന്വേഷണ സംഘത്തിനായിട്ടില്ല. അവയവക്കച്ചവട റാക്കറ്റില്‍പ്പെട്ടയാള്‍ നേരത്തേ മുംബൈയില്‍ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് മലയാളിയായ സബിത് നാസറിന്റെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിലാണ് സബിത് നാസറിനെ പിടികൂടിയത്.
പ്രതി 2019 മുതല്‍ റാക്കറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആദ്യം 20 ഇരകളുടെ പട്ടികയാണ് പ്രതി അന്വേഷണ സംഘത്തിന് നല്‍കിയതെങ്കിലും മുപ്പതോളം പേരെ കൊണ്ടുപോയതായി പിന്നീട് മൊഴി മാറ്റി. ഇരകള്‍ യുവാക്കളായതിനാല്‍ ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്നും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രതിയെ എന്‍ഐഎയും ഐബിയും ചോദ്യം ചെയ്തിരുന്നു.
അതിനിടെ അവയവക്കടത്തുകേസ് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തിന് രൂപം നല്കി. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘത്തിനാണ് രൂപം നല്‍കിയത്.
സബിത് ഉള്‍പ്പെട്ട രാജ്യാന്തര അവയവ റാക്കറ്റിന്റെ ഭാരതത്തിലെ കേന്ദ്രം ഹൈദരാബാദാണ്. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സബിത് നാസര്‍ പോലീസിനോട് സമ്മതിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുന്നതോടെ കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ സാധ്യതയേറി. സബിത് നാസര്‍ ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.
ഇയാളെ കണ്ടെത്തി പരാതിയില്‍ തുടര്‍ നടപടികള്‍ എടുക്കാനാണ് തീരുമാനം. പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനില്‍ എത്തിച്ചുവെന്ന് പ്രതി സബിത് നാസര്‍ പോലീസിനോട് സമ്മതിച്ചു. ഷമീറിനെ തേടി അന്വേഷണ സംഘം പാലക്കാട്ടെത്തിയിരുന്നു. എന്നാല്‍, പാസ്പോര്‍ട്ടുമായി ഇയാള്‍ ഒരു വര്‍ഷം മുമ്പു നാട് വിട്ടെന്നാണ് വിവരം. ഷമീര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന മൊഴിയും ലഭിച്ചു. ഇരകളായവര്‍ക്ക് നല്‍കിയത് ആറു ലക്ഷം രൂപ വരെയാണ്.
സബിത്തിനെ സഹായിച്ച വലപ്പാട് സ്വദേശിയായ മറ്റൊരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ കൊച്ചിയില്‍ സബിത്തിന്റെ റൂംമേറ്റായിരുന്നു. കേസിലെ അന്താരാഷ്ട്ര ബന്ധങ്ങള്‍ കണക്കിലെടുത്ത് സബിത്തിന്റെ കേരളത്തിലെ സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വ്യാജ ആധാറും മറ്റ് തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ച് കേരളത്തിലെത്തുന്ന ചില കുടിയേറ്റ തൊഴിലാളികളെ അവയവ ഇടപാടിനായി സബിത് ഇറാനിലേക്ക് റിക്രൂട്ട് ചെയ്തതായും പോലീസ് സംശയിക്കുന്നുണ്ട്.
അവയവക്കടത്തു കേസില്‍ ഇരയായ പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീര്‍ ബാങ്കോക്കിലെന്നു സൂചന. ഫേസ്ബുക്ക് വഴിയാണ് ഷമീര്‍ സുഹൃത്തുകളെ ബന്ധപ്പെട്ടിരുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ മന്‍സൂര്‍ മണലാഞ്ചേരി പറഞ്ഞു. ഷമീറിന്റെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെ സുഹൃത്തുക്കള്‍ ഫേസ്ബുക്കിലൂടെ മന്‍സൂറുമായി വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു.
ബാങ്കോക്കില്‍ ഷെമീറിനെ കണ്ടിരുന്നെന്നും എന്തിനാണ് വന്നതെന്നു വെളിപ്പെടുത്തിയില്ലെന്നുമാണ് അവര്‍ പറഞ്ഞത്. ഒരു വര്‍ഷം മുമ്പു വഴക്കിട്ട് പാസ്പോര്‍ട്ടും മറ്റു രേഖകളുമായി വീട്ടില്‍ നിന്നിറങ്ങിയ ഷമീറിനെക്കുറിച്ച് അറിവില്ലെന്നു മാതാപിതാക്കള്‍ പറഞ്ഞു. മൂന്നു വര്‍ഷം മുമ്പ് ഷമീര്‍ അവയവദാനത്തിനു ശ്രമിച്ചിരുന്നതായും, തങ്ങള്‍ എതിര്‍ത്തതിനാല്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: