കോട്ടയം: ഉച്ചനീചത്വങ്ങള്‍ക്കെതിരെ കാഹളമുയര്‍ന്ന വൈക്കം സത്യഗ്രഹത്തിന്റെ മണ്ണില്‍ ഹിന്ദു ഐക്യവേദിയുടെ 21-ാമത് സംസ്ഥാന സമ്മേളനത്തിന് വേദിയൊരുങ്ങുന്നു.
220ലധികം സമുദായ സംഘടനകളില്‍ നിന്നായി 350ല്‍ അധികം ഹൈന്ദവ നേതാക്കള്‍ പ്രതിനിധികളായെത്തുന്ന സമ്മേളനം ഹിന്ദുഐക്യത്തിന്റെ സന്ദേശം പകരും. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ വേളയിലാണ് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തിന് ഇതിഹാസ സമരഭൂമി വേദിയാകുന്നത്.
സമൂഹത്തില്‍ നിലനിന്നിരുന്ന തിന്മകള്‍ക്കെതിരെ എല്ലാ ജാതിവിഭാഗങ്ങളിലുംപെട്ട ജനങ്ങള്‍ ഒത്തുചേര്‍ന്ന നടത്തിയ ഹിന്ദുമുന്നേറ്റമായിരുന്നു 1924-25ല്‍ നടന്ന വൈക്കം സത്യഗ്രഹം. ഇതിന്റെ വിജയം സൃഷ്ടിച്ച അലയൊലികള്‍ രാജ്യമെമ്പാടും ഉണ്ടായി. വൈക്കം സത്യഗ്രഹം സമൂഹ്യനീതി ഉറപ്പാക്കാനുള്ള യജ്ഞമായിരുന്നു.
1865ല്‍ തിരുവിതാംകൂര്‍ ഭരണകൂടെ പൊതുവഴികള്‍ ജാതിഭേദമെന്യേ എല്ലാവര്‍ക്കും തുറന്നു നല്കിയെങ്കിലും വൈക്കം ക്ഷേത്ര മതിലിനു പുറത്തുണ്ടായിരുന്ന വഴികള്‍ അധസ്ഥിത ജനതയ്‌ക്കു മുമ്പില്‍ അടഞ്ഞു കിടന്നു. കല്പന പൂര്‍ണമായി നടപ്പായില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ വിജ്ഞാപനം 1884 ഏപ്രിലില്‍ പുനഃപ്രസിദ്ധീകരിച്ചു. തിരുവിതാംകൂര്‍ ഹൈക്കോടതിയുടെ കണ്ടെത്തല്‍ വിഭിന്നമായിരുന്നു. പൊതുവഴികളെ കോടതി രാജവീഥികളെന്നും ഗ്രാമവീഥികളെന്നും രണ്ടായി തിരിച്ചു. വൈക്കം ക്ഷേത്ര മതിലിനു പുറത്തെ വഴികള്‍ ഗ്രാമ വീഥികളെന്ന് കണ്ടെത്തി. രാജകീയ വിളംബരങ്ങള്‍ വൈക്കം ക്ഷേത്രമതിലിനു പുറത്തുള്ള വഴികള്‍ക്കു ബാധകമല്ല എന്നു വിധിച്ചു. ഈ വിധിയെ മറികടക്കാനുള്ള പോംവഴികളെക്കുറിച്ച് ഭരണാധികളാരും 65 വര്‍ഷം കാര്യമായി ചിന്തിച്ചതേയില്ല. അയിത്താചാരങ്ങളാല്‍ മൂടപ്പെട്ടതായിരുന്നു കേരളത്തിന്റെ സാമൂഹ്യ ചുറ്റുപാടുകള്‍.
അയിത്തത്തിന്റെ ഇരുള്‍ വീണ വഴികളില്‍ നവോത്ഥാന നായകര്‍ പകര്‍ന്ന വെളിച്ചത്തിലൂടെയാണ് കേരളം പില്‍ക്കാലം പുരോഗമിച്ചത്. ആ നവോത്ഥാനമുന്നേറ്റങ്ങളില്‍ ഐതിഹാസികവും ആവേശകരവുമായ മാറ്റം തീര്‍ത്തത് വൈക്കം സത്യഗ്രഹമായിരുന്നു. ജാതിയ്‌ക്കതീതമായ ഹിന്ദുസമാജത്തിന്റെ ഉണര്‍വായിരുന്നു അത്. നവോത്ഥാന സമരത്തിന്റെ പാതയിലൂടെ സമാജത്തെ ഉണര്‍ത്തി മുന്നോട്ടുപോകുന്ന ഹിന്ദുഐക്യവേദിയുടെ സംസ്ഥാനസമ്മേളനവും മുന്നോട്ടുവയ്‌ക്കുന്നത് ഇതേ സന്ദേശമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: