ഝജ്ജാര്‍ (ഹരിയാന): ഒളിമ്പിക്സില്‍ മെഡല്‍ നേടാനുള്ള ഒരു അവസരവും പാഴാക്കില്ലെന്ന് 2024 പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ഷൂട്ടര്‍ മനു ഭേക്കര്‍. 2023-ല്‍ ചാങ്വോണില്‍ നടന്ന ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ അഞ്ചാമതായി ഫിനിഷ് ചെയ്തതിന് ശേഷമാണ് ഭേക്കര്‍ പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്.
‘ഇത് എന്റെ രണ്ടാമത്തെ ഒളിമ്പിക്സാണ്. ഇത്തവണ എന്റെ ഒരവസരവും വിട്ടുകൊടുക്കില്ല. കുടുംബത്തിന്റെ പിന്തുണ, നാടിന്റെ പ്രാര്‍ത്ഥന… ഇതെല്ലാം എന്നോടൊപ്പമുണ്ട്, മനു എഎന്‍ഐയോട് പറഞ്ഞു.
‘കഴിഞ്ഞ ഒളിമ്പിക്സില്‍ എനിക്ക് സംഭവിച്ചത് ഇക്കുറി ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഫലം എന്തുതന്നെയായാലും, ഇത്തവണ ഞാന്‍ എന്റെ തയ്യാറെടുപ്പിലും പ്രകടനത്തിലും ഒരു കുറവുമുണ്ടാകില്ല, എല്ലാ കഴിവും അതിനായി നല്‍കും. പാരീസില്‍, ഞാനത് ചെയ്യും. മൂന്ന് ഇവന്റുകളില്‍ പങ്കെടുക്കുന്നു, എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ, അവര്‍ കൂട്ടിച്ചേര്‍ത്തു.
ടോക്കിയോ 2020 ലെ കന്നി ഒളിമ്പിക്സ് മത്സരത്തില്‍, മനു ഭേക്കറിന് പങ്കെടുത്ത മൂന്ന് ഇനങ്ങളിലും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 25 മീറ്റര്‍ പിസ്റ്റള്‍, മിക്സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എന്നിവയിലായിരുന്നു മനു ഉന്നം പിടിച്ചത്.
ഹരിയാനയില്‍ നിന്ന് പരിശീലനത്തിന് ഷൂട്ടിങ് താരങ്ങള്‍ക്ക് ദല്‍ഹിയിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഹരിയാനയില്‍ മികച്ച ഷൂട്ടിങ് റേഞ്ചിനായി നടപടികള്‍ സ്വീകരിക്കണമെന്ന് ഭേക്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ടോപ്സ് പോലുള്ള പദ്ധതികള്‍ കായിക താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതാണ്. ഞാനും ഈ പദ്ധതിയുടെ ഭാഗമാണ്, മനു ചൂണ്ടിക്കാട്ടി.
ഭാരതം തിളങ്ങണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരും കളിക്കാരും അതിനായാണ് പരിശ്രമിക്കുന്നത്. നമ്മള് കുറഞ്ഞത് 15-20 മെഡലുകള്‍ നേടണം. ഓരോ കളിക്കാരും ഒരു മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തണം, അവര്‍ പറഞ്ഞു. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെ പാരീസിലാണ് സമ്മര്‍ ഒളിമ്പിക്സ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: