തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളോട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിമുഖത. ഒന്നാം ക്ലാസ് പ്രവേശനത്തിലടക്കം കുട്ടികള്‍ കുറയുന്നു. പഠന രീതിയിലെ നിലവാരത്തകര്‍ച്ചയും ദേശീയ വിദ്യാഭ്യാസത്തോട് സംസ്ഥാന സര്‍ക്കാരിനുള്ള എതിര്‍പ്പുമാണ് സംസ്ഥാന സിലബസ് ഉപേക്ഷിക്കാന്‍ കാരണമെന്ന് വിദ്യാഭ്യാസ നിരീക്ഷകര്‍.
2022ല്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയവരെക്കാള്‍ കഴിഞ്ഞ വര്‍ഷം 10,164 കുട്ടികള്‍ കുറവായിരുന്നു. നിലവിലെ കണക്കനുസരിച്ച് ഇത്തവണ അതിലും കുറവാണ് കുട്ടികള്‍ പ്രവേശനത്തിനെത്തിയത്. കൂടാതെ മറ്റു ക്ലാസുകളിലും കാര്യമായ കുറവുണ്ട്. പത്താം ക്ലാസിലെ വിജയ ശതമാനം കൂടുതലാണെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ പൊതുവേ ആശങ്കയുണ്ട്.
എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്കു പോലും പ്ലസ് വണ്ണില്‍ പരാജയം നേരിടേണ്ടി വരുന്നു. ദേശീയ അടിസ്ഥാന പരീക്ഷകളില്‍ കേരളത്തിലെ സിലബസില്‍ നിന്നുള്ളവര്‍ ഏറെ പിന്നിലാകുന്നു. നീറ്റ് പരീക്ഷകളിലടക്കം കേരള സിലബസിലുള്ളവര്‍ക്കു മുന്നേറാനാകുന്നില്ല. ഇതാണ് കുട്ടികളെയും രക്ഷിതാക്കളെയും സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്ന് അകറ്റുന്നത്.
ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് ആറു വയസാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായ പരിധി. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്ര വിദ്യാലയങ്ങള്‍, മറ്റു സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ആറു വയസാക്കി. എന്നാല്‍ സംസ്ഥാനത്ത് ഈ വര്‍ഷവും അഞ്ചു വയസാണ്. കേരള സിലബസിലെ വിദ്യാര്‍ഥി പ്ലസ്ടു പാസാകുമ്പോള്‍ 17 വയസേ ആകൂ. എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലുള്ളവര്‍ 18 വയസിലാകും പ്ലസ്ടു പരീക്ഷ പാസാകുക. ദേശീയ പരീക്ഷകളുടെയെല്ലാം പ്രായ പരിധി 18 ആയി പുനര്‍ നിണര്‍യിക്കുമെന്ന് വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേരള സിലബസിലുള്ളവര്‍ പ്ലസ്ടു കഴിഞ്ഞുള്ള ദേശീയ പരീക്ഷകളെഴുതാന്‍ ഒരു വര്‍ഷം കാത്തിരിക്കണം.
കുട്ടികള്‍ക്കു ലഭിക്കേണ്ട വിദ്യാഭ്യാസ പ്രവര്‍ത്തന സമയം പോലും കേരളത്തില്‍ കുറവാണ്. ദേശീയ സിലബസില്‍ 260 അധ്യയന ദിവസങ്ങളാണുള്ളത്. സംസ്ഥാനത്ത് 200 ദിവസം പോലും പഠിക്കാനായിട്ടില്ല. കഴിഞ്ഞ വര്‍ഷം 188 ആയിരുന്നു. കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എന്‍സിഇആര്‍ടി സിലബസാണ് പഠിപ്പിക്കുന്നത്. പക്ഷേ എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിച്ച ആവര്‍ത്തനമുള്ള പാഠഭാഗങ്ങള്‍ എന്‍സിഇആര്‍ടി ഒഴിവാക്കിയെങ്കിലും സര്‍ക്കാരിന്റെ രാഷ്ട്രീയ താത്പര്യം കാരണം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പ്രധാന പരീക്ഷയില്‍ ഉള്‍പ്പെടുത്താതെ പഠിപ്പിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പഠന ഭാരം വര്‍ധിപ്പിക്കുന്നതല്ലാതെ കാര്യമായ പ്രയോജനമില്ല.
ഇതിനെല്ലാം പുറമേ സര്‍ക്കാര്‍ സ്കൂളുകളിലെ മിക്ക അദ്ധ്യാപകരുടെ മക്കളും മറ്റു സിലബസിലെ സ്കൂളുകളിലാണ് പഠിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: