കൊച്ചി: മാനന്തവാടിയിലെ കല്ലോടി സെന്റ് ജോര്‍ജ് ഫൊറാന്‍ പള്ളിക്ക് 5.53 ഹെക്ടറിലധികം ഭൂമിക്ക് പട്ടയം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
സഭാ അധികാരികള്‍ നല്കിയ അപ്പീലില്‍ ചീഫ് ജസ്റ്റിസ് എ. ജെ. ദേശായി, ജസ്റ്റിസ് വി. ജി അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ബേസിക് ടാക്സ് രജിസ്റ്ററില്‍ വസ്തുവിന്റെ ഉടമസ്ഥാവകാശം തങ്ങളുടെ പേരില്‍ കാണിച്ചിട്ടുണ്ടെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും പള്ളി അധികാരികള്‍ വാദിച്ചു.
മൂന്ന് മാസത്തിനകം കൈയേറ്റം ഒഴിപ്പിക്കാനും അര്‍ഹരായ വ്യക്തികള്‍ക്ക് ഭൂമി വിതരണം ചെയ്യാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. പട്ടയം അനുവദിച്ച ഉത്തരവ് ചോദ്യം ചെയ്തുള്ള റിട്ട് ഹര്‍ജി പരിഗണിക്കവെ, ഹരജിക്കാര്‍ക്ക് വയനാട്ടിലെ കയ്യേറ്റ ഭൂമി നിലവിലെ വിപണി വിലയ്ക്ക് സര്‍ക്കാരില്‍ നിന്ന് വാങ്ങാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
വയനാട് ജില്ലയിലെ ഭൂരഹിത ആദിവാസി വിഭാഗത്തില്‍പ്പെട്ട റിട്ട് ഹര്‍ജിക്കാര്‍, റസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ക്കായുള്ള 6,000 അപേക്ഷകള്‍ സര്‍ക്കാര്‍ അവഗണിച്ചുവെന്നും പകരം ഭൂമി പള്ളിക്ക് അനുവദിച്ചുവെന്നും വ്യക്തമാക്കിയാണ് ഹര്‍ജി നല്‍കിയിരുന്നത്.
വയനാട്ടിലെ പള്ളിയും സ്കൂളും സെമിത്തേരിയും സ്ഥിതി ചെയ്യുന്ന 5.53 ഹെക്ടറിലധികം കൈയേറ്റ ഭൂമിയാണ് കല്ലോടി പള്ളിക്ക് നാമമാത്രമായ 200 രൂപയ്ക്ക് പട്ടയം അനുവദിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹര്‍ജി അനുവദിച്ചതിനെതിരായ അപ്പീലിലാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: