തിരുവനന്തപുരം: ഡയറ്റിലെ ശമ്പള പ്രതിസന്ധിയില്‍ വലഞ്ഞ് അധ്യാപകരും അനധ്യാപകരും. ഏപ്രിലിലെ ശമ്പളം നാളിതുവരെയായിട്ടും ലഭ്യമായിട്ടില്ല. മാര്‍ച്ചിലെ ശമ്പളം ലഭിച്ചത് 15നും.
ഡയറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് നല്കുന്നത്. കേന്ദ്രഫണ്ട് നേരത്തെ തന്നെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ചെലവഴിക്കല്‍ റിപ്പോര്‍ട്ട് കൃത്യമായി സംസ്ഥാനം നല്കിയിട്ടില്ല. ഈ തുക സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ധനകാര്യ മാനേജ്‌മെന്റ് പരാജയമാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. താഴ്ന്ന വരുമാനക്കാരായ ക്ലാസ് ഫോര്‍ ജീവനക്കാര്‍ അടക്കം 12 പേരും പ്രിന്‍സിപ്പല്‍ അടക്കം 15 അധ്യാപകരുമാണ് ഓരോ ഡയറ്റിലും ജോലി ചെയ്യുന്നത്.
ട്രഷറിയില്‍ കൊടുത്ത ബില്ലുകള്‍ തടയുന്നതിന് ധനകാര്യ വിഭാഗത്തിന്റെ നിര്‍ദേശം വന്നതിനാല്‍ ഓഫീസര്‍മാര്‍ ബില്ല് പാസാക്കുന്നില്ല. ഈ പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിച്ച് 14 ഡയറ്റുകളിലേയും ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ. പ്രകാശ് എന്നിവര്‍ വിദ്യാഭ്യാസ മന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക